ഷൗക്കത്ത് കൈഫി എന്ന ശബാന ആസ്മിയുടെ അമ്മ ഏറെ നാളുകളായി വാർധക്യസഹജമായ ആരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നു പോവുകയാണ്. അമ്മയെ ശുശ്രൂഷിച്ച് ശബാന എപ്പോഴും കൂടെയുണ്ട് താനും.
അഭിനയത്തിലും ജീവിതത്തിലും പോരാട്ടത്തിലുമെല്ലാം തന്റെ എക്കാലത്തെയും പ്രചോദനമാണ് അഭിനേത്രി കൂടിയായ തന്റെ അമ്മ എന്ന് ശബാന പലയിടത്തും പറഞ്ഞിട്ടുണ്ട്. ആശുപത്രിക്കിടക്കയില്‍ നിന്നും, നെബുലിസിംഗ് മാസ്ക്കിനിടയിലൂടെ ജീവിതത്തെ സന്തോഷപൂർവം നോക്കി കാണുന്ന, മൂളി പാട്ട് പാടുന്ന അമ്മയുടെ വിഡിയോ ശബാന ലോകത്തോട് പങ്കു വയ്ക്കുകയാണ് ഇപ്പോള്‍.
ശബാന പാടുന്നത് കേട്ട് ഷൗക്കത്ത് കൈഫി ഏറ്റുപാടുന്ന ഗാനങ്ങളില്‍ അടുത്ത കാലത്ത് ബോളിവുഡില്‍ ഹിറ്റ് ആയ ‘ഷീലാ കീ ജവാനി’ എന്ന ഗാനവുമുണ്ട്. നിറഞ്ഞ ചിരിയോടെ ‘ഐ അം സെക്സി ഫോര്‍ യൂ’ എന്ന് ഷൗക്കത്ത് കൈഫി പാടുന്നത് കേട്ടാല്‍ എത്രയും പെട്ടെന്ന് ഇവര്‍ ജീവിതത്തിലേക്ക് മടങ്ങി വരട്ടെ എന്ന് മനസ്സ് നിറഞ്ഞു ആശംസിക്കാനേ സാധിക്കൂ.
‘ഇവരെപ്പോലെ മറ്റൊരാള്‍ ഉണ്ടാവില്ലാ. എന്തൊരു സ്പിരിറ്റ്, മാഷ അള്ളാ!’ എന്നാണ് ശബാന വിഡിയോയ്ക്ക് അടിക്കുറിപ്പിട്ടത്.

എഴുത്തുകാരന് കൈഫി അസ്മിയുടെ കവിതയിലും ജീവിതത്തിലും നിഴല്‍ പോലെ കൂടെ നിന്ന ഷൗക്കത്ത് കൈഫി അറിയപ്പെടുന്ന നാടക – സിനിമാ നടിയും സാമൂഹ്യ പ്രവര്‍ത്തകയുമാണ് കൂടിയാണ്. ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന് (ഇപ്റ്റ), പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന് എന്നിവയിലെ ആദ്യകാല പ്രവര്‍ത്തകയാണ്. 1964 മുതല്‍ 2002 വരെ ഹിന്ദി സിനിമകളില്‍ സജീവയായിരുന്നു ഷൗക്കത്ത് കൈഫി. ഹീര്‍ റാന്ഞാ, ഉമ്രാവുജാന്‍, സലാം ബോംബെ, സാഥിയ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
ശബാനയ്ക്കൊപ്പം ഷൗക്കത്ത് അഭിനയിച്ചിട്ടില്ല. എങ്കിലും ഇരുവരുടെയും സിനിമാ ജീവിതത്തെ ഇഴ ചേര്‍ത്ത രസകരമായ ഒരു വസ്തുതയുണ്ട്. 1981ല്‍ ഷൗക്കത്ത് അലി അവതരിപ്പിച്ച ഒരു കഥാപാത്രത്തെ 2006 ല്‍ ശബാന പുനരവതരിപ്പിച്ചു എന്നത്. രണ്ടു തവണ ‘ഉമ്രാവുജാന്‍’ എന്ന കഥ ബോളിവുഡില്‍ സിനിമയാക്കപ്പെട്ടു. ആദ്യം സംവിധാനം ചെയ്തത് മുസാഫിര്‍ അലി. അതില്‍ ഖാനും ജാന്‍ എന്ന പ്രധാന വേഷം ചെയ്തത് ഷൗക്കത്ത് കൈഫി. വര്‍ഷങ്ങള്‍ക്കു ശേഷം ഉമ്രാവുജാന്‍ ജെ പി ദത്ത സംവിധാനം ചെയ്തപ്പോള്‍ ഖാനും ജാനെ അവതരിപ്പിക്കാന്‍ തിരഞ്ഞെടുത്തത് ശബാന ആസ്മിയെ.
ശബാനയെക്കൂടാതെ ബാബാ അസ്മി എന്നൊരു മകനുമുണ്ട് ഷൗക്കത്ത്-കൈഫി ദമ്പതിമാര്‍ക്ക്. ബോളിവുഡിലെ അറിയപ്പെടുന്ന സിനിമാട്ടോഗ്രാഫറാണ് ബാബാ അസ്മി. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ മിസ്റ്റര്‍ ഇന്ത്യ, തേസാബ്, ബേട്ട, ദില്‍, അകേലേ ഹം അകേലേ തും എന്നീ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്തിട്ടുണ്ട്.
Read Here: Theatre and film actor Shaukat Kaifi passes away