കോഴിക്കോട്: നടനും നാടക ആചാര്യനുമായി വിക്രമൻ നായർ (78) അന്തരിച്ചു. തിങ്കളാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. നാടക രംഗത്ത് നടനായും സംവിധായകനായും ആറര പതിറ്റാണ്ടോളം നിറഞ്ഞുനിന്ന വ്യക്തിത്വമാണ് വിക്രമൻ നായരുടേത്. സിനിമയ്ക്ക് ഒപ്പം സീരിയൽ രംഗത്തും സജീവമായിരുന്നു.
16 വയസ്സുമുതൽ കോഴിക്കോട്ടെ കലാസാംസ്കാരിക ലോകത്ത് സജീവമാണ് വിക്രമൻ നായർ. കെ.ടി. മുഹമ്മദ്, തിക്കോടിയൻ എന്നിവരോടൊപ്പം നിരവധി നാടകങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 10,000-ത്തിലധികം വേദികളിൽ വിക്രമൻ നായർ നാടം അവതരിപ്പിച്ചിട്ടുണ്ട്. ഏതാണ്ട് ഇരുനൂറോളം നാടകങ്ങളിൽ അഭിനയിച്ചു. സംഗമം, സ്റ്റേജ് ഇന്ത്യ എന്നീ നാടക ട്രൂപ്പുകളിലും പ്രവർത്തിച്ചു. ‘മഹാഭാരതം’ എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്.
മരക്കാർ: അറബിക്കടലിന്റെ സിംഹം, വൈറസ്, പാലേരി മാണിക്യം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.