വില്ലൻ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് റിയാസ് ഖാൻ. മോഹൻലാൽ ചിത്രം ‘ബാലേട്ടനി’ലൂടെയാണ് റിയാസ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഒരു സിനിമാ കുടുംബത്തിൽ ജനിച്ച റിയാസ് ചെന്നൈയിലാണ് സ്ഥിത താമസമാക്കിയിട്ടുള്ളത്. തമിഴ്‌നാട് സ്വദേശിയും നടിയുമായ ഉമയാണ് റിയാസിന്റെ ഭാര്യ. തമിഴ് സിനിമാ സംഗീത സംവിധായകൻ കമേഷിന്റെയും നടി കമലയുടെയും മകളാണ് ഉമ. ഇരുവർക്കും ഷാരീഖ്, സമർത്ഥ് എന്നു പേരായ രണ്ട് മക്കളുണ്ട്.
കുടുംബവുമൊന്നിച്ചുള്ള റിയാസിന്റെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ട്രെഡിഷ്‌ണൽ വസ്ത്രങ്ങളിഞ്ഞ് ഫൊട്ടൊഷൂട്ടിനായി നിൽക്കുകയാണ് കുടുംബം. അതിനിടയിൽ പകർത്തിയ റീൽ വീഡിയോയാണ് വൈറലാകുന്നത്.
റിയാസ് കുടുംബവുമൊന്നിച്ചുള്ള ചിത്രങ്ങൾ അധികമൊന്നും പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അതുകൊണ്ട് ആരാധകർ ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്. പൊങ്കലിനോട് അനുബന്ധിച്ച് പകർത്തിയ ചിത്രങ്ങളാണെന്നാണ് വ്യക്തമാകുന്നത്.
ബദ്രി, ബാബ, ബാലേട്ടൻ, രമണ, വിന്നർ, റൺവേ, വേഷം, ഗജിനി, തിരുപ്പതി, സ്റ്റാലിൻ,പോക്കിരി രാജ എന്നിവയാണ് റിയാസിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ. സൺ ടി വിയിൽ സംപ്രേഷണം ചെയ്‌ത നന്ദിനിയിലും റിയാസ് വേഷമിട്ടിരുന്നു. മോഹൻലാൽ ചിത്രം ‘ആറാട്ടാ’ണ് റിയാസ് അവസാനമായി അഭിനയിച്ച മലയാള ചിത്രം. മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘പൊന്നിയിൻ സെൽവനി’ലും റിയാസ് അഭിനയിച്ചിരുന്നു.