scorecardresearch

മലയാള സിനിമ അമ്പരപ്പിക്കുന്നു: 'മൂത്തോൻ' താരം ശശാങ്ക് അറോറ

രാജ്യത്ത് നടക്കുന്ന പലതും  എനിക്ക് അംഗീകരിക്കാൻ കഴിയാത്തതാണ്. സ്ത്രീകളെ ശബരിമലയിൽ വിലക്കുന്നതിന് ഞാനെതിരാണ്. രാജ്യത്ത് നടക്കുന്ന ബീഫ് നിരോധനത്തിന് എതിരാണ്

രാജ്യത്ത് നടക്കുന്ന പലതും  എനിക്ക് അംഗീകരിക്കാൻ കഴിയാത്തതാണ്. സ്ത്രീകളെ ശബരിമലയിൽ വിലക്കുന്നതിന് ഞാനെതിരാണ്. രാജ്യത്ത് നടക്കുന്ന ബീഫ് നിരോധനത്തിന് എതിരാണ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Shashank Arora, ശശാങ്ക് അറോറ, Shashank Arora Interview, Geethu Mohandas, Moothon, Nivin Pauly, നിവിൻ പോളി, Moothon, മൂത്തോന്‍, ഗീതു മോഹന്‍ദാസ്‌, IE Malayalam, ഐ ഇ മലയാളം, ഇന്ത്യൻ​ എക്സ്പ്രസ് മലയാളം, Indian express Malayalam Nivin Pauly

മലയാള സിനിമയ്ക്ക് പുതിയൊരു ദൃശ്യാനുഭവം പകർന്നിരിക്കുകയാണ് ഗീതു മോഹൻദാസ് 'മൂത്തോനി'ലൂടെ. അക്ബർ ഭായിയും അമീറും മുല്ലയും റോസിയുമെല്ലാം കാഴ്ചക്കാരുടെ ഹൃദയത്തിലേക്കാണ് ചേക്കേറിയിരിക്കുന്നത്. മുല്ലയുടെ ചിരിയും അക്ബറിന്റെയും അമീറിന്റെയും പ്രണയവും മായാതെ ഹൃദയങ്ങളിലങ്ങനെ കൂടുകൂട്ടും. പക്ഷെ ചിത്രത്തിലെ ഒരു കഥാപാത്രം കാഴ്ചക്കാരുടെ സ്‌നേഹത്തിന് പകരം വെറുപ്പാണ് നേടുന്നത്. സലീം, അക്ബറിന്റെ സഹായിയായ, ഓരോ രംഗത്തിലും പ്രേക്ഷകനു വെറുപ്പു തോന്നുന്ന കഥാപാത്രം.

Advertisment

ഒരു അഭിനേതാവിന് തന്റെ കഥാപാത്രത്തിലൂടെ  ഇത്രത്തോളം ഇഫക്ട് കാഴ്ചക്കാരിൽ സൃഷ്ടിക്കുകയെന്നത് അത്ര എളുപ്പമല്ല. പക്ഷെ ശശാങ്ക് അറോറ എന്ന നടൻ അനായാസമായി ആ 'വെറുപ്പ്' സമ്പാദിക്കുന്നു. 'തിത്ത്‌ലി' പോലുള്ള സിനിമകളുടെയും ആമസോൺ പ്രൈമിന്റെ 'മെയ്ഡ് ഇൻ ഹെവൻ' സീരിസുകളിലൂടെയുമൊക്കെ വിസ്മയിപ്പിച്ച ശശാങ്ക് അറോറ  ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് സംസാരിക്കുന്നു.

'മൂത്തോനി'ലേക്ക്

കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ഗീതുവിനെ കാണുന്നത്. സൻഡാൻസ് ഫിലിം ഫെസ്റ്റിവലിൽ വച്ചായിരുന്നു ആ കൂടിക്കാഴ്ച. ഞാൻ എന്റെ ഒരു സിനിമയുടെ സ്ക്രീനിങ്ങിന് വന്നതായിരുന്നു. ഗീതു ഒരു സ്ക്രിപ്റ്റുമായി എത്തിയതായിരുന്നു. മൂത്തോന്റെ  സ്ക്രിപ്റ്റായിരുന്നു അത്. അന്ന് പക്ഷെ മറ്റൊരു പേരായിരുന്നു. യാദൃശ്ചികമായി ഞങ്ങൾ കണ്ടു. സിനിമയുടെ സ്ക്രീനിങ്ങിന് ശേഷം ഗീതു അടുത്ത വന്നു. ചിത്രം ഇഷ്ടമായെന്ന് പറഞ്ഞു. പിന്നാലെ എന്റെ ചിത്രത്തിൽ അഭിനയിക്കാൻ കഴിയുമോയെന്ന് ചോദിക്കുകയായിരുന്നു. എല്ലാം വളരെ യാദൃശ്ചികമായി സംഭവിച്ചതാണ്.

ചിത്രത്തിലേക്ക് അനുരാഗ് സാർ വരുന്നത് പിന്നീടാണ്. തുടക്കത്തിൽ അദ്ദേഹമുണ്ടായിരുന്നില്ല. ഗീതുവും രാജീവുമായിരുന്നു ഉണ്ടായിരുന്നത്. രണ്ടുപേരും അസാധ്യ വ്യക്തികളാണ്. അവരിൽനിന്ന് ഒരുപാട് പഠിക്കാൻ കഴിയും. രാജീവ് സാറിന്റെ ചിത്രങ്ങൾ കണ്ടിട്ടുണ്ട്. തങ്ങളുടെ സിനിമയെക്കുറിച്ച് മാത്രമല്ല, സിനിമയെക്കുറിച്ച് മൊത്തത്തിൽ വളരെയധികം അറിവുള്ളവരാണ് രണ്ടുപേരും. അതുകൊണ്ട് തന്നെ ഒരുപാട് പഠിക്കാൻ സാധിച്ചു. വളരെ നല്ലൊരു അനുഭവമായിരുന്നു.

Advertisment

Read more: ഗീതു കോംപ്രമൈസ് ഇല്ലാത്ത സംവിധായിക, ഓരോ സീനും വെല്ലുവിളി; ‘മൂത്തോൻ’ വിശേഷങ്ങളുമായി നിവിൻ പോളി

വ്യത്യസ്തതകൾ തേടി

'തിത്ത്‌ലി' മുതൽ 'മൂത്തോൻ' വരെയുള്ള ചിത്രങ്ങളിളെല്ലാം തന്നെ വ്യത്യസ്തനായിരുന്നു ശശാങ്ക്. 'മെയ്ഡ് ഇൻ ഹെവനി'ലെ കബീറിനെ 'മൂത്തോനി'ലെ സലീമിൽ കാണാനാകില്ല. അഭിനയ മികവിനൊപ്പം തിരക്കഥയുടെ തെരഞ്ഞെടുപ്പിലെ സൂക്ഷ്മതയാണ് ശശാങ്കിനെ വ്യത്യസ്തനാക്കുന്നത്.

"ഒരു സ്ക്രിപ്റ്റ് കേൾക്കുമ്പോൾ ആർട്ടിസ്റ്റ് എന്ന നിലയിലും ആസ്വാദകൻ എന്ന നിലയിലും മാത്രം എന്നെ എൻഗേജ് ചെയ്താൽ പോര. എന്നിലെ കുട്ടിയെയും പിതാവിനെയുമെല്ലാം എൻഗേജ് ചെയ്യാൻ സാധിക്കുന്നതായിരിക്കണം. എല്ലാ കഥകളും സ്നേഹത്തിന്റേതാണ്, വേദനയുടേതാണ്. നവരസം എന്ന് പറയുന്നതുപോലെ ഒരുപാട് ഇമോഷനുകൾ ഒരു സ്റ്റോറിയിൽ ഉണ്ടാകും. അവ ഉള്ളിൽ സ്‌പർശിക്കുന്നവയാണോ എന്നാണ് നോക്കാറ്"

"ചിലപ്പോൾ കഥയുടെ സ്വഭാവത്തേക്കാൾ ശ്രദ്ധിക്കാറുള്ളത് അത് പറയുന്നവരുടെ രീതികളിലാണ്. എത്രമാത്രം പാഷനോടുകൂടിയാണ് അവർ കഥ പറയുന്നത് എന്ന് ശ്രദ്ധിക്കാറുണ്ട്. പണമുണ്ടാക്കാനായി സിനിമയെടുക്കുന്നവരല്ല സിനിമയോടുള്ള അഭിനിവേശമാണ് അവരെ നയിക്കുന്നതെന്ന് ബോധ്യപ്പെട്ടാൽ മതിയെനിക്ക്."

ഗീതുവും നിവിനും മലയാളവും

അഭിനേതാവെന്ന നിലയിൽ മാത്രമല്ല ഒരു വ്യക്തിയെന്ന നിലയിലും വളരെ സിമ്പിളാണ് നിവിൻ, ജന്റിൽമാൻ. നിവിനു പകരം മറ്റൊരാളായിരുന്നെങ്കിൽ ഈ ചിത്രം പൂർത്തിയാക്കാൻ സാധിക്കുമായിരുന്നുവോയെന്ന കാര്യത്തിൽ സംശയമുണ്ട്. ഞങ്ങൾ വളരെ പെട്ടന്നു തന്നെ അങ്ങ് സെറ്റായി. അതുകൊണ്ടാണ് കോമ്പിനേഷൻ സീനുകളൊക്കെ നന്നായെന്ന് എല്ലാവരും പറയുന്നത്.

ഗീതു ഓരോരുത്തരെയും ഹാൻഡിൽ ചെയ്യുന്ന രീതിയും വ്യത്യസ്തമായിരുന്നു. ആക്ടർ എന്ന നിലയിൽ എല്ലാ സ്വാതന്ത്ര്യവും നൽകിയിരുന്നു. ബേസിക് നിർദേശങ്ങൾ നൽകിയ ശേഷം എന്നെ എന്റെ ഇഷ്ടത്തിന് വിടുകയായിരുന്നു. സലീം എനിക്ക് ഒട്ടും പരിചിതമായ കഥാപാത്രമല്ല. അതുകൊണ്ടു തന്നെ സലീമായി മാറേണ്ടതുണ്ടായിരുന്നു. ഒരുപാട് പ്രൊസസുകളിലൂടെ കടന്നാണ് സലീമായത്. അതിനുള്ള സ്വാതന്ത്ര്യം ഗീതു നൽകിയിരുന്നു.

സിനിമ എന്റർടെയ്ൻമെന്റ് മാത്രമല്ല

കാശ് മുടക്കി സിനിമയ്ക്ക് പോകുന്നത് ആസ്വാദിക്കാൻ വേണ്ടിയാണെന്ന് സമ്മതിക്കുന്നു. പക്ഷെ സിനിമയെന്നത് എന്റർടെയ്ൻമെന്റ് മാത്രമല്ല. അതിന് കാഴ്ചക്കാരന്റെ ഹൃദയത്തിൽ തൊടാനാകണം. നിങ്ങൾക്ക് നാളെ ചന്ദ്രനിൽ പോകാനുള്ള ടിക്കറ്റ് ലഭിച്ചാൽ വെറുതെ പോയി കണ്ട് കയ്യടിച്ച് പോരില്ലല്ലോ. അതൊരു നല്ല അനുഭവമാക്കി മാറ്റില്ലേ? അതു തന്നെയാണ് സിനിമയും. അതിനാലാണ് അത്തരത്തിലുള്ള സിനിമകൾ തെരഞ്ഞെടുക്കുന്നതും.

മനുഷ്യനെന്ന നിലയിൽ എല്ലാവിധ സ്വാതന്ത്ര്യങ്ങളും എല്ലാവർക്കുമുണ്ട്. ജെൻഡറിന്റെ കാര്യത്തിലും തുല്യതയുടെ കാര്യത്തിലും അവകാശങ്ങളുടെ കാര്യത്തിലുമെല്ലാം ഒരു പക്ഷത്താവരുത്. മൂത്തോനിലും മെയ്ഡ് ഇൻ ഹെവനിലും സ്വവർഗാനുരാഗത്തെക്കുറിച്ച് പറയുന്നുണ്ട്. എൽജിബിടിക്യൂ കമ്മ്യൂണിറ്റിയുടെ  അവകാശങ്ങളെ ഞാൻ പിന്തുണയ്ക്കുന്നു. അവരുടെ സെക്ഷ്വാലിറ്റിയെ അംഗീകരിക്കുന്നു.

രാജ്യത്ത് നടക്കുന്ന പലതും  എനിക്ക് അംഗീകരിക്കാൻ കഴിയാത്തതാണ്. സ്ത്രീകളെ ശബരിമലയിൽ വിലക്കുന്നതിന് ഞാനെതിരാണ്. രാജ്യത്ത് നടക്കുന്ന ബീഫ് നിരോധനത്തിന് ഞാനെതിരാണ്. എല്ലാ തരത്തിലുള്ള സ്വാതന്ത്ര്യവും മനുഷ്യനുണ്ടാകണം. അത്തരം വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിനിമകൾ തെരഞ്ഞെടുക്കുന്നത് അതുകൊണ്ടാണ്. 'ലിപ് സ്റ്റിക് അണ്ടർ മൈ ബുർഖ' പോലുള്ള സിനിമകൾ തെരഞ്ഞെടുത്തതും അതുകൊണ്ടാണ്.

കമലഹാസന്റെ പ്രിയപ്പെട്ടവൻ

തന്റെ പ്രിയപ്പെട്ട ഇപ്പോഴത്തെ മൂന്ന് നടന്മാരുടെ പേരു പറയാൻ പറഞ്ഞപ്പോൾ ഉലകനായകൻ പറഞ്ഞ മൂന്ന് പേരുകളിലൊന്ന് ശശാങ്ക് അറോറയുടേതായിരുന്നു. മലയാളത്തിന്റെ ഫഹദ് ഫാസിലും നവാസുദ്ദീൻ സിദ്ധിഖുമായിരുന്നു മറ്റു രണ്ടു നടന്മാർ.

"അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വലിയ പ്രചോദനമാണ്. നമ്മുടെ രാജ്യത്ത് ലോകത്തിന് കാണിച്ച് കൊടുക്കാൻ കഴിയുന്ന കുറച്ച് നടന്മാർ മാത്രമേയുള്ളൂ. അതിൽ ഓംപൂരിയും കമൽഹാസനുമൊക്കെ മുൻപന്തിയിലുള്ളവരാണ്. അതിനാൽ അദ്ദേഹത്തെ പോലൊരാൾ ഇങ്ങനെ പറയുമ്പോൾ കൈകൾ കൂപ്പി, തലകുനിക്കുക മാത്രമേ ചെയ്യാനുള്ളൂ. അദ്ദേഹത്തിന് നന്ദി പറഞ്ഞ് ഞാൻ ട്വീറ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾക്ക് അർഹനാകാൻ ഞാൻ കൂടുതൽ അധ്വാനിക്കുമെന്നായിരുന്നു ട്വീറ്റ്. അദ്ദേഹമത് കണ്ടിട്ടുണ്ടാകുമോയെന്ന് പോലുമറിയില്ല.

മലയാള സിനിമ

സിനിമാറ്റിക് ഗ്രാമറിനെക്കുറിച്ച് വളരെയധികം ധാരണയുള്ളവരാണ് മലയാള സിനിമാക്കാർ. ചില സിനിമകളൊക്കെ അവിശ്വസനീയമാണ്. യൂറോപ്യൻ സിനിമകളോട് അടുത്ത് നിൽക്കുന്ന മേക്കിങ്ങുകൊണ്ട് അമ്പരിപ്പിക്കുന്ന ഇൻഡസ്ട്രി. രാജ്യത്തിലെ ഏറ്റവും മികച്ച റീജിയണൽ ഇൻഡസ്ട്രിയാണ് മലയാളമെന്ന് പറയുന്നതിൽ തെറ്റില്ല. മറാത്തി തിയറ്റർ നാടകത്തിൽ എത്ര പ്രധാനപ്പെട്ടതാണോ അതുപോലെയാണ് ഇന്ത്യയിൽ മലയാള സിനിമ. ഒരുനാൾ ബോളിവുഡിനുമൊപ്പമെത്തുമെന്ന് കരുതാം.

(അഭിമുഖം തയ്യാറാക്കിയത്: അബിൻ എം പി)

Bollywood Nivin Pauly Geethu Mohandas Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: