തൃശ്ശൂര്‍:  വിജയ്‌ നായകനായ ‘സര്‍ക്കാര്‍’ കേരളത്തിലും വിവാദമായി. കേരളത്തില്‍ വ്യാപകമായി പതിച്ച പോസ്റ്ററില്‍ പുകവലിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനാല്‍ ആരോഗ്യ വകുപ്പാണ് നടനും നിര്‍മ്മാതാവിനും സംവിധായകനുമെതിരെ സ്വമേധയാ കേസ് എടുത്തിരിക്കുന്നത്. തൃശ്ശൂരിലെ തിയേറ്ററുകളിലും പുറത്തും പ്രദര്‍ശിപ്പിച്ചിരുന്ന പോസ്റ്ററുകള്‍ ആരോഗ്യവകുപ്പ് പിടിച്ചെടുക്കുകയും ചെയ്തു.

നിയമപ്രകാരമുളള മുന്നറിയിപ്പ് പോലും പോസ്റ്ററുകളില്‍ കാണിച്ചില്ലെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. തൃശൂര്‍ ജില്ലാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ തിയേറ്ററുകളിലും പരിസര പ്രദേശങ്ങളിലും നിരീക്ഷണം നടത്തി. ഇതിന് ശേഷമാണ് പോസ്റ്ററുകള്‍ നിയമപ്രകാരമല്ല പതിച്ചതെന്ന് തിരിച്ചറിഞ്ഞത്.

പുകയില നിരോധന നിയമപ്രകാരം എടുത്ത കേസില്‍ നടന്‍ വിജയ് ആണ് ഒന്നാം പ്രതി. വിതരണക്കമ്പനിയായ കോട്ടയം സായൂജ്യം സിനിമ റീലീസ് രണ്ടാം പ്രതിയും നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് മൂന്നാം പ്രതിയും ആണ്. ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഇവര്‍ക്കെതിരായ ശിക്ഷ കോടതി വിധിക്കുമെന്ന് തൃശ്ശൂര്‍ ഡിഎംഒ പറഞ്ഞു. രണ്ട് വര്‍ഷം വരെ തടവും ആയിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് വിജയ്‌ക്കും മറ്റുളളവര്‍ക്കും എതിരെ എടുത്തിരിക്കുന്നത്.

വിവാദ രംഗങ്ങളെ തുടര്‍ന്ന് തമിഴ്നാട്ടില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അപ്രിയത്തിന് ‘സര്‍ക്കാര്‍’ പാത്രമായിട്ടുണ്ട്. പല തിയേറ്ററുകളിലും എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പ്രദര്‍ശനം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ചിത്രത്തിലെ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികളെ കുറിച്ച് പരാമര്‍ശിക്കുന്ന രംഗം നീക്കം ചെയ്തെങ്കിലും പ്രതിഷേധം അവസാനിച്ചിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ