തമിഴ് നടന്‍ സൂര്യയെ കുള്ളനെന്ന് വിളിച്ച് സണ്‍ മ്യൂസിക്. ചാനലിലെ ലൈവ് പരിപാടിക്കിടെ രണ്ടു വനിതാ അവതാരകരാണ് താരത്തിന് ഉയരം കുറവാണെന്ന പരിഹാസം നടത്തിയത്. സൂര്യയെ നായകനാക്കി കെ.വി.ആനന്ദ് സംവിധാനം ചെയ്യാന്‍ പോകുന്ന പുതിയ ചിത്രത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

സൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്നും എന്നാല്‍ ബിഗ് ബിക്കൊപ്പം നില്‍ക്കണമെങ്കില്‍ സൂര്യയ്ക്ക് ഒരു സ്റ്റൂള്‍ ആവശ്യമായി വരുമെന്നും അനുഷ്‌ക നായികയായാല്‍ താരത്തിന് ഹീല്‍സ് ഉപയോഗിക്കേണ്ടി വരുമെന്നും അവതാരകര്‍ പറഞ്ഞു.

വിഷയത്തില്‍ സൂര്യയുടെ ആരാധകര്‍ ചാനലിനെതിരെ ശക്തമായ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഒപ്പം തനിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശമുന്നയിച്ച ചാനലിനെതിരെ സൂര്യ നിയമനടപടി സ്വീകരിച്ചെന്നും വക്കീല്‍ നോട്ടീസ് അയച്ചെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇതിനു പുറമെ നടനും നടികര്‍ സംഘത്തിന്റെ സെക്രട്ടറിയുമായ വിശാലും ചാനലിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. തമാശയുടെ പേരും പറഞ്ഞ് ഒരാളെ ഇത്തരത്തില്‍ ആക്ഷേപിക്കുന്നത് തീര്‍ത്തും അധാര്‍മ്മികമാണെന്ന് വിശാല്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു.

ഒരു പ്രശസ്ത ചാനലില്‍ നിന്നും അധിക്ഷേപകരമായ ഒരു സംഭവം വന്നത് പ്രതിക്ഷേധാര്‍ഹമാണെന്ന് നിര്‍മ്മാതാവും സിനിമാ നിരൂപകനുമായ ധനഞ്ജയന്‍ ഗോവിന്ദന്‍ പ്രതികരിച്ചു. ചരിത്രം തന്നെ പരിശോധിച്ചു നോക്കിയാല്‍ മഹാനായ നെപ്പോളിയന് പൊക്കമുണ്ടായിരുന്നോ എന്നു ചോദിച്ച അദ്ദേഹം ഈ പ്രോഗ്രാം വീഡിയോ ചാനല്‍ പെട്ടെന്ന് തന്നെ നീക്കം ചെയ്യണമെന്നും പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ