ബോളിവുഡിനൊപ്പം തമിഴിലും തെലുങ്കിലും മലയാളത്തിലുമൊക്കെ അഭിനയിക്കുന്ന, മുഖ്യധാരാ സിനിമകളിലും സമാന്തര സിനിമകളിലും ഒരേ സമയം ശ്രദ്ധേയയാകുന്ന താരമാണ് തബു. ‘കാലാപാനി’, ‘രാക്കിളിപ്പാട്ട്’, ‘കവർ സ്റ്റോറി’, ‘ഉറുമി’ എന്നിങ്ങനെ നാലു മലയാള ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും മലയാളികളുടെ പ്രിയ നായികമാരുടെ പട്ടികയിൽ എന്നും തബുവിന് സവിശേഷമായൊരിടം തന്നെയുണ്ട്.

തബസും ഫാത്തിമ ഹാശ്മി എന്ന ഹൈദരാബാദി പെൺകുട്ടിയെ മലയാളികൾക്ക് പരിചയപ്പെടുത്തുന്നത് സംവിധായകൻ പ്രിയദർശനാണ്. മലയാള സിനിമാ ചരിത്രത്തിലെ പ്രധാന ചിത്രങ്ങളില്‍ ഒന്നായ ‘കാലാപാനി’യിൽ പാർവ്വതി എന്ന മോഹന്‍ലാലിന്‍റെ നായികയായി തബു എത്തിയപ്പോൾ മലയാളികൾ ആ പെൺകുട്ടിയെ ഹൃദയത്തോടു ചേർത്തു.

പിന്നീടങ്ങോട്ട് നിരവധി പ്രിയദർശൻ ചിത്രങ്ങളുടെ ഭാഗമായി തബു പ്രവർത്തിച്ചു.   ദേശീയ അന്തര്‍ ദേശീയ പുരസ്കാരങ്ങള്‍ നേടുന്ന മികച്ച അഭിനേത്രിയായി.  ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ ‘അന്ധാ ധുന്‍’ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുന്നതോടൊപ്പം തബുവിന്റെ അഭിനയ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരെടായി കൂടി മാറുകയാണ്.  ‘അന്ധാധൂനി’ന്റെ വിജയവുമായി ബന്ധപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിനിടെ, തന്നെ സിനിമയുമായി ഇഴപിരിയാത്ത ബന്ധത്തെക്കുറിച്ച് തബു മനസ്സ് തുറന്നു.  ആദ്യ കാലങ്ങളില്‍ സിനിമ എന്ന മാധ്യമത്തോട് വലിയ താത്പര്യമുണ്ടായിരുന്നില്ല എന്നും സിനിമകൾ ആസ്വദിച്ചു ചെയ്യാൻ തുടങ്ങിയത് മൂന്നു സംവിധായകര്‍ക്കൊപ്പം അഭിനയിച്ചു തുടങ്ങിയതിനു ശേഷമാണ് എന്നും താരം വെളിപ്പെടുത്തി.

Bollywood Actor Tabu

Bollywood Actor Tabu

” ഗുൽസാർ സാബ് , പ്രിയൻ, മണി രത്നം, എന്നിവർക്കൊപ്പം വർക്ക് ചെയ്തു തുടങ്ങിയതിൽ പിന്നെയാണ് സിനിമകൾ ആസ്വദിച്ചു തുടങ്ങിയത്. പ്രത്യേകിച്ചും അത് സംഭവിച്ചത് ‘മാച്ചീസ്’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ്. അഭിനയം വളരെ എളുപ്പമാണെന്ന ഒരു തോന്നൽ സമ്മാനിച്ചത് എനിക്ക് പിതൃതുല്യനായ ഗുൽസാർ സാബ് ആണ്.​ ആ ചിത്രത്തിന് ദേശീയ പുരസ്കാരം കിട്ടിയപ്പോഴും ഞാനൊന്നും ചെയ്തില്ലല്ലോ, എന്നിട്ടും ദേശീയ പുരസ്കാരം ലഭിച്ചു എന്നതായിരുന്നു ഫീൽ. പെർഫോമിംഗ് ആർട്ടെന്നത് നമ്മളെ തന്നെ സ്വയം കണ്ടെത്താൻ സഹായിക്കുന്ന ഒരു ടൂളാണെന്ന് ഞാൻ കരുതുന്നു”, തബു പറഞ്ഞു.

Read More: മലയാളത്തിലേക്ക് ഡോള്‍ബി എത്തിച്ച ‘കാലാപാനി’

‘കാലാപാനി’യ്ക്കു ശേഷം പ്രിയദർശന്റെ സ്ത്രീ കേന്ദ്രീകൃത ചിത്രമായ ‘രാക്കിളിപ്പാട്ടി’ലും  തബു അഭിനയിച്ചു. ‘വിരാസത്’, ‘ഹേരാഫേരി’, ‘സ്നേഹിതിയേ’ തുടങ്ങിയ പ്രിയദർശൻ ചിത്രങ്ങളിലും തബു തന്നെയായിരുന്നു നായിക.  തബുവിന്റെ കരിയറിലെ മികച്ചതും ശ്രദ്ധേയവുമായ ചിത്രങ്ങളുടെ സംവിധായകരുടെ ലിസ്റ്റെടുത്താൽ അതിൽ പ്രിയദർശന്റെയും പേരു കാണും.

മോഹൻലാൽ, മമ്മൂട്ടി , സുരേഷ് ഗോപി,  പൃഥിരാജ് തുടങ്ങിയ മലയാളത്തിലെ സൂപ്പർ താരങ്ങളോടൊപ്പമെല്ലാം തബു അഭിനയിച്ചു. രാജീവ് മേനോന്റെ ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു മമ്മൂട്ടി ചിത്രത്തിൽ തബു ഭാഗമായത്. ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി ഐശ്വര്യാറായ് എത്തിയപ്പോൾ അജിത്തിന്റെ നായികയായാണ് തബു സ്ക്രീനിലെത്തിയത്.

Read more: പതിനെട്ട്‌ തികയ്ക്കുന്ന സുന്ദരികളും സുന്ദരന്മാരും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook