കൊച്ചി: ‘ഒരുത്തീ’ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍തകയ്ക്ക് നേരെ നടത്തിയ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് വിനായകന്‍. തന്റ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു വിനായകന്‍ ക്ഷമാപണക്കുറിപ്പ് പങ്കുവച്ചത്.
“നമസ്കാരം, ഒരുത്തീ സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ (ഒട്ടും വ്യക്തിപരമായിരുന്നില്ല) വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു,” വിനായകന്‍ കുറിച്ചു.
‘മീ ടൂ’ ആരോപണവുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള വിനായകന്റെ മറുപടിയായിരുന്നു വിവാദമായത്. “എന്താണ് മീ ടു? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണായി സെക്സ് ചെയ്യണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യണം? എന്റെ ലൈഫിൽ ഒരു പത്ത് സ്ത്രീകളുമായി താൻ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഈ പത്ത് സ്ത്രീകളോടും ഞാൻ തന്നെയാണ് ഫിസിക്കൽ റിലേഷനിൽ ഏർപ്പെടാൻ തയ്യാറാണോയെന്ന് ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടു എങ്കിൽ ഞാൻ ഇനിയും ചോദിക്കും. അവർക്ക് താത്പര്യമില്ലെങ്കിൽ അവർ നോ പറയും. എന്നോട് ഇതുവരെ ഒരു പെണ്ണും അത് ചോദിച്ചിട്ടില്ല,” എന്നായിരുന്നു വിനായകന്റെ വാക്കുകൾ.
ഇതിന് പിന്നാലെയായിരുന്നു മാധ്യമപ്രവർത്തകയ്ക്ക് നേരെ കൈ ചൂണ്ടിയുള്ള വിനായകന്റെ പരാമര്‍ശം “ആ പെണ്ണിനോട് സെക്സ് ചെയ്യണമെന്ന് തോന്നിയാൽ ഞാൻ ചോദിക്കും, അവർ നോ പറയുകയാണെങ്കിൽ ഓകെ,” വിനായകന്‍ പറഞ്ഞു. വിനായകന്റെ വാക്കുകള്‍ വൈറലായതോടെ പ്രതിഷേധവും കനത്തു. സാംസ്കാരിക രംഗത്തെ പ്രമുഖര്‍ വിനായകന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു.