മിഥുൻ ചക്രവർത്തിയുടെ കടുത്ത ആരാധകനായ ഡിസ്കോ ബാബു എന്ന കഥാപാത്രത്തെ ‘പൊറിഞ്ചു മറിയം ജോസ്’ കണ്ടിറങ്ങുന്ന ആർക്കും അത്ര പെട്ടെന്ന് മറക്കാനാവില്ല. ചെമ്പൻ വിനോദ് അവതരിപ്പിക്കുന്ന ചേട്ടൻ കഥാപാത്രത്തോട് വഴക്കിട്ടും കളിയാക്കിയും ചിരി പടർത്തിയും ഒടുവിൽ കണ്ണുനനയിച്ചും പ്രേക്ഷകരുടെ ഇഷ്ടം കവരുകയാണ് ഡിസ്കോ ബാബു. സുധി കോപ്പയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അഭിമുഖത്തിനായി വിളിക്കുമ്പോൾ ‘പൊറിഞ്ചു മറിയം ജോസ്’ കണ്ട് വിളിക്കുന്നവരുടെ അഭിനന്ദന പ്രവാഹങ്ങൾക്ക് ഇടയിൽ ആയിരുന്നു സുധി കോപ്പ.
“സിനിമയും കഥാപാത്രവുമൊക്കെ ഇഷ്ടപ്പെട്ടു എന്നു പറഞ്ഞ് ഒരുപാട് പേര് വിളിക്കുന്നുണ്ട്. എന്നെ സംബന്ധിച്ച് വളരെ സന്തോഷം നൽകുന്ന കാര്യമാണ് ഇതൊക്കെ. ജോഷി സാറിന്റെ പടത്തിൽ നിന്നും വിളി വന്നപ്പോൾ തന്നെ ഞാൻ സന്തോഷവാനായിരുന്നു. കാരണം പത്ത് വർഷം മുൻപ് അദ്ദേഹത്തിന്റെ ‘റോബിൻ ഹുഡി’ലും വേറെ ചില ചിത്രങ്ങളിലും ഞാൻ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. എന്നെ കൊണ്ട് ആദ്യമായി ഡബ്ബ് ചെയ്യിക്കുന്നതും ജോഷി സാറാണ്. ‘പൊറിഞ്ചു മറിയം ജോസി’ലെ ക്യാരക്ടർ റോളിനു വേണ്ടിയാണ് വിളിക്കുന്നത് എന്നറിഞ്ഞപ്പോൾ അതൊരു ഭാഗ്യമായാണ് തോന്നിയത്. മലയാളസിനിമയിൽ കയ്യൊപ്പു ചാർത്തിയ മെയിൻ സ്ട്രീം സംവിധായകനാണ്, പല ആർട്ടിസ്റ്റുകളുടെയും പെർഫോമൻസ് കണ്ട ആളാണ്. അദ്ദേഹത്തിനു മുൻപിൽ ആർട്ടിസ്റ്റുകളുടെ ക്യൂവാണ്. അങ്ങനെ ഒരാൾ വിളിക്കുമ്പോൾ എന്റെ ലൈഫിൽ ഇനിയിതു പോലെ ഒരവസരം കിട്ടുമോ എന്നെനിക്ക് അറിയില്ല. വേറെ ഒന്നും നോക്കാതെ, മറ്റെല്ലാ പരിപാടികളും മാറ്റിവച്ച് ഞാൻ ഓകെ പറയുകയായിരുന്നു,” സുധി കോപ്പ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
പൊതുവേ ഡാൻസ് ചെയ്യാൻ പേടിയുണ്ടെങ്കിലും കഥാപാത്രത്തിനു വേണ്ടി ആ പേടിയൊക്കെ മാറ്റിവെച്ചും വർക്ക് ഔട്ട് ചെയ്തുമൊക്കെയാണ് സുധി കോപ്പ ലൊക്കേഷനിലെത്തിയത്. “എനിക്ക് ഡാൻസൊന്നും വലിയ പിടുത്തമില്ല, പേടിയുമാണ് ചെയ്യാൻ. എന്നാലും കഴിയാവുന്ന രീതിയിലൊക്കെ ബുദ്ധിമുട്ടി വർക്ക് ചെയ്തു. തടി കുറച്ചു, നമ്മളെ തേടിയെത്തിയ നല്ലൊരു അവസരം ഉത്തരവാദിത്വത്തോടെ ചെയ്യണം എന്നേ ഉണ്ടായിരുന്നുള്ളൂ, നന്നാക്കാൻ വേണ്ടി പരമാവധി പരിശ്രമിച്ചു. എന്നെ പോലെയുള്ള ഒരു നടന് ഈ കഥാപാത്രം ഒരു വെല്ലുവിളി തന്നെയായിരുന്നു.”
ചിത്രത്തിലെ വൈകാരിക സീനുകളിൽ സുധി കോപ്പ കാഴ്ച വച്ച പ്രകടനമാണ് ‘പൊറിഞ്ചു മറിയം ജോസ്’ കണ്ടിറങ്ങുന്ന പ്രേക്ഷകരെ കൂടുതൽ സ്പർശിക്കുന്നത്. “ചെമ്പൻ ചെയ്ത ജോസ് എന്ന കഥാപാത്രത്തോടുള്ള ഇഷ്ടമാണ് എന്റെ കഥാപാത്രത്തിനോടും ആളുകൾക്ക് തോന്നുന്നത്,” സുധി പറയുന്നു.
“ഞാൻ അടക്കമുള്ള സിനിമാപ്രേമികൾക്ക് കാശ് കൊടുത്ത് പേടിക്കാനും വിഷമിക്കാനും ഒക്കെ വളരെ ഇഷ്ടമാണ്. വൈകാരികത കൂടിയ ആളുകളാണ് നമ്മൾ. ജീവിതത്തിൽ വിഷമങ്ങൾ ഇഷ്ടമില്ലെങ്കിലും സിനിമയിൽ വൈകാരികതയുള്ള സീനുകളൊക്കെ കാണാൻ നമുക്കിഷ്ടമാണ്. ‘ആകാശദൂത്’ എന്ന പടം തന്നെ ഉദാഹരണം, മലയാളികളെ കരയിപ്പിച്ച് നൂറുദിവസം തിയേറ്ററുകളിൽ ഓടിയ പടമാണത്. കരയിപ്പിക്കും എന്നറിഞ്ഞിട്ടും ഇപ്പോഴും നമ്മൾ ആ സിനിമ കണ്ട് കണ്ണ് നിറയ്ക്കാറില്ലേ?” സുധി ചോദിക്കുന്നു.
അഭിനയമോഹവുമായി സിനിമയ്ക്കു പിന്നാലെ അലഞ്ഞ സുധി കോപ്പയുടെ അരങ്ങേറ്റം ‘സാഗർ ഏലിയാസ് ജാക്കി’ എന്ന ചിത്രത്തിലൂടെയായിരുന്നു. “സിനിമ എന്നും എന്റെ പാഷനാണ്, നല്ല കഥാപാത്രങ്ങൾ എപ്പോഴത്തെയും സ്വപ്നവും. സിനിമയെ സംബന്ധിക്കുന്ന കാര്യങ്ങളാണ് ഇപ്പോഴും എനിക്കേറെ ആവേശം നൽകുന്നത്. പോകുന്നവഴി ഒരു ഷൂട്ടിംഗ് കണ്ടാൽ, അതേതു പടമാണെന്ന് ഒന്ന് അന്വേഷിക്കാതെ പോവാൻ ഇപ്പോഴും കഴിയാറില്ല.”
‘സാഗർ ഏലിയാസ് ജാക്കി’യ്ക്ക് ശേഷം നിരവധി ചിത്രങ്ങളിൽ ചെറിയ സീനുകളിൽ വന്നു പോയ സുധിയുടെ കരിയർ മാറുന്നത് ആമേൻ എന്ന ചിത്രത്തിനു ശേഷമായിരുന്നു. “മലയാളസിനിമയിലെ തന്നെ ഒരു പ്രധാനപ്പെട്ട പടം. മികച്ചൊരു ടീം. പടവും കയറി അങ്ങ് ഹിറ്റായി. ‘ആമേൻ’ എന്നെ സംബന്ധിച്ച് വെറും ലോട്ടറിയായിരുന്നില്ല, ബംബർ തന്നെയായിരുന്നു,” സുധി കോപ്പ ഓർക്കുന്നു.
“ആമേനു ശേഷം ധാരാളം ക്യാരക്ടർ റോളുകൾ തേടിയെത്താൻ തുടങ്ങി. ആട്, പെപ്പിൻ ചുവട്ടിലെ പ്രണയം, ഉദാഹരണം സുജാത, സപ്തമശ്രീ തസ്കര, യു റ്റൂ ബ്രൂട്ടസ്, ഡാർവിന്റെ പരിണാമം, അനുരാഗ കരിക്കിൻ വെള്ളം, അലമാര, ജോസഫ്, സത്യം പറഞ്ഞാൽ വിശ്വസിക്കുവോ തുടങ്ങി കുറേ സിനിമകളിൽ നല്ല കഥാപാത്രങ്ങളെ കിട്ടി.”
ഓരോ ചിത്രങ്ങളിലും തീർത്തും വ്യത്യസ്തമായ ലുക്കിലെത്തി അത്ഭുതപ്പെടുത്തുന്ന നടൻ കൂടിയാണ് സുധി കോപ്പ. എല്ലാം ഒരാൾ തന്നെയാണോ എന്നു പലപ്പോഴും സംശയം തോന്നുന്നത്രയും വ്യത്യസ്തമായ ലുക്കുകളിലെത്തുന്ന സുധിയെ ‘മലയാളത്തിലെ ജോണി ഡെപ്പ്’ എന്നാണ് സിനിമാപ്രേമികൾ വിശേഷിപ്പിക്കുന്നത്.
“ഞാൻ മനപൂർവ്വം ലുക്കിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതൊന്നുമല്ല. ഒരു പടം കഴിഞ്ഞ് ഉടനെ അടുത്ത പടത്തിൽ അഭിനയിക്കുന്ന ആർട്ടിസ്റ്റൊന്നുമല്ല ഞാൻ. എനിക്ക് അത്രയ്ക്ക് തിരക്കോ അവസരങ്ങളോ ഒന്നുമില്ല. ഒരുപടം കഴിഞ്ഞ് പിന്നെ മറ്റൊരു സിനിമ വരുന്നതു വരെ വലിയ ഗ്യാപ്പ് ഒക്കെ ഉണ്ടാവാറുണ്ട്. ആ സമയത്ത് നിരാശനായി ഇരുന്ന് താടിയൊക്കെ വളരുന്നതാണ്. പക്ഷേ ആളുകൾ വിചാരിക്കുന്നത്, ഇവൻ ഭയങ്കര മേക്ക് ഓവറൊക്കെ നടത്തിയാണ് വരുന്നതെന്നാണ്. സത്യത്തിൽ, നമ്മുടെ കഷ്ടപ്പാടുകൾ കൊണ്ടും സ്വഭാവികമായും ഉണ്ടാകുന്ന മാറ്റങ്ങളാണ്. ഈ അടുത്താണ് ആളുകൾ എന്നെ തിരിച്ചറിയാൻ തുടങ്ങിയത്. ”
“പിന്നെ കഥാപാത്രത്തിന് വേണ്ടി സംവിധായകർ പറയുന്ന കാര്യങ്ങളൊക്കെ ചെയ്യാറുണ്ട്; ‘ആടി’നു വേണ്ടി മിഥുൻ പറഞ്ഞിട്ടാണ് താടി വെച്ചത്. ‘ജോസഫി’ൽ പൊലീസുകാരനാണല്ലോ, അതുകൊണ്ട് മുടിയൊക്കെ അതിനു ചേരും വിധം വെട്ടി. ‘പൊറിഞ്ചു മറിയം ജോസി’ലെ ഡിസ്കോ ബാബു മിഥുൻ ചക്രവർത്തി ഫാനാണ്. അതാണ് മീശയെടുത്ത്, ഹെയർസ്റ്റൈൽ ഒക്കെ ഇങ്ങനെയാക്കിയത്. ഇതിലൊക്കെ ഞാൻ കാണുന്ന ഒരു ഗുണം, അഭിനയത്തിൽ ചേഞ്ച് കൊണ്ടുവരാൻ പറ്റിയില്ലെങ്കിലും ലുക്കിൽ കൊണ്ടുവന്ന് അഡ്ജസ്റ്റ് ചെയ്തു പോവുമല്ലോ എന്നാണ്.” ചിരിയോടെ സുധി പറയുന്നു.
പള്ളുരുത്തി സ്വദേശിയാണ് സുധി. ഭാര്യയും മൂന്നാം ക്ലാസ്സുകാരനായ മകനും അടങ്ങുന്ന കുടുംബം. സ്വന്തം നാടിനോടുള്ള പ്രണയമാണ് പേരിനൊപ്പമുള്ള വാൽ. “കൊച്ചി- പള്ളിരുത്തി എന്നതു ചുരുക്കി കോപ്പ എന്ന് പേരിനൊപ്പം ചേർത്തത് ഒരു തമാശയ്ക്ക് വേണ്ടിയായിരുന്നു. എന്നാൽ ഇപ്പോൾ അതങ്ങ് രജിസ്റ്ററായി.”
സിനിമയുമായി ബന്ധപ്പെട്ട ഓരോ മുഹൂർത്തങ്ങൾക്കും ജീവിതത്തിൽ ഏറെ പ്രാധാന്യം കൊടുക്കുന്ന നടനാണ് സുധി കോപ്പ. അഭിനയജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ നിമിഷമേത് എന്ന ചോദ്യത്തിന് സുധി നൽകിയ ഉത്തരത്തിലുണ്ടായിരുന്നു സിനിമയോട് ഈ ചെറുപ്പക്കാരനുള്ള ഇഷ്ടവും ആരാധനയുമത്രയും.
“ആദ്യ സിനിമയായ ‘സാഗർ ഏലിയാസ് ജാക്കി’ യിലേക്ക് എന്നെ തെരെഞ്ഞെടുത്തു എന്നു പറഞ്ഞു വിളിച്ചതു മുതൽ, ഇപ്പോൾ നിങ്ങൾ ഈ അഭിമുഖത്തിന് എന്നെ വിളിക്കുന്നതുവരെ- എനിക്ക് സിനിമ തന്ന സന്തോഷങ്ങളാണ്. ഞാൻ സിനിമയെ ആഗ്രഹിച്ചു, അതെനിക്ക് ലഭിക്കുകയും ചെയ്തു. എനിക്കേറെയിഷ്ടമുള്ള ജോലിയാണ് ഞാനിപ്പോൾ ചെയ്യുന്നത്. സിനിമയെന്ന മാധ്യമത്തിന്റെ പോപ്പുലാരിറ്റിയാണ് ഞങ്ങൾക്കെല്ലാവർക്കും കിട്ടുന്ന സ്നേഹം. നമ്മളേക്കാളും അഭിനയിക്കുന്ന, കഴിവുള്ള എത്രയോ പേർ നാടകത്തിലുണ്ട്. പക്ഷേ സിനിമയ്ക്ക് അതിന്റേതായൊരു സ്വാധീനമുണ്ട്. സിനിമയ്ക്ക് ആരെയും വേണ്ട, നമുക്കാണ് സിനിമയെ വേണ്ടത്. അതുകൊണ്ട് തേടിയെത്തുന്ന കഥാപാത്രങ്ങളെ നന്നായി അവതരിപ്പിക്കാൻ ശ്രമിക്കുക മാത്രമാണ് ചെയ്യുന്നത്,” സുധി കോപ്പ പറഞ്ഞു നിർത്തി.
Read more: Porinju Mariyam Jose: ആരാണ് കാട്ടാളൻ പൊറിഞ്ചു മറിയം?: ജോജു പറയുന്നു