ഡിസംബര്‍ എന്നാല്‍ ചെന്നൈയില്‍ സംഗീതത്തിന്റേയും നൃത്തത്തിന്റേയും വസന്തകാലമാണ്. മാര്‍കഴി ഉത്സവം എന്നറിയപ്പെടുന്ന, ചെന്നൈയിലെ വിവിധ സഭകളിലും വേദികളിലും നടന്നു വരുന്ന ഈ നൃത്ത സംഗീത വിരുന്ന് കര്‍ണാടക സംഗീത പ്രേമികളും കലാകാരന്മാരും ഒരു പോലെ കാത്തിരിക്കുന്ന ഒന്നാണ്.

ചെന്നൈയില്‍ സ്ഥിര താമസമാക്കിയ നര്‍ത്തകിയും നടിയുമായ ശോഭനയും മാര്‍കഴി ഉത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്. വിഖ്യാതമായ കൃഷ്ണ ഗാനസഭയില്‍ നൃത്തം ചെയ്തതിന്‍റെ ചിത്രവും ശോഭന തന്‍റെ ആരാധകര്‍ക്കായി പങ്കു വച്ചു.

shobana

കൃഷ്ണ ഗാന സഭയിലെ നൃത്തം, ചിത്രങ്ങള്‍. ശോഭന/ഫേസ്ബുക്ക്‌

ശനിയാഴ്ച നടന്ന നൃത്ത സദസ്സില്‍ ഭാരതനാട്യമാണ് ശോഭന കാഴ്ച വച്ചത്. അരങ്ങിലെ ശോഭനയ്ക്ക് അണിയറയില്‍ പിന്തുണയേകിയത് ഇവരാണ്. ആലാപനം. രാധാ ബദ്രി, മൃദംഗം. അനന്ത ആര്‍ കൃഷ്ണന്‍, വയലിന്‍. നെയ്‌വേലി രാധാകൃഷ്ണന്‍, ഫ്ലുട്ട്. മഹേഷ്‌.

സിനിമാ നൃത്ത കുടുംബത്തില്‍ നിന്ന് വരുന്ന ശോഭന, തന്‍റെ അമ്മായിമാരുടെ പാത പിന്തുടര്‍ന്ന് സിനിമയിലും പിന്നീട് നൃത്തത്തിലും എത്തി. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പദ്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ശോഭന. രണ്ടു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതം മാറ്റി വച്ച് ഇപ്പോള്‍ നൃത്തത്തിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചിത്രാ വിശ്വേശ്വരന്‍, പദ്മാ സുബ്രമണ്യം എന്നിവരാണ് ശോഭനയുടെ ഗുരുക്കള്‍. ചെന്നൈയില്‍ ‘കലാര്‍പ്പണ’ എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്.

മലയാളത്തിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. 2013 ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘തിര’ എന്ന ചിത്രത്തില്‍. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി നായകനായ ചിത്രത്തില്‍ ഡോ. രോഹിണി എന്ന കാര്‍ഡിയാക് സര്‍ജന്‍റെ വേഷത്തിലാണ് ശോഭന എത്തിയത്. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കടതപ്പെടുന്ന പെണ്‍കുട്ടികളെ അഭയം കൊടുത്തു രക്ഷിക്കുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകയുടെ റോള്‍ ശോഭന അവിസ്മരണീയമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ