യുണിസെഫിന്റെ സെലിബ്രിറ്റി അഡ്വക്കേറ്റ് ആയി തെന്നിന്ത്യന്‍ താരം തൃഷ കൃഷ്ണനെ തിരഞ്ഞെടുത്തു. കൗമാരപ്രായത്തിലും യൗവനത്തിലുമെത്തിയ കുട്ടികള്‍ക്കു വേണ്ടിയായിരിക്കും തൃഷ വാദിക്കുകയെന്ന് യുണിസെഫിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ കുട്ടികളുടെ ആരോഗ്യ സംബന്ധമായ വിഷയങ്ങള്‍, ബാല വിവാഹം, ബാലവേല, ചൂഷണം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനാണ് തൃഷയെ തിരഞ്ഞെടുത്തിരിക്കുന്നത്. കുടുംബത്തിനകത്തും പുറത്തും കുട്ടികള്‍ നേരിടുന്ന അവകാശ ലംഘനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താനും പ്രശ്‌നങ്ങളെ അവതരിപ്പിക്കാനുമുള്ള പ്രാപ്തി തൃഷയ്ക്കുണ്ടെന്ന് കേരള, തമിഴ്‌നാട് യുണിസെഫ് തലവന്‍ ജോബ് സക്കറിയ പറഞ്ഞു.

ഇതിനു പുറമെ കൗമാരക്കാരായ കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലും, പെണ്‍കുട്ടികള്‍ കുടംബത്തിനകത്തും പുറത്തും നേരിടുന്ന പ്രശ്‌നങ്ങളിലും തൃഷയുടെ മേല്‍നോട്ടം ഉണ്ടാകും.

ദക്ഷിണേന്ത്യയില്‍ നിന്നും യുണിസെഫിന്റെ അഡ്വക്കേറ്റ് ആയി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ സിനിമ താരമാണ് തൃഷ. കേരളത്തിലെയും തമിഴ്‌നാട്ടിലെയും കൗമാരക്കാരായ കുട്ടികളില്‍ വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, കുട്ടികളുടെ സുരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ അവബോധമുണര്‍ത്താനായി താന്‍ പ്രവര്‍ത്തിക്കുമെന്ന് തൃഷ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook