തമിഴ് സിനിമാ നടന്‍ ചിമ്പുവിന്റെ വിവാഹ വാര്‍ത്തയെ കുറിച്ച് പലപ്പോഴും ഊഹാപോഹങ്ങള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വിവാദങ്ങള്‍ ചിമ്പുവിനെ വിട്ടൊഴിയാതായിട്ട് കുറച്ചായി. ഒടുവിലിതാ വിവാഹത്തെ സംബന്ധിച്ച വിവാദങ്ങള്‍ക്ക് ചിമ്പു തന്നെ വിരാമമിടുന്നു.

തന്റെ വിവാഹത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമെല്ലാം പുറത്തു വരുന്ന വാര്‍ത്തകള്‍ വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നും അതിലൊന്നും യാതൊരു കഴമ്പുമില്ലെന്നും ചിമ്പു വ്യക്തമാക്കുന്നു. വാര്‍ത്താ കുറിപ്പിലൂടെയാണ് ചിമ്പു ഇക്കാര്യം പറഞ്ഞത്.

അടുത്തിടെയായിരുന്നു അദ്ദേഹത്തിന്റെ സഹോദരന്‍ കുരലരസന്‍ തന്റെ കാമുകി നബീല ആര്‍ അഹമ്മദിനെ വിവാഹം കഴിച്ചത്. കുരലരസന്റെ വിവാഹത്തിന് ശേഷം എല്ലാ കണ്ണുകളും ചിമ്പുവിന്റെ നേര്‍ക്കായിരുന്നു. എന്നാല്‍ നിലവില്‍ തനിക്ക് വിഹാഹം കഴിക്കാന്‍ യാതൊരു ഉദ്ദേശവും ഇല്ലെന്നാണ് ചിമ്പു പറയുന്നത്.

“പുതിയ ബന്ധങ്ങളാലും കൂടുതൽ സ്നേഹത്താലും എന്റെ കുടുംബം ഇപ്പോൾ കുറച്ചുകൂടി വലുതായി. അതെനിക്ക് ഏറെ സന്തോഷം തരുന്നുണ്ട്. എന്റെ സഹോദരനും സഹോദരിയും സ്വന്തം കുടുംബമായി കഴിയുന്നത് കാണുമ്പോഴും ഞാന്‍ സന്തോഷിക്കുന്നു. മാധ്യമങ്ങളടക്കമുള്ളവര്‍ അവര്‍ക്ക് അനുഗ്രഹാശിസ്സുകളുമായെത്തി. അതേ സമയം എന്റെ ജീവിതം വീണ്ടും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നു. വിവാഹത്തെച്ചുറ്റിപ്പറ്റിയാണ് പുതിയ അപവാദപ്രചരണങ്ങള്‍. ഇപ്പോള്‍ വിവാഹിതനാകാന്‍ തീരുമാനിച്ചിട്ടില്ലെന്നു അറിയിക്കട്ടെ. അതു സമയമാകുമ്പോള്‍ അറിയിക്കേണ്ട രീതിയില്‍ തന്നെ അറിയിക്കും,” എന്നായിരുന്നു വിവാഹത്തെ കുറിച്ചുള്ള വാർത്തകളോട് ചിമ്പുവിന്റെ പ്രതികരണം.

Read More: തമിഴ് നടൻ ചിമ്പുവിന്റെ സഹോദരൻ ഇസ്ലാം മതം സ്വീകരിച്ചു

തന്റെ ഭാവി ചിത്രങ്ങളെ കുറിച്ചുള്ള ഗോസിപ്പുകളോടും ചിമ്പു പ്രതികരിച്ചു. താന്‍ പല സംവിധായകരുമായും ചര്‍ച്ച നടത്തിയിരുന്നു എന്നും എന്നാല്‍ ഇതുവരെ ഒന്നും തീരുമാനമായില്ലെന്നും ചിമ്പു പറഞ്ഞു.

“പല നിര്‍മ്മാതാക്കളെയും സംവിധായകരെയും നേരില്‍പോയി കണ്ടിട്ടുണ്ട്. അതു പക്ഷേ അവരുമൊത്തു പുതിയൊരു സിനിമ ചെയ്യണമെന്ന ഉദ്ദേശത്തില്‍ മാത്രമായിരിക്കില്ല. ഇത്തരം കൂടിക്കാഴ്ച്ചകള്‍ക്കു പിന്നാലെയാണ് വാര്‍ത്തകള്‍ ജനിക്കുന്നത്. പിന്നീട് ആ പ്രൊജക്ടുകളുടെ ഭാഗമായി എന്നെ കാണാത്തപ്പോള്‍ ഫാന്‍സ് അടക്കമുള്ളവര്‍ നിരാശരാകുന്നു. കഴിഞ്ഞ കുറച്ചു കാലമായി ഇതാണ് നടക്കുന്നത്. എന്റെ പുതിയ പ്രൊജക്ടുകളേതൊക്കെയെന്ന് അതാത് സിനിമാനിര്‍മ്മാണ കമ്പനികള്‍ തന്നെ അറിയിക്കുമെന്നും ഈ അവസരത്തില്‍ പറയുന്നു.”

തന്റെ ഇതുവരെയുള്ള അഭിനയ ജീവിതത്തിൽ മാധ്യമങ്ങൾ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും അതിനാൽ താൻ എന്നും മാധ്യമങ്ങളോട് കടപ്പെട്ടവനാണെന്നും ചിമ്പു പറയുന്നു.

“എന്നെ സഹോദരനായും സ്വന്തം മകനായുമെല്ലാം കണക്കാക്കുന്ന ഒട്ടനവധി കുടുംബങ്ങളില്‍ ഒരാളാവാന്‍ കഴിഞ്ഞതും അവര്‍ കാരണമാണ്. ജീവിതത്തില്‍ പ്രതിസന്ധിഘട്ടങ്ങളിലൂടെ നെടുംതൂണായി നിന്നവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. എന്നെ ഞാനാക്കിയ സിനിമയിലെ ഓരോരുത്തരോടും കഴിവുകളെ വളര്‍ത്തിയെടുക്കാന്‍, തെറ്റു തിരുത്തി വീണ്ടും പരിശ്രമിക്കാന്‍ കെല്പു തന്നവരോടൊക്കെ ഞാന്‍ കടപ്പെട്ടിരിക്കുന്നു,” ചിമ്പു വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook