തമിഴകത്തിന്റെ സൂപ്പർസ്റ്റാറുകളായ രജനീകാന്തും കമൽഹാസനുമൊക്കെ തങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുമ്പോൾ, വേറിട്ടൊരു ലക്ഷ്യത്തിനു പിന്നാലെയായിരുന്നു തമിഴകത്തിന്റെ സ്വന്തം ‘തല’ അജിത്. സെപ്റ്റംബറിൽ ഓസ്ട്രേലിയയിലെ ക്യൂൻസ്‌ലാൻഡിൽ നടക്കുന്ന മെഡിക്കൽ എക്സ്പ്രസ് 2018 ന്റെ യുഎവി ചലഞ്ചിൽ പങ്കെടുക്കാൻ ഒരുങ്ങുന്ന എംഐടി വിദ്യാർത്ഥികൾക്ക് ഒരു യുഎവി നിർമ്മിക്കാൻ വേണ്ട മാർഗ്ഗനിർദേശം നൽകുകയെന്ന ഉദ്യമത്തിലായിരുന്നു കഴിഞ്ഞ മേയ് മുതൽ ഈ സൂപ്പര്‍ സ്റ്റാര്‍.

റെയ്സ് കാറുകളും ബൈക്കുകളും ഓടിക്കാൻ ഇഷ്ടപ്പെടുന്ന അജിത് സ്കൂൾകാലം മുതൽ തന്നെ എയ്റോ മോഡലിങ്ങിലും തൽപ്പരനാണ്. റിമോട്ട് കൺട്രോൾ വെഹിക്കിളുകളുടെ ഡിസൈനിങ്ങും ഓപ്പറേഷനും പാഷനായി കൊണ്ടു നടക്കുന്ന അജിത്തിനെ തന്നെ എംഐടി ‘ദക്ഷ’ ടീമിന് നിർദേശങ്ങൾ നൽകാനായി മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) അധികൃതർ നിയമിക്കുകയായിരുന്നു. ഹെലികോപ്റ്റർ ടെസ്റ്റ് പൈലറ്റ്, യുഎവി (അന്റമാൻഡ് ഏരിയൽ വെഹിക്കിൾ) സിസ്റ്റം അഡ്വൈസർ എന്നീ പദവികളാണ് എംഐടി അധികൃതർ നൽകിയത്. ഓരോ വിസിറ്റിനും 1000 രൂപ ശമ്പളവും നിശ്ചയിച്ചു. എന്നാൽ, ഈ പണവും എംഐടിയിലെ പാവപ്പെട്ട കുട്ടികളുടെ വിദ്യഭ്യാസ ആവശ്യങ്ങൾക്കായി നൽകുകയാണ് താരം ചെയ്തത്.

‘ദക്ഷ’ ടീമും അജിത്തും ചേർന്നൊരുക്കിയ യുഎവി ലോഞ്ചിങ്ങിന് തയ്യാറായിരിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ എംഐടിയിൽ നിന്നും പുറത്തുവരുന്നത്. കഴിഞ്ഞ മേയ് മാസത്തിലാണ് ദക്ഷ ടീം അവരുടെ പ്രൊജക്റ്റ് ആരംഭിക്കുന്നത്.

ഒരു ലാബിൽ നിന്നും പുറപ്പെടുന്ന ഡ്രോൺ 30 കിലോമീറ്ററോളം പറന്ന് ഉൾപ്രദേശങ്ങളിലോ പ്രളയത്തിലോ അകപ്പെട്ടു പോയ ഒരു രോഗിയുടെ ബ്ലഡ് സാമ്പിൾ ശേഖരിച്ച് തിരിച്ചെത്തണം. യുഎവി ചലഞ്ചു പ്രകാരം മത്സരത്തിൽ പങ്കെടുക്കുന്ന ഡ്രോണുകൾക്ക് മുന്നിലുള്ള ടാസ്ക് ഇതാണ്. ആ ചലഞ്ച് ഏറ്റെടുക്കാൻ ശേഷിയുള്ള ഡ്രോണുകളാണ് ഇപ്പോൾ അജിത്തിന്റെ നേതൃത്വത്തിൽ ദക്ഷ ടീം നിർമ്മിച്ചിരിക്കുന്നത്.

‘തല’യുടെ തലയിൽ ഉദിച്ച യുഎവി ഐഡിയകൾക്ക് മെഡിക്കൽ എക്സ്പ്രസ് 2018 ൽ വിജയിക്കാൻ സാധിക്കുമോ എന്ന ആകാംക്ഷയിലാണ് എംഐടി.

Thala Ajith Daksha team getting ready for the Australian Medical Express 2018

ഈ ഉദ്യമത്തിനു ശേഷം, ശിരുതായ് ശിവ സംവിധാനവും സത്യജ്യോതി ഫിലിംസ് നിർമ്മാണവും നിർവ്വഹിക്കുന്ന ‘വിശ്വാസം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജോലികൾ തുടങ്ങാനുള്ള തിരക്കിലാണ് അജിത്. നയൻതാര, റോബോ ശങ്കർ, യോഗി ബാബു​ എന്നിവരും ഈ സിനിമയിൽ അജിത്തിനൊപ്പം അണിനിരക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook