ദ്രുതഗതിയിലുള്ള നൃത്തച്ചുവടുകൾ കൊണ്ടും സ്വാഭാവികമായ അഭിനയശൈലി കൊണ്ടും മനോഹരമായ പുഞ്ചിരികൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരമാണ് സായ് പല്ലവി. ലോക്ക്ഡൌൺ കാലത്ത് താരങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാകുമ്പോൾ സായ് പല്ലവി നേരെ തിരിച്ചാണ്. ഇടയ്ക്ക് വന്ന് വിശേഷങ്ങൾ പങ്കിട്ടുപോവുമെങ്കിലും സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല താരം. അതുകൊണ്ടുതന്നെ സായ് പല്ലവിയുടെ ഓരോ ഇൻസ്റ്റഗ്രാം പോസ്റ്റുകളും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.
ഒരു കാട്ടുമരത്തിന്റെ വള്ളിയിൽ പിടിച്ച് തൂങ്ങിയാടുന്ന തന്റെ ചിത്രമാണ് സായ് പല്ലവി ഇക്കുറി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഡാർവിന്റെ പരിണാമ സിദ്ധാന്തം ശരിയാണെന്ന് തെളിയിക്കുകയായിരുന്നു താനെന്ന രസകരമായ ക്യാപ്ഷനാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.
ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് സായ് പല്ലവി. ഒരു തമിഴ് ചാനലിലെ റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ കാലം മുതൽ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന പെൺകുട്ടിയാണ് സായ്. എന്നാൽ ‘ഉങ്കളിൽ യാർ പ്രഭുദേവ’ എന്നു പേരുള്ള ആ റിയാലിറ്റി ഷോയുടെ സെമി ഫൈനലിൽ നിന്നും പരാജിതയായി മടങ്ങാനായിരുന്നു സായ് പല്ലവിയെന്ന് പതിനൊന്നാം ക്ലാസുകാരിയുടെ നിയോഗം.
Read More: സായ്പല്ലവിയുടെ ഫോട്ടോയ്ക്ക് ഐഷുവിന്റെ കമന്റ്; ഏറ്റെടുത്ത് മലര് ഫാന്സ്
ആ തോൽവി പക്ഷേ സായ് പല്ലവിയുടെ വിജയങ്ങളിലേക്കുള്ള ചവിട്ടുപടിയായിരുന്നെന്നു വേണം കരുതാൻ. തോറ്റു മടങ്ങിയിടത്തേക്ക് വിജയിയായി വീണ്ടും സായി തിരിച്ചെത്തി. സായ് എന്ന ആ പെൺകുട്ടിയെ പിന്നീട് സൗത്ത് ഇന്ത്യ കണ്ടത് ‘പ്രേമം’ എന്ന ചിത്രത്തിലെ നായികയായാണ്. മലർ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ സൗത്ത് ഇന്ത്യയുടെ മുഴുവൻ സ്നേഹവും സായ് നേടിയെടുത്തു. ഇന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ആരാധകരുള്ള നായികമാരിൽ ഒരാളാണ് സായ് പല്ലവി.
അഭിനയത്തിലും ജീവിതത്തിലും മാത്രമല്ല, നിലപാടുകളിലും തിളങ്ങുന്ന താരമാണ് സായ്. കോടികൾ ഓഫർ ചെയ്തിട്ടും ഒരു ഫെയർനെസ്സ് കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കാൻ തയ്യാറാവാത്ത സായ് പല്ലവിയുടെ നിലപാടും ശ്രദ്ധ നേടിയിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook