നടൻ മോഹൻലാലിനെക്കുറിച്ച് പറയാൻ അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്ക് ഒട്ടേറെ അനുഭവങ്ങളുണ്ടാകും. അത്തരത്തിൽ തനിക്കുണ്ടായ അനുഭവം വീണ്ടും ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് നടൻ സിദ്ദിഖ്. മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ സാധിച്ചുതരുന്നതിലൂടെയാണ് ലാല്‍ സന്തോഷം കണ്ടെത്തുന്നതെന്നും അത് എന്നോട് മാത്രമല്ല അദ്ദേഹത്തിന്റെ എന്റെ സഹപ്രവര്‍ത്തകര്‍ക്കും ഇങ്ങനെ പങ്കുവയ്ക്കാന്‍ നൂറ് നൂറ് അനുഭവങ്ങള്‍ ഉണ്ടാകുമെന്നും സിദ്ദിഖ് പറയുന്നു.

Read More: ‘ആ നിമിഷം എന്റെ കണ്ണുകള്‍ നിറഞ്ഞു; ഞാന്‍ ഒരു ഉരുളകൂട്ടി ലാലിന്റെ വായിലേക്ക് വച്ചുകൊടുത്തു’: സിദ്ദിഖ്

ലാലിന്റെ അമ്മയെക്കുറിച്ചും സിദ്ദിഖ് പോസ്റ്റിൽ വിവരിക്കുന്നുണ്ട്. എല്ലാവരേയും സ്‌നേഹിക്കാന്‍ മാത്രമേ ലാലിന്റെ അമ്മയ്ക്ക് അറിയൂ. ആ അമ്മയില്‍ നിന്നാകും ലാല്‍ സ്‌നേഹത്തിന്റെ മാധുര്യം നുകര്‍ന്നതെന്നും അതുതന്നെയാണ് അദ്ദേഹം മറ്റുള്ളവര്‍ക്കായി പകര്‍ന്നു കൊടുത്തുകൊണ്ടിരിക്കുന്നതെന്നും സിദ്ദിഖിന്റെ വാക്കുകൾ.

സിദ്ദിഖിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഒരിക്കല്‍ ഒരു സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഞാന്‍ തിരുവനന്തപുരത്തുണ്ടായിരുന്ന സമയം.
ലാല്‍ എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചു.
ആ വീട്ടില്‍ ചെന്നുകയറിയപ്പോഴാണ് മനസ്സിലായത് ലാലിന് എന്തുകൊണ്ട് ഇത്ര സ്‌നേഹസമ്പന്നനാകാന്‍ കഴിയുന്നു എന്ന്.
അതിന് കാരണം ലാലിന്റെ അമ്മയാണ്.
എല്ലാവരേയും സ്‌നേഹിക്കാന്‍ മാത്രമേ ആ അമ്മയ്ക്ക് അറിയുമായിരുന്നുള്ളൂ.
ആ അമ്മയില്‍ നിന്നാകും ലാല്‍ സ്‌നേഹത്തിന്റെ മാധുര്യം നുകര്‍ന്നത്.
അതുതന്നെയാണ് അദ്ദേഹം മറ്റുള്ളവര്‍ക്കായി പകര്‍ന്നു കൊടുത്തുകൊണ്ടിരിക്കുന്നതും.
നരന്റെ ഷൂട്ടിങ് നടക്കുന്ന സമയം.
ലാലിന്റെ അച്ഛന്‍ അന്ന് സുഖമില്ലാതെയിരിക്കുകയാണ്. ലാല്‍ എല്ലാ ദിവസവും അച്ഛന് ഫോണ്‍ ചെയ്യും.
സ്വന്തം മകനോടെന്നപോലെയാണ് ലാല്‍ അച്ഛനോട് സംസാരിക്കുന്നത്.
‘അച്ഛാ കാപ്പി കുടിച്ചോ?’
എനിക്കറിയാം, അച്ഛന് അള്‍ഷൈമേഴ്‌സാണെന്ന്.
ലാല്‍ പറയുന്നതൊക്കെ അദ്ദേഹത്തിന് മനസ്സിലാകുന്നുണ്ടോ ആവോ..??
പക്ഷേ ലാലിന് അതൊന്നും ഒരു പ്രശ്‌നമായിരുന്നില്ല.
അദ്ദേഹം ഓരോന്ന് ചോദിച്ചുകൊണ്ടിരിക്കും.
ഒഗനയ്ക്കല്‍ എന്ന സ്ഥലത്താണ് നരന്റെ ഒരു ഫുള്‍ ഷെഡ്യൂള്‍ നടന്നത്.
വളരെ റിമോട്ടായ സ്ഥലം. അവിടെ അധികം ഹോട്ടലുകളൊന്നുമില്ല.
ലാലും ജോഷി സാറും ഞാനുമെല്ലാം താമസിച്ചിരുന്നത് ഒരു ഹോട്ടലിലാണ്.
ആ സമയത്ത് ലാല്‍ എന്നോട് പറഞ്ഞു.
‘അണ്ണാ എന്റെ റൂമില്‍ കിടക്കാം. ഞാന്‍ തനിച്ചല്ലേ.’
പിന്നെ എന്റെ കിടപ്പും പൊറുതിയുമെല്ലാം അവിടെയായി.
പിന്നീടാണ് മനസ്സിലായത് ആ ഹോട്ടലില്‍ ലാലിന്റെ മുറിയില്‍ മാത്രമേ എസിയുള്ളൂവെന്ന്.
അത് മനസ്സിലാക്കിയിട്ടാവണം ലാല്‍ എന്നെ അദ്ദേഹത്തിന്റെ മുറിയിലേക്ക് ക്ഷണിച്ചത്. പക്ഷേ അതൊന്നും പുറത്തറിയരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു.
മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ സാധിച്ചുതരുന്നതിലൂടെയാണ് ലാല്‍ സന്തോഷം കണ്ടെത്തുന്നത്. അത് എന്നോട് മാത്രമല്ല അദ്ദേഹത്തിന്റെ എന്റെ സഹപ്രവര്‍ത്തകര്‍ക്കും കാണും ഇങ്ങനെ പങ്കുവയ്ക്കാന്‍ നൂറ് നൂറ് അനുഭവങ്ങള്‍.
ലൊക്കേഷനുകളില്‍ ലാല്‍ ഒരിക്കലും ഇറിട്ടേറ്റഡാകുന്നത് ഞാന്‍ കണ്ടിട്ടില്ല. ഞാനൊക്കെ അതിന്റെ ഉസ്താദുമാരാണ്.
ഷോട്ടിന് റെഡിയായി നില്‍ക്കുമ്പോള്‍ അനാവശ്യമായി ഡിലേ ഉണ്ടാകുന്നതും ആരെങ്കിലും ഒച്ചയെടുക്കുന്നതും എന്നെ പ്രകോപിപ്പിക്കും. ഞാന്‍ വഴക്കുണ്ടാക്കും.
പക്ഷേ ലാല്‍ ശാന്ത ചിത്തനാണ്.
എങ്ങനെ ഇതിന് കഴിയുന്നുവെന്ന് ഞാനൊരിക്കല്‍ ലാലിനോട് ചോദിച്ചപ്പോള്‍ അതിനുള്ള മറുപടിയും എന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു.
‘അണ്ണാ ഞാനും നിങ്ങളും ക്യാമറയ്ക്ക് മുന്നില്‍ ദേഷ്യപ്പെടുന്നൊരു സാഹചര്യമുണ്ടായാല്‍ അത് ഇവിടെയുള്ള എല്ലാവരേയും വിഷമിപ്പിക്കും. ഒരു പ്രോജക്ടിന്റെ സെന്റര്‍ ഓഫ് അട്രാക്ഷന്‍ എന്ന നിലയില്‍ നമ്മള്‍ സന്തോഷിച്ചുകാണാനാണ് അവര്‍ക്കിഷ്ടം. അത് ആത്യന്തികമായി ഗുണം ചെയ്യുന്നത് സിനിമയെതന്നെയാണ്.’
ലാലിന്റെ അച്ഛന്‍ മരിച്ചദിവസം ഞാനാ വീട്ടില്‍ എത്തി.
അന്നും ശാന്തനായിട്ടാണ് ലാലിനെ കണ്ടത്.
പെട്ടെന്ന് അദ്ദേഹം എന്നോട് ചോദിച്ചു.
‘ഇന്നുമുതല്‍ എനിക്ക് അച്ഛനെ കാണാന്‍ പറ്റില്ല അല്ലേ സിദ്ധീ…’
ആ ചോദ്യം എന്റെ കണ്ണ് നനയിച്ചു.
ശരിയാണല്ലോ മരിച്ചവര്‍ എന്നെന്നേക്കുമായി ഓര്‍മ്മയാവുകയാണ്.
എനിക്ക് നഷ്ടമായ എന്റെ ഉമ്മയേയും ഉപ്പയേയും ഞാന്‍ ആ നിമിഷം ഓര്‍ത്തു.
ഹൃദയവേദനയോടെ….

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ