മഹേഷിന്‍റെ പ്രതികാരത്തിലെ ‘എന്താല്ലേ’ എന്ന ഒരൊറ്റ ഡയലോഗിലൂടെ തിയേറ്ററിൽ കൈയ്യടി നേടിയ താരമാണ് വിജിലേഷ് കാരയാട്. വരത്തനിലെ വിജിലേഷിന്റെ വേഷം കണ്ടവരെല്ലാം കണ്ടവരെല്ലാം ഒരുപോലെ പറഞ്ഞു, ഇവനിട്ട് ഒരെണ്ണം പൊട്ടിക്കണം. തീർത്തും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനാണ് വിജിലേഷ്. ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു വാർത്ത പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് താരം.

തന്റെ വിവാഹം ഉറപ്പിച്ചെന്നും വിവാഹ തീയതിയും മറ്റ് കാര്യങ്ങളും പിന്നീട് അറിയിക്കാമെന്നും അദ്ദേഹം പറയുന്നു. ഭാവി വധുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് വിവാഹ വാർത്ത പ്രേക്ഷകരെ അറിയിക്കുന്നത്.

മുൻപൊരിക്കൽ ജീവിതത്തിൽ ഒരു കൂട്ടുവേണം എന്ന് പറഞ്ഞ് ഫെയ്സ്ബുക്കിൽ വിജിലേഷ് പോസ്റ്റിട്ടിരുന്നു.

”ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന തോന്നൽ പതിവിലും ശക്തിയായി തെളിഞ്ഞു നിൽക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന /എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്.. വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ”. എന്നായിരുന്നു വിജിലേഷിന്റെ പോസ്റ്റ്.

പിന്നീട് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ, വീട്ടില്‍ നിന്നും വിവാഹത്തിന് നിര്‍ബന്ധം തുടങ്ങിയെന്നും ഫേസ്ബുക്ക് വഴിയാകുമ്പോള്‍ ഒരുപാട് പേര്‍ കാണുമല്ലോ അതുവഴി നല്ല ആലോചനകള്‍ വരുമെന്നാണ് പ്രതീക്ഷയെന്നും വിജിലേഷ് പറഞ്ഞിരുന്നു.

തന്‍റെ മേഖലയെ മനസിലാക്കുന്ന പെണ്‍കുട്ടിയാകണം. കലാബോധമുള്ള കുട്ടിയാണെങ്കില്‍ സന്തോഷമെന്നും അന്ന് വിജിലേഷ് പറഞ്ഞിരുന്നു. സിനിമയും അഭിനയവുമായി തിരക്കായതുകൊണ്ട് വിവാഹത്തെ പറ്റി ആലോചിക്കാന്‍ സമയം കിട്ടിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് വിജിലേഷ് സിനിമരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ഈ ചിത്രത്തിനുശേഷം ഗപ്പി,അലമാര,ചിപ്പി,വിമാനം തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തന്‍ എന്ന ചിത്രത്തിലെ ജിതിന്‍ എന്ന കഥാപാത്രം വിജിലേഷിന്റെ അഭിനയജീവിതത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook