നെഞ്ചു വേദനയെ തുടര്‍ന്ന് നടന്‍ വിക്രത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് വിക്രത്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
“നെഞ്ചുവേദനയെ തുടര്‍ന്ന് തമിഴ് നടന്‍ വിക്രത്തെ കാവേരി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നു. ഡോക്ടര്‍മാരുടെ വിദഗ്ധസംഘം അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണ്. അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായിട്ടില്ല. വിക്രത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഉടന്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്തേക്കും,” മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.
നേരത്തെ വിക്രത്തിന് ഹൃദയാഘാതം സംഭവിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ആരാധകര്‍ അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്ന് വിക്രത്തിന്റെ മാനേജര്‍ സൂര്യനാരായണന്‍ എം ട്വിറ്ററിലൂടെ അറിയിച്ചു.
“ചിയാൻ വിക്രമിന് നേരിയ നെഞ്ചുവേദനയുണ്ടായിരുന്നു. അതിനുള്ള ചികിത്സയാണ് നല്‍കുന്നത്. പല റിപ്പോര്‍ട്ടുകളിലും പറയുന്നതുപോലെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായിട്ടില്ല. ഇത്തരം അഭ്യൂഹങ്ങള്‍ വേദനയുണ്ടാക്കുന്നതാണ്. അദ്ദേഹത്തിന്റേയും കുടുംബത്തിന്റേയും സ്വകാര്യതയെ മാനിക്കണം. ചിയാൻ ഇപ്പോൾ സുഖമായിരിക്കുകയാണ്. ഒരു ദിവസത്തിനകം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജാകുമെന്നാണ് പ്രതീക്ഷ,” അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇന്ന് ചെന്നൈയില്‍ നടന്ന പൊന്നിയന്‍ സെല്‍വത്തിന്റെ ടീസര്‍ ലോഞ്ചില്‍ വിക്രവും പങ്കടുക്കേണ്ടതായിരുന്നു. രണ്ട് ഭാഗങ്ങളായി ഇറങ്ങുന്ന മണിരത്നം ചിത്രത്തില്‍ വിക്രം സുപ്രധാന വേഷമാണ് അവതരിപ്പിക്കുന്നത്. പൊന്നിയന്‍ സെല്‍വന്‍ ആദ്യ ഭാഗത്തിന് പുറമെ കോബ്ര എന്ന ചിത്രമാണ് വിക്രത്തിന്റേതായി റിലീസിനൊരുങ്ങിയിരിക്കുന്നത്.
ഈ വർഷം ആദ്യം ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്ത മഹാൻ ആണ് ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത വിക്രത്തിന്റെ ചിത്രം. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മകൻ ധ്രുവും വിക്രമിനൊപ്പം സ്ക്രീൻ പങ്കിട്ടു.