വരന്റെ വേഷം അണിഞ്ഞുളള ഒരു ഫോട്ടോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത് ഇത്രയും പൊല്ലാപ്പാവുമെന്ന് നടൻ ശ്രീകുമാർ കരുതിയില്ല. ‘എല്ലാം വളരെ പെട്ടെന്നായിരുന്നു ആരെയും അറിയിക്കാന്‍ പറ്റിയില്ല’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഇതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. ചിത്രം കണ്ടവർ ശ്രീകുമാറിന്റെ വിവാഹം കഴിഞ്ഞുവെന്ന് കരുതി താരത്തിന് ആശംസകൾ നേരാൻ തുടങ്ങി. ചിലർ ഫോണിലൂടെ താരത്തിന് ആശംസകൾ നേർന്നു. ആശംസകൾ കൊണ്ട് പൊറുതി മുട്ടിയതോടെ തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്ന് അറിയിച്ച് ശ്രീകുമാർ നേരിട്ട് രംഗത്തെത്തി.

എന്റെ കല്യാണം കഴിഞ്ഞത് ജീവിതത്തിലല്ലെന്നും സിനിമയിലാണെന്നും ശ്രീകുമാർ ഫെയ്സ്ബുക്കിൽ എഴുതി. ‘പന്ത്’ തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രമാണത്. എന്റെ കല്യാണം ഏറെ പ്രിയപ്പെട്ടരായ നിങ്ങളെ ഒക്കെ അറിയിക്കാതെ നടത്തുമോ എന്നും ശ്രീകുമാർ ഫെയ്സ്ബുക്ക് പോസ്റ്റിൽ ചോദിച്ചിട്ടുണ്ട്.

മിനിസ്ക്രീനിലൂടെയാണ് ശ്രീകുമാർ സിനിമയിലെത്തുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസ് ചിത്രമാണ് ശ്രീകുമാറിന് വഴിത്തിരിവായത്. ചിത്രത്തിലെ ശ്രീകുമാറിന്റെ വില്ലൻ വേഷം ഏറെ ശ്രദ്ധ നേടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ