scorecardresearch
Latest News

ആ കമന്റ് കണ്ട് എന്റെ കണ്ണുനിറഞ്ഞു, അച്ഛനെത്ര വേദനിച്ചുകാണും എന്നോർത്ത്: സൈജു കുറുപ്പ്

ഇവന്റെയൊക്കെ സിനിമ ആരെങ്കിലും കാണുമോ, ചേട്ടന് വേറെ പണിയില്ലേ

saiju kurupu family

രണ്ടുവർഷങ്ങൾക്ക് മുൻപാണ് അപ്രതീക്ഷിതമായൊരു റോഡപകടത്തിൽ സൈജു കുറുപ്പിന്റെ അച്ഛൻ മരിക്കുന്നത്. എന്നും തന്നിലെ നടന് പിന്തുണ നൽകിയ അച്ഛന്റെ ഓർമകൾ പങ്കിടുകയാണ് സൈജു കുറുപ്പ്. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് അച്ഛന്റെ മരണശേഷം തന്നെ നൊമ്പരപ്പെടുത്തിയ ഒരനുഭവം സൈജു കുറുപ്പ് പങ്കുവച്ചത്.

“അച്ഛന്റെ മരണം എന്നെ വല്ലാതെ ഉലച്ചു കളഞ്ഞ ഒന്നാണ്. ആ സമയത്ത് വല്ലാത്തൊരു നിർവികാരത ആയിരുന്നു. കൂടെ നിഴലായി നിന്ന് വേണ്ടതെല്ലാം ചെയ്യാൻ സഹായിച്ചത് അമ്മാവൻ സതീഷ് കുമാറാണ്. സ്വാഭാവിക മരണമല്ലാത്തതു കൊണ്ട് ഇടയ്ക്കിടെ പൊലീസ് സ്റ്റേഷനിൽ പോവണം, അവിടുത്തെ ഫോർമാലിറ്റികൾ ഉണ്ട്. അതിനിടയിൽ അച്ഛന് മുടങ്ങാതെ ബലിയിടണം. എല്ലാം കൂടെ എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥ. നിഴലു പോലെ അമ്മാവൻ കൂടെ നിന്നു.

അച്ഛന്റെ മരണത്തിന്റെ ഷോക്കിൽ നിന്നും അമ്മയും ചേച്ചിയുമൊക്കെ പതിയെ കരകയറി, പക്ഷേ ഞാനിപ്പോഴും പൂർണമായി കരകയറിയെന്നു തോന്നുന്നില്ല. ഞാൻ കോമഡി ചെയ്യണമെന്ന് ഏറ്റവും ആഗ്രഹിച്ചത് അച്ഛനായിരുന്നു. സിനിമയിലെ എന്റെ കഷ്ടപ്പാടിന്റെ നാളുകളിൽ അച്ഛൻ പറയുമായിരുന്നു, നിനക്ക് സുരാജിനെ പോലെയോ സലിം കുമാറിനെ പോലെയൊ ഒക്കെ കോമഡി കഥാപാത്രങ്ങൾ ചെയ്തുകൂടെ എന്ന്. അന്ന് അത്തരം വേഷങ്ങൾ ചെയ്യാനുള്ള ആത്മവിശ്വാസം എനിക്കുണ്ടായിരുന്നില്ല.

Saiju Kurup movies, Saiju Kurup height, Saiju Kurup meme, Saiju Kurup comedy, Saiju Kurup car, Saiju Kurup education, Saiju Kurup in prathipoovan kozhi, Saiju Kurup movie list, Saiju Kurup family, സൈജു കുറുപ്പ്, Saiju Kurup interview, Saiju kurup
അച്ഛനമ്മമാര്‍ക്കൊപ്പം സൈജു കുറുപ്പ്

അടുത്തിടെ ഏറെ സങ്കടം തോന്നിയൊരു കാര്യമുണ്ടായി. വനിത ഫിലിം അവാർഡ്സിൽ മികച്ച കൊമേഡിയനുള്ള അവാർഡ് ലഭിച്ചപ്പോൾ വേദിയിൽ വെച്ച് ആ അവാർഡ് ഞാൻ അച്ഛനാണ് സമർപ്പിച്ചത്. അതിന്റെ വീഡിയോ യൂട്യൂബിൽ വന്നപ്പോൾ അതിനുതാഴെ വന്നൊരു കമന്റാണ് എന്നെ പഴയൊരു സംഭവം ഓർമിപ്പിച്ചത്. ‘സൈജുകുറപ്പിന്റെ അച്ഛനെ കുറിച്ച് ഒരു പഴയ ഓർമ. ഞാൻ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ ആണ് സൈജു കുറുപ്പ് നായകനായി ‘ജൂബിലി’ എന്ന സിനിമ വരുന്നത്. ഒരു ദിവസം ആ ചിത്രത്തിന്റെ ബ്രോഷറുമായി ഒരു ചേട്ടൻ ഞങ്ങൾ വിദ്യാർത്ഥികളുടെ അടുത്ത് വന്നു. ‘ഇവന്റെയൊക്കെ സിനിമ ആരെങ്കിലും കാണുമോ, ചേട്ടന് വേറെ പണിയില്ലേ’ എന്ന് ചോദിച്ചു ഞാൻ. അയാൾ ഒന്നും പറയാതെ പോയി. അപ്പോൾ ആരോ പറഞ്ഞു, അത് സൈജു കുറുപ്പിന്റെ അച്ഛനാണെന്ന്. ഞാൻ പെട്ടെന്ന് സോറി പറഞ്ഞു. സൈജു കുറുപ്പ് ഇന്ന് മലയാളത്തിലെ ഒരു മികച്ച നടനാണ്, അദ്ദേഹത്തെ ഓർത്ത് ഞാനഭിമാനിക്കുന്നു. ആശംസകൾ ചേട്ടാ… അദ്ദേഹത്തിന്റെ അച്ഛൻ വളരെ സ്നേഹമുള്ളൊരു വ്യക്തിയായിരുന്നു,’- ഇതായിരുന്നു ആ കമന്റ്.

അതു വായിച്ചപ്പോൾ എന്റെ കണ്ണു നിറഞ്ഞു, ആ സിനിമ ഇറങ്ങിയ സമയത്ത് എനിക്കോർമയുണ്ട്. നാട്ടിലൊക്കെ അതിന്റെ ബ്രോഷർ വിതരണം ചെയ്യാൻ ഒരാളെ ഏൽപ്പിക്കാൻ ഞാനച്ഛനോട് പറഞ്ഞിരുന്നു. ഇപ്പോഴാണ് മനസ്സിലായത്, അതിന് ആളെ ഏർപ്പാടാക്കിയതിനൊപ്പം കുറച്ചു ബ്രോഷറുകൾ അച്ഛൻ തന്നെ നേരിട്ട് വിതരണം ചെയ്തിരുന്നു എന്ന്. അന്ന് ഇങ്ങനെയൊരു കാര്യം നടന്നിട്ടുണ്ടെങ്കിൽ അച്ഛനെത്ര സങ്കടമായി കാണും എന്നോർത്തപ്പോൾ വേദന തോന്നി. ഇതു പോലുള്ള സങ്കടങ്ങൾ ഒന്നും അച്ഛൻ എന്നോട് പറഞ്ഞിരുന്നില്ല. ഞാൻ രക്ഷപ്പെട്ടു കാണണമെന്ന ആഗ്രഹവും പ്രാർത്ഥനയുമായിരുന്നു അച്ഛനെന്നും.

Read more: ചെന്നത് എയർടെൽ കണക്ഷൻ കൊടുക്കാൻ, എത്തിയത് സിനിമയില്‍

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor saiju kurup on his fathers demise