കോഴിക്കോട്: സിനിമാ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പൊള്ളലേറ്റു. എടക്കാട് ബറ്റാലിയൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം. കോഴിക്കോടാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. നാല് വശത്തും തീ ഉപയോഗിച്ച് ചിത്രീകരിക്കുന്ന രംഗത്തിനിടയിൽ ആയിരുന്നു ടൊവിനോയ്ക്ക് പൊള്ളലേറ്റത്. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകൻ പറഞ്ഞെങ്കിലും വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നു. സംവിധായകൻ കട്ട് പറഞ്ഞെങ്കിലും സംഘട്ടനരംഗം പൂർത്തിയാക്കി പിൻവാങ്ങുന്നതിനിടെ നടന്‍റെ ശരീരത്തിൽ തീ പിടിക്കുകയായിരുന്നു. ഇതിന്റെ രംഗങ്ങള്‍ നിര്‍മ്മാതാവായ സാന്ദ്രാ തോമസ് പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും നിസ്സാരമായ പരുക്കുകളാണ് താരത്തിന്‍റേതെന്നും സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചു. പരിക്കേറ്റ നടന് ഉടൻതന്നെ വൈദ്യസഹായം നൽകി. നവാഗതനായ സ്വപ്‌നേഷ് കെ. നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയൻ 06.

Read More: സിനിമയുടെ പേരില്‍, സിനിമയ്ക്ക് വേണ്ടി

തീവണ്ടിക്ക് ശേഷം ടൊവിനോ തോമസും സംയുക്താ മേനോനും ജോടികളായി എത്തുന്ന സിനിമയുടെ തിരക്കഥ നടനും സംവിധായകനുമായ പി.ബാലചന്ദ്രന്‍റേതാണ്. റൂബി ഫിലിംസ് ആൻഡ്‌ കാർണിവൽ മോഷൻ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook