മുംബൈ: സിനിമാ- നാടക നടനും നാടക സംവിധായകനുമായ സലിം ഘൗസ് (70) അന്തരിച്ചു. ദയാഘാതത്തെ തുടർന്നു മുംബൈയിൽ വച്ചായിരുന്നു അന്ത്യം.
ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയിച്ച സലിം ഘൗസ് ഹിന്ദി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചു. മലയാളത്തിൽ 1990ല്‍ പുറത്തിറങ്ങിയ താഴ്വാരം എന്ന ചിത്രത്തിൽ സലിം ഘൗസ് അഭിനയിച്ചിരുന്നു. ഭരതൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ താഴ്വാരത്തിൽ രാഘവന്‍ എന്ന വില്ലൻ വേഷത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. പിന്നീട് ഭദ്രൻ സംവിധാനം ചെയ്ത ഉടയോന്‍ എന്ന സിനിമയിലും വേഷമിട്ടു.
ചെന്നൈയില്‍ ജനിച്ച സലിം ഘൗസ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ട്. 1978ല്‍ പുറത്തെത്തിയ ഹിന്ദി ചിത്രം സ്വര്‍ഗ് നരകിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്. തമിഴില്‍ വെട്രി വിഴ എന്ന കമൽഹാസൻ ചിത്രത്തിലെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴിൽ ചിന്ന ഗൌണ്ടര്‍, തിരുടാ തിരുടാ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
ഹിന്ദിയില്‍ കൊയ്ലാ, സോള്‍ജ്യര്‍, ദ്രോഹി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം ശ്യാം ബെനഗലിന്‍റെ ഭാരത് ഏക് ഖോജ് അടക്കമുള്ള ഹിന്ദി ടിവി പരമ്പരകളിലും ശ്രദ്ധേയ വേഷം ചെയ്തു. യേ ജോ ഹെ സിന്ദഗി, സുബാ, എക്സ് സോണ്‍, സംവിധാന്‍ തുടങ്ങിയവയാണ് മറ്റ് ഹിന്ദി പരമ്പരകൾ.