‘പത്താൻ’ തിയേറ്ററുകളിലെത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കേ, ലോകമെമ്പാടുമുള്ള ഷാരൂഖ് ആരാധകർ ഏറെ ആവേശത്തിലാണ്. ആരാധകർക്കായി നിരവധി ‘എസ്ആർകെയോട് ചോദിക്കൂ’ സെഷനുകളും ഷാരൂഖ് ഇതിനകം തന്നെ നടത്തികഴിഞ്ഞു. ഷാരൂഖ് ഖാനെ ഒരു നോക്കു കാണാനായി നിരവധി പേരാണ് ഞായറാഴ്ച താരത്തിന്റെ ജുഹുവിലെ മന്നത്ത് എന്ന ബംഗ്ലാവിനു മുന്നിൽ തടിച്ചുകൂടിയത്.
അതോടെ, സാധാരണ പിറന്നാൾ ദിനങ്ങളിലും വിശേഷദിവസങ്ങളിലും മാത്രം മന്നത്തിന്റെ ബാൽക്കണിയിൽ പ്രത്യക്ഷപ്പെടാറുള്ള ഷാരൂഖ്, പതിവു തെറ്റിച്ച് തന്നെ കാത്തിരുന്ന ആരാധകരെ അഭിവാദ്യം ചെയ്യാനായി മന്നത്തിന്റെ ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ടു. വീടിനു മുന്നിൽ തടിച്ചുകൂടിയ ആരാധകരെ അഭിവാദ്യം ചെയ്തു. അതോടെ, പ്രദേശത്ത് വലിയ രീതിയിലുള്ള ട്രാഫിക് കുരുക്ക് രൂപപ്പെട്ടു. പലരും ബ്ലോക്കിൽ കുരുങ്ങി. മന്നത്തിനു മുന്നിലെ ട്രാഫിക് കുരുക്കിൽ പെട്ടവരോട് ക്ഷമ ചോദിച്ചുകൊണ്ട് ഷാരൂഖ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘മനോഹരമായ ഒരു ഞായറാഴ്ച സായാഹ്നത്തിന് നന്ദി. ക്ഷമിക്കണം, ട്രാഫിക് കുരുക്കിൽ പെട്ട് ബുദ്ധിമുട്ടിയവരോട്,’ തന്നെ കാണാൻ വീടിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ വീഡിയോ പങ്കുവെച്ചു കൊണ്ട് ഷാരൂഖ് കുറിച്ചു. എല്ലാവരും പത്താൻ കാണണമെന്ന് അഭ്യർത്ഥിച്ച താരം “ഇനി നമുക്ക് പത്താനിൽ കാണാം,” എന്നും കൂട്ടിച്ചേർത്തു.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ ബിഗ് സ്ക്രീനുകളിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘പത്താൻ’. മികച്ച അഡ്വാൻസ് ബുക്കിംഗാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.
അതേസമയം, ചിത്രത്തിനെതിരെ രാജ്യത്തെ പലഭാഗങ്ങളിലും പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്. വെള്ളിയാഴ്ച ഗുവഹാത്തിയിലെ ഒരു തിയേറ്ററിൽ ബജ്റാങ്ങ് ദാൽ പ്രവർത്തകർ സംഘർഷങ്ങൾക്ക് തുടക്കമിട്ടിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ കീറിയെറിയുകയും കത്തിച്ചുകളയുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ ശനിയാഴ്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞത് “ആരാണ് ഷാരൂഖ് ഖാൻ? നമ്മൾ എന്തിന് ശ്രദ്ധിക്കണം? നമുക്ക് ഇതിനകം നിരവധി ഷാരൂഖ് ഖാൻമാരുണ്ടോ? ‘പത്താൻ’ എന്ന പേരിൽ ഒരു സിനിമയെക്കുറിച്ച് ഞാൻ കേട്ടിട്ടില്ല, അതിനുള്ള സമയവുമില്ല.” എന്നായിരുന്നു.
“ക്രമസമാധാനം ലംഘിച്ചാൽ നടപടിയെടുക്കും. പക്ഷേ, ഇതുവരെ സിനിമാ ഹാൾ ഉടമകളിൽ നിന്നോ സിനിമയുടെ നിർമ്മാതാക്കളിൽ നിന്നോ പരാതികളൊന്നും ലഭിച്ചിട്ടില്ല. എന്തെങ്കിലും സംഭവം ഉണ്ടായിട്ടുണ്ടെങ്കിൽ ഷാരൂഖ് ഖാൻ തന്നെ എന്നെ വിളിക്കണമായിരുന്നു. അദ്ദേഹം അങ്ങനെ ചെയ്യുകയാണെങ്കിൽ, ഞാൻ വിഷയം പരിശോധിക്കും,” അസം മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഞായറാഴ്ച, തന്റെ സിനിമയുടെ റിലീസിനെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രതിഷേധങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഷാരൂഖ് ഖാൻ തന്നെ നേരിട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ വിളിച്ചു. ഇക്കാര്യം ഹിമന്ത ശർമ്മ ട്വീറ്റിലൂടെ അറിയിച്ചു. “ബോളിവുഡ് നടൻ ശ്രീ ഷാരൂഖ് ഖാൻ എന്നെ വിളിച്ചു, ഞങ്ങൾ ഇന്ന് രാവിലെ 2 മണിക്ക് സംസാരിച്ചു. തന്റെ സിനിമയുടെ പ്രദർശനത്തിനിടെ ഗുവഹാത്തിയിൽ നടന്ന സംഭവത്തിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. ക്രമസമാധാനപാലനം സംസ്ഥാന സർക്കാരിന്റെ കടമയാണെന്ന് ഞാൻ അദ്ദേഹത്തിന് ഉറപ്പ് നൽകി. ഞങ്ങൾ അന്വേഷിച്ച് അത്തരം അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പാക്കും.”