നവാസുദ്ധീന്‍ സിദ്ദിഖി നായകനായ താക്കറെ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇന്നലെയാണ് പുറത്തുവിട്ടത്. ശിവസേന തലവനായിരുന്ന ബാല്‍സാഹെബ് താക്കറെയുടെ ജീവചരിത്രമാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ ചില സംഭാഷണങ്ങള്‍ നേരത്തേ സെന്‍സര്‍ ബോര്‍ഡ് എതിര്‍ത്തിരുന്നു. ഇതിന് പിന്നാലെ മറ്റൊരു വിവാദം ഉയര്‍ത്തി നടന്‍ സിദ്ദാര്‍ത്ഥ് രംഗത്തെത്തി. സമകാലിക വിഷയങ്ങളില്‍ യാതൊരു മടിയും കൂടാതെ പ്രതികരിക്കുന്ന നടനാണ് സിദ്ധാര്‍ത്ഥ്. താക്കറെ ചിത്രത്തില്‍ ദക്ഷിണേന്ത്യയെ അവമതിപ്പെടുത്തുന്ന സംഭാഷണം ഉള്‍പ്പെടുത്തിയതിനെതിരെയാണ് സിദ്ധാര്‍ത്ഥ് രംഗത്തെത്തിയത്. തന്റെ ട്വിറ്റര്‍ പേജില്‍ അദ്ദേഹം കനത്ത വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

താക്കറെ ചിത്രത്തിന്റെ മറാത്ത ട്രെയിലറിലെ ചില പരാമര്‍ശങ്ങള്‍ ദക്ഷിണേന്ത്യയ്ക്ക് എതിരായ വിവേചനമാണെന്നും വിദ്വേഷം പരത്തുന്ന ചിത്രം പ്രചാരവേലയാണെന്നും അദ്ദേഹം തുറന്നടിച്ചു. ദക്ഷിണേന്ത്യക്കാരോടോ മുംബൈയെ വളര്‍ത്തുന്ന കുടിയേറ്റക്കാരോടോ ഐക്യപ്പെടാത്ത സന്ദേശമാണ് ഇത് നല്‍കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിന് പിന്നാലെ നവാസുദ്ദീൻ സിദ്ദീഖിയെയും വിമർശിച്ച് സിദ്ധാർഥ് രംഗത്തെത്തി. യു.പിയില്‍ നിന്നുള്ള ഒരു മുസ്‍ലിം നടന്‍ കൃത്യമായ അജണ്ടയുള്ള മറാത്തി ചിത്രത്തിന്‍റെ ഭാഗമായി എന്നത് കാവ്യനീതിയാണെന്നും അദ്ദേഹം പരിഹസിച്ചു. ‘മുണ്ട് പൊക്കി അധിക്ഷേപിക്കുന്ന പരിപാടി നവാസുദ്ദീന്‍ സിദ്ധിഖി വീണ്ടും ആവര്‍ത്തിച്ചു. ദക്ഷിണേന്ത്യക്കാര്‍ക്ക് എതിരായ വിദ്വേഷ പ്രസംഗമാണിത്. ഈ പ്രൊപ്പഗാണ്ട കൊണ്ട് പണമുണ്ടാക്കാനാണോ നിങ്ങളുടെ ലക്ഷ്യം? വിദ്വേഷം വില്‍ക്കുന്ന പരിപാടി നിര്‍ത്തു,’ സിദ്ധാര്‍ത്ഥ് കുറിച്ചു.
അതേസമയം, ഹിന്ദി ട്രെയിലറിൽ വിദ്വേഷ പരാമർശങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.

താക്കറെ ശിവസേനക്ക് രൂപം നല്‍കുന്നതും ബാബരി മസ്ജിദ് തകർച്ചക്ക് ശേഷമുള്ള കലാപങ്ങളും ട്രെയിലറിലുണ്ട്. മുന്‍ പ്രധാന മന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിര ഗാന്ധി എന്നിവരെയും കാണിക്കുന്നുണ്ട്. അതിനിടെ, ചിത്രത്തിലെ മൂന്ന് സംഭാഷണങ്ങള്‍ നീക്കം ചെയ്യണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെടുകയും ചെയ്തു.

അഭിജിത്ത് പന്‍സെ സംവിധാനം ചെയ്യുന്ന ‘താക്കറെ’യില്‍ ശിവസേനാ സ്ഥാപകനായി എത്തുന്നത് നവാസുദ്ദീന്‍ സിദ്ദിഖിയാണ്. ചിത്രത്തില്‍ താക്കറെയുടെ ഭാര്യയുടെ കഥാപാത്രം അവതരിപ്പിക്കുന്നത് അമൃത റാവുമാണ്. മാധ്യമപ്രവര്‍ത്തകനും എംപിയുമായ സഞ്ജയ് റൗത്ത് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജനുവരി 25ന് ചിത്രം തീയേറ്ററുകളിലെത്തും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook