മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിലൊരാളാണ് തിലകൻ. തലമുറകൾ എത്ര പിന്നിട്ടാലും തിലകനെന്ന നടൻ ജന്മമേകിയ കഥാപാത്രങ്ങൾ വാഴ്ത്തപ്പെടുകയും ചർച്ചയ്ക്കു കാരണമാവുകയും ചെയ്യും. തിലകൻെറ വഴി പിന്തുടർന്ന് മക്കളായ ഷമ്മി തിലകനും, ഷോബി തിലകനും സിനിമ മേഖലയിലെത്തി. അഭിനയത്തിൽ മാത്രമല്ല ഡബ്ബിങ്ങിലും ഇരുവരും തങ്ങളുടെ സാന്നിധ്യം അറിയിച്ചു. തിലകൻെറ ഗാംഭീര്യമുളള ശബ്ദം മക്കൾക്കും കിട്ടിയിട്ടുണ്ട്. വില്ലൻ വേഷങ്ങൾ ചെയ്ത് ഇപ്പോൾ ക്യാരക്റ്റർ റോളുകളിലും തമാശ റോളുകളിലും എത്തി നിൽക്കുകയാണ് ഷമ്മി തിലകൻ. സോഷ്യൽ മീഡിയയിൽ വളരെ കൗതുകമുളള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ ഷമ്മി.
കൊച്ചി സ്വദേശിയായ ആരാധകൻ ഷമ്മിയ്ക്കു ഒരു ചിത്രം സമ്മാനിച്ചിരിക്കുകയാണ്. അച്ഛൻ തിലകനും, മകൻ അഭിനമന്യൂ തിലകനുമൊപ്പം ഷമ്മി നിൽക്കുന്ന ചിത്രമാണ് ആരാധകൻ നൽകിയത്. സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായ ഡിജിറ്റൽ ആർട്ടിലൂടെ കലാകാരനായ ഗിരിശങ്കറാണ് ഇതു വരച്ച്. ‘തിലകൻെറ കുടുംബത്തിനായി’ എന്ന അടിക്കുറിപ്പോടെയാണ് ഗിരിശങ്കർ ചിത്രം പങ്കുവച്ചത്. ‘നമ്മൾ ഒന്നും നൽകിയില്ലെങ്കിലും നമുക്ക് സ്നേഹ സമ്മാനങ്ങൾ വാരിക്കോരി തരുന്ന ചിലരെങ്കിലും ഉണ്ടാകും…!അവരാണ് നമ്മുടെ പ്രിയപ്പെട്ടവർ..! ‘എന്ന് കുറിച്ചു കൊണ്ട് ഷമ്മി തിലകനും ചിത്രം തൻെറ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.
പി ജെ ആൻറണിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘പെരിയാർ’ എന്ന ചിത്രത്തിലൂടെയാണ് തിലകൻെറ സിനിമാജീവിതം ആരംഭിക്കുന്നത്. പിന്നീട് ‘ഉൾകടൽ’, ‘യവനിക’, ‘ഋതുഭേദം’, ‘സന്താനഗോപാലം’, ‘ഗമനം’, ‘പെരുന്തച്ഛൻ’, ‘കിരീടം’, ‘മൃഗയ’, ‘നാടോടികാറ്റ്’, ‘ചെങ്കോൽ’, ‘സ്ഫടികം’, ‘മീനത്തിൽ താലികെട്ട്’, ‘മയിൽപീലികാവ്’, ‘ചിന്താവിഷ്ടയായ ശ്യാമള’ തുടങ്ങി അവനധി ചിത്രങ്ങളിൽ തിലകൻ അഭിനയിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ ചലച്ചിത്ര ലോകത്തും തിലകൻ തൻെറ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2012 ൽ ‘സീൻ ഒന്ന് നമ്മുടെ വീട്’ എന്ന ചിത്രത്തിൻെറ ഷൂട്ടിങ്ങിനിടെ തളർന്നു വീണ തിലകനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് 2012 സെപ്തംബർ 24 നു മരണമടയുകയും ചെയ്തു.