‘മാവേലിക്കും പൂക്കളം
മലയാളക്കരയാകെ വര്‍ണ്ണപൂക്കളം
മണ്ണിലും വിണ്ണിലും മണിപ്പൂക്കളം
പൂവേ പൊലി പൂവേ…’
‘ഇത് ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലെ ‘കുമ്മിയടിക്കുവിൻ കൂട്ടുകാരെ’ എന്ന ഈ പാട്ട് ഒരു കാലത്ത് കേരളത്തിലെ ഓണപ്പാട്ടുകളിൽ മുൻപനായിരുന്നു. നായിക നടി ശാന്തി കൃഷ്ണയ്ക്കും മറക്കാനാകാത്ത ഒന്നാണ് ആ ഗാനം. മുംബൈയിൽ ജനിച്ചു വളർന്ന ശാന്തിയുടെ ഓണാഘോഷങ്ങളെല്ലാം ഫ്ലാറ്റുകളിലും മലയാളി അസോസിയേഷനുകളിലുമായിരുന്നു. സിനിമയിലെത്തിയതിന് ശേഷമാണ് കേരളത്തിൽ ഓണം ആഘോഷിച്ച് തുടങ്ങിയത്. ആ നാളുകളെ കുറിച്ച് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് മനസ് തുറക്കുകയാണ് ശാന്തി കൃഷ്ണ.
“സിനിമ സെറ്റുകളിലെ ഓണം രസമാണ്. ഒരുപാട് പേരുണ്ടാകും. ചിത്രീകരണത്തിന്റെ തിരക്കുകൾ കാരണം ആർക്കും ഓണമുണ്ണാൻ വീട്ടിൽ പോകാനാകില്ല. ഞങ്ങളെ സന്തോഷിപ്പിക്കാനും ഓണത്തിന്റെ ഒരു മൂഡ് ക്രിയേറ്റ് ചെയ്യാനും നിർമാതാവ് കാശ് മുടക്കി സെറ്റിൽ ഓണ സദ്യ ഒരുക്കും. എല്ലാവരും കളിയും ചിരിയും തമാശകളുമൊക്കെയായി ഓണമാഘോഷിക്കും. അതെല്ലാം പ്രിയപ്പെട്ട ഓർമകളായിരുന്നു. ഓണപ്പാട്ടുകളെ കുറിച്ച് ഓർക്കുമ്പോൾ ‘ഇത് ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലെ ‘കുമ്മിയടിക്കുവിൻ കൂട്ടുകാരെ’ എന്ന ഗാനമാണ് മനസിൽ ആദ്യം എത്തുക. ഓണത്തിന്റെ മുഴുവൻ ഓളവും ആ പാട്ടിലുണ്ട്. ഓണത്തെ കുറിച്ച് പറയാമോ എന്ന് ചോദിക്കുമ്പോൾ തന്നെ ആ പാട്ടാണ് മനസിൽ വരുന്നത്,” പഴയകാലത്തെ കുറിച്ച് ഓർത്ത് ശാന്തി കൃഷ്ണ പറയുന്നു.
കേരളത്തിന് പുറത്തായിരുന്നു ജീവിതത്തിന്റെ വലിയൊരു ഭാഗം ജീവിച്ചതെങ്കിലും ആഘോഷങ്ങളൊന്നും ഒഴിവാക്കിയിട്ടില്ലെന്ന് ശാന്തി കൃഷ്ണ.
“ഞാൻ ജനിച്ചു വളർന്നത് മുംബൈയിലാണ്. പിന്നെ കുവൈറ്റിൽ ജീവിച്ചു. യുഎസിൽ, ഇപ്പോൾ ഇതാ ബാംഗ്ലൂരിലും. ഇവിടെയെല്ലായിടത്തും മലയാളികൾ ഉണ്ട്. പക്ഷെ വീട്ടിൽ ഒറ്റയ്ക്കാണെങ്കിലും ഓണത്തിന്റെ മൂഡ് ഉണ്ടായിരുന്നു. എന്നും രാവിലെ പൂക്കളമിടും. പുതിയ വസ്ത്രമിടും. സദ്യയൊരുക്കും. മുംബൈയിൽ പിന്നെ എല്ലാത്തരം ആഘോഷങ്ങളും ഉണ്ടായിരുന്നു. ദീപാവലി, മകര സംക്രാന്തി അങ്ങനെ എല്ലാം. പല ഭാഷകൾ സംസാരിക്കുന്നവർ, പല സംസ്കാരങ്ങളിൽ ജനിച്ചുവളർന്നവർ ഒക്കെയായിരുന്നു അന്നത്തെ കൂട്ടുകാർ. അതുകൊണ്ട് എല്ലാവരും എല്ലാം ആഘോഷിക്കും. വിവിധ സംസ്കാരങ്ങൾ പഠിക്കാനുള്ള ഒരു അവസരം കൂടിയായിരുന്നു അത്.”
വിവാഹ ശേഷം കേരളത്തിൽ താമസിക്കാൻ ആരംഭിച്ചതു മുതലാണ് സെറ്റ് സാരിയുടുത്തുള്ള ഓണാഘോഷങ്ങൾ ശാന്തിയുടെ ജീവിത്തിന്റെ ഭാഗമായത്.
“ഓണത്തിന് സെറ്റുടുക്കുന്നത് വിവാഹ ശേഷം ആണെങ്കിലും വേഷ്ടിയും മുണ്ടുമൊക്കെ അതിനു മുൻപേ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ആദ്യ ചിത്രമായ ‘നിദ്ര’യിൽ തന്നെ അതായിരുന്നില്ലേ സ്ഥിരം വേഷം. ജീവിതത്തിൽ സെറ്റുമുണ്ട് ഉടുത്തിട്ടേയില്ലാത്ത ഞാൻ സിനിമയിൽ വന്നപ്പോൾ അതിനേ സമയം കിട്ടിയിട്ടുള്ളൂ. ശാന്തി കൃഷ്ണ എന്ന് പറഞ്ഞാൽ സെറ്റുമുണ്ട് എന്നായി. എനിക്ക് ഇഷ്ടമാണ് ആ വേഷം. തിരുവനന്തപുരത്ത് താമസിക്കുമ്പോൾ അമ്പലത്തിൽ ഒക്കെ പോകുമ്പോളും അതായിരുന്നു വേഷം.”
ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ശാന്തികൃഷ്ണ അഭിനയ ജീവിതത്തിലേക്ക് വന്നത്. ഈണം, വിസ, മംഗളം നേരുന്നു, ഇതു ഞങ്ങളുടെ കഥ, കിലുകിലുക്കം, സാഗരം ശാന്തം, ഹിമവാഹിനി, ചില്ല് , സവിധം, കൗരവർ, നയം വ്യക്തമാക്കുന്നു, പിൻഗാമി, വിഷ്ണുലോകം, എന്നും നന്മകൾ, പക്ഷേ എന്നി ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന ശാന്തി അഭിനയരംഗത്തു തിളങ്ങി നിന്ന സമയത്താണു് നടൻ ശ്രീനാഥുമായി പ്രണയത്തിലാവുന്നതും 1984 സെപ്റ്റംബറിൽ വിവാഹിതയാകുന്നതും. വ്യക്തിപരമായ കാരണങ്ങളാൽ സെപ്തംബർ 1995 ൽ ഇവർ വിവാഹമോചിതരായി
ഏറെ കാലം സിനിമയിൽ നിന്നു വിട്ടു നിന്ന ശാന്തി കൃഷ്ണയുടെ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കിയ ചിത്രമായിരുന്നു ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള.’ ചിത്രം റിലീസിനെത്തിയത് ഒരു ഓണക്കാലത്തായിരുന്നു.
“എന്റെ തിരിച്ചു വരവിനു വഴിയൊരുക്കിയ ‘ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള’ തിയേറ്ററുകളിൽ എത്തിയത് ഓണം റിലീസ് ആയിരുന്നു. അത് കൊണ്ട് ഓണാഘോഷം ഇല്ലായിരുന്നു അവിടെ. പക്ഷേ ഒരുപാടുപേരുടെ പിറന്നാൾ ഞങ്ങൾ ആഘോഷിച്ചിട്ടുണ്ട്. നിവിന്റെ വിവാഹ വാർഷികവും സെറ്റിലായിരുന്നു ആഘോഷിച്ചത്. എനിക്ക് തോന്നുന്നു കേരളത്തിലെ മലയാളികളെക്കാൾ ഓണമൊക്കെ കാര്യമായി ആഘോഷിക്കുന്നത് വിദേശത്തും കേരളത്തിന് പുറത്തുമൊക്കെ താമസിക്കുന്ന മലയാളികൾ ആണെന്നാണ്. യുഎസിൽ ജീവിക്കുമ്പോൾ ഞാനത് കണ്ടിട്ടുണ്ട്. അവിടുത്തെ മലയാളി അസോസിയേഷനുകളുടെ ഓണാഘോഷത്തിന്റെ ഭാഗമായിട്ടുണ്ട്. അവിടെ നമുക്ക് സിനിമ നടി, സെലിബ്രിറ്റി എന്നൊന്നുമുള്ള വിശേഷണങ്ങളോ വേർതിരിവുകളോ ഇല്ലല്ലോ. എല്ലാവരും ഒരുപോലെ ഓണത്തിന്റെ ആഘോഷത്തിലാകും. സദ്യയുണ്ടാകും, ഓണക്കളികളുണ്ടാകും,” ശാന്തി കൃഷ്ണ ഓർക്കുന്നു.
മക്കൾ മിതുലിനും മിതാലിക്കൊമൊപ്പം ബെംഗളൂരുവിലാണ് ശാന്തി താമസിക്കുന്നത്. ഇത്തവണത്തെ ഓണം ശാന്തിക്ക് കുറച്ച് സ്പെഷ്യലാണ്.
“എനിക്ക് സദ്യയൊക്കെ ഉണ്ടാക്കാനറിയാം. അവിയൽ, സാമ്പാർ, കാളൻ, ഓലൻ, എരിശേരി എല്ലാം ഞാനുണ്ടാക്കും. ഇക്കുറി ഓണത്തിന് ഞങ്ങൾക്കൊപ്പം കൂടുതൽ പേരുണ്ടാകും. എന്റെ ചേട്ടന്റെ മകന്റെ കല്യാണമാണ്. കോവിഡ് കാരണം ചെറിയ രീതിയിലാണ് നടത്തുന്നത്. എന്നാലും നമുക്ക് വേണ്ടപ്പെട്ടവരൊക്കെ ഉണ്ടാകും. ഏറെ നാളുകൾക്ക് ശേഷം എല്ലാവരും ഒരുമിച്ച് കൂടുകയാണ്. പുതിയൊരു അംഗം കൂടി കുടുംബത്തിലേക്ക് വരുന്നു. വിവാഹത്തിന് ശേഷമുള്ള അവരുടെ ആദ്യ ഓണം. അങ്ങനെ ഒരുപാട് പ്രത്യേകതകളുണ്ട് ഇത്തവണത്തെ ഓണത്തിന്,” എന്ന് പറയുമ്പോൾ ശാന്തി കൃഷ്ണയുടെ ശബ്ദത്തിലും ഓണത്തിന്റ സന്തോഷം.