താരങ്ങളുടെ മൃഗസ്നേഹം ബോളിവുഡിലും കോളിവുഡിലുമൊക്കെ പ്രശസ്തമാണല്ലോ. മൃഗസ്നേഹിയും ബ്ലൂ ക്രോസ്സിന്റെ സജീവപ്രവർത്തകയുമായ അമല അക്കിനേനിയുടെയും വളർത്തുപൂച്ചയെ ജീവനായി കാണുന്ന ആലിയ ഭട്ടിന്റെയുമൊക്കെ മൃഗസ്നേഹത്തെ കുറിച്ചുള്ള നിരവധി കഥകൾ നമ്മൾ മുൻപും കേട്ടിട്ടുണ്ട്. ഇപ്പോഴിതാ, തമന്ന ഭാട്ടിയയും മൃഗസ്നേഹം കൊണ്ട് വാർത്തയിലിടം നേടുകയാണ്. അഞ്ചു വയസ്സ് പ്രായമുള്ള തന്റെ വളർത്തുനായയ്ക്ക് വേണ്ടി വെജിറ്റേറിയൻ ആവുകയാണ് തമന്ന.

“ഞാനൊരു വലിയ മൃഗസ്നേഹിയാണ്.​​​ അതുപോലെ തന്നെ ഭക്ഷണപ്രിയയുമാണ്. നോൺ വെജിറ്റേറിയൻ ഭക്ഷണശീലങ്ങൾ ഒഴിവാക്കുക എന്നത് എന്നെ സംബന്ധിച്ച് ഏറെ വെല്ലുവിളി ഉയർത്തുന്ന കാര്യമാണ്. എന്നിരുന്നാലും കഴിഞ്ഞ മാസമാണ് അത്തരമൊരു ഉറച്ച തീരുമാനം എടുക്കേണ്ടി വന്നത്. എന്റെ പ്രിയപ്പെട്ട വളർത്തുനായ പെബിളിന് ഗുരുതരമായ അസുഖം വന്ന്, ശരീരം തളർന്നുപോയി. അവൻ ഞങ്ങൾക്ക് വെറുമൊരു നായ്‌ക്കുട്ടി മാത്രമല്ലായിരുന്നു, ഒരു കുടുംബാംഗം തന്നെയാണ്. അവനുമായി വല്ലാത്തൊരു അടുപ്പം തന്നെയുണ്ടെനിക്ക്. ആ അവസ്ഥ കണ്ടപ്പോൾ വേദന തോന്നി, ജീവിതത്തിൽ​ എനിക്കേറെ പ്രിയപ്പെട്ട എന്തെങ്കിലും അവനു വേണ്ടി ത്യജിക്കണമെന്നു തോന്നി. ബോധപൂർവ്വമായ ഒരു തീരുമാനം തന്നെയാണ് ഇത്,” തമന്ന പറയുന്നു.

“മത്സ്യ-മാംസാഹാരങ്ങൾ ഇഷ്ടപ്പെടുന്ന ഒരു സാധാരണ സിന്ധി ഫാമിലിയിലാണ് ഞാൻ വളർന്നത്. അതുകൊണ്ട് തന്നെ നോൺവെജ് ഉപേക്ഷിക്കുക അത്ര എളുപ്പമല്ല. എനിക്ക് നോൺവെജിനോട് കൊതി ഇല്ലാഞ്ഞിട്ടല്ല, പക്ഷേ മനക്കരുത്തുണ്ടെങ്കിൽ ആ കൊതിയേയും അതിജീവിക്കാനാവും. നമ്മൾ എന്തു കഴിക്കുന്നോ അതാണ് നമ്മൾ എന്നു പറയാറില്ലേ, ഏറെ പ്രധാനമാണത്,” തമന്ന കൂട്ടിച്ചേർക്കുന്നു.

ഇതോടെ അമിതാഭ് ബച്ചൻ, ആമിർ ഖാൻ, അനുഷ്ക, രേഖ, കിരൺ റാവു, വിദ്യുത് ജമ്‌വാൽ, കങ്കണ റണാവത്ത്, വിദ്യാ ബാലൻ, മല്ലികാ ഷെറാവത്ത് തുടങ്ങിയ സെലിബ്രിറ്റികൾ അംഗമായ ബോളിവുഡിലെ വെജിറ്റേറിയനിസ്റ്റുകളുടെ പട്ടികയിലിടം നേടുകയാണ് തമന്നയും.

‘ക്വീനി’ന്റെ തെലുങ്ക് റിമേക്ക് ചിത്രം, ‘സെയ് റാ നരസിംഹ റെഡ്ഡി’, ‘കണ്ണൈ കലൈമാനെ’, ‘എഫ്2 ഫൺ ആന്റ് ഫ്രസ്‌റ്റേറ്റിങ്’ തുടങ്ങിയ ചിത്രങ്ങളിൽ​ അഭിനയിച്ചുവരികയാണ് താരം. കുനാൽ കോഹ്‌ലി സംവിധാനം നിർവ്വഹിച്ച തെലുങ്കു ചിത്രമാണ് ഉടനെ തിയേറ്ററുകളിൽ എത്താനുള്ള ചിത്രം. കഴിഞ്ഞ വർഷം ഷൂട്ടിങ് പൂർത്തിയായ ഈ ചിത്രത്തിൽ സുദീപ് കിഷനാണ് തമന്നയുടെ നായകൻ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ