തമിഴകത്തിന്റെ പ്രിയതാരമാണ് നടൻ സിമ്പു. ഗായകൻ എന്ന രീതിയിലും ശ്രദ്ധ നേടിയുള്ള ആളാണ് സിലംബരസൻ എന്ന സിമ്പു. തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകനും അഭിനേതാവും ഛായാഗ്രഹകനുമായ ടി രാജേന്ദർ, നിർമാതാവായ ഉഷ രാജേന്ദർ എന്നിവരുടെ മകനാണ്. സിമ്പുവിന്റെ കുട്ടിക്കാലചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
അച്ഛൻ രാജേന്ദറിന്റെ നിരവധി ചിത്രങ്ങളിൽ സിമ്പു ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. അച്ഛൻ സംവിധാനം ചെയ്യുകയും അമ്മ നിർമ്മിക്കുകയും ചെയ്ത 2002ൽ പുറത്തിറങ്ങിയ റൊമാന്റിക് ആക്ഷൻ ചിത്രമായ ‘കാതൽ അഴിവത്തില്ലയ്’ എന്ന ചിത്രത്തിലൂടെയായിരുന്നു നായകനായി സിമ്പു അരങ്ങേറ്റം കുറിച്ചത്. 90-ലധികം ഗാനങ്ങളും സിന്ധു ഇതിനോടകം തമിഴ് സിനിമകളിൽ ആലപിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം പുറത്തിറങ്ങിയ ‘മാനാട്’ ആണ് ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിമ്പു ചിത്രം.

വിണ്ണൈത്താണ്ടി വരുവായാ പോലുള്ള ചിത്രങ്ങൾ സിമ്പുവിന് നേടി കൊടുത്ത ജനപ്രീതിയേറെയാണ്. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം തമിഴകത്തെ ഒരു കൾട്ട് ക്ലാസിക് ആയാണ് കണക്കാക്കുന്നത്.

തമിഴ് നാട് സർക്കാരിന്റെ കലൈമണി പുരസ്കാരവും വേൽസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഹോണററി ഡോക്ടറേറ്റുമടക്കം നിരവധി അവാർഡുകൾ സിമ്പു നേടിയിട്ടുണ്ട്.