യുവനടന്മാരിൽ ശ്രദ്ധേയനായ നടനാണ് സിജു വിത്സൺ. തനിക്കും ഭാര്യ ഭാര്യ ശ്രുതി വിജയനും ഒരു മകൾ ജനിച്ച സന്തോഷം പങ്കുവയ്ക്കുകയാണ് താരമിപ്പോൾ. ഇന്നലെ രാത്രിയാണ് സിജുവിനും ശ്രുതിയ്ക്കും ഒരു മകൾ പിറന്നത്.
“ഞങ്ങളുടെ പ്രിയപ്പെട്ട പെൺകുട്ടി എത്തിയ കാര്യം സന്തോഷത്തോടെ അറിയിക്കുന്നു. ഞങ്ങൾക്ക് ഇന്നലെ മെയ് 17ന് കാറ്റിനും പേമാരിയുടെയും കൂടെ മുംബൈയിൽ വച്ചു ഒരു പെൺകുഞ്ഞു ജനിച്ചു, പ്രകൃതിയ്ക്ക് നന്ദി,” എന്നാണ് സിജു കുറിക്കുന്നത്.
നടൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ വ്യക്തിയാണ് സിജു. നേരം, പ്രേമം, ഹാപ്പി വെഡ്ഡിംഗ്, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ആദി, നീയും ഞാനും, മറിയം വന്നു വിളക്കൂതി, വരനെ ആവശ്യമുണ്ട് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ അഭിനയമാണ് സിജു കാഴ്ച വച്ചത്,
മികച്ച ചിത്രത്തിനുള്ള സംസ്ഥാനപുരസ്കാരം ലഭിച്ച വാസന്തിയുടെ നിർമ്മാതാവും സിജു വിത്സൺ ആണ്. ചിത്രത്തിൽ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയും സിജു അവതരിപ്പിച്ചു.
Read more: എന്തു പണീം ചെയ്യും സാറേ; പുരികം ത്രെഡ് ചെയ്തും പാചകം ചെയ്തും സിജു വിത്സൺ
വിനയൻ സംവിധാനം ചെയ്യുന്ന ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്ന ചരിത്രസിനിമയിലെ നായകകഥാപാത്രത്തെ അവതരിപ്പിക്കുകയാണ് സിജു ഇപ്പോൾ. പുതുമുഖം കയാദു ലോഹർ ആണ് നായിക. ആറാട്ടുപ്പുഴ വേലായുധ പണിക്കർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സിജു അവതരിപ്പിക്കുന്നത്.