നടി, നർത്തകി, സംവിധായിക എന്നീ നിലകളിലെല്ലാം പ്രതിഭ തെളിയിച്ച വ്യക്തിത്വമാണ് മലയാളത്തിന്റെ പ്രിയതാരം രേവതി. ഇപ്പോഴിതാ, കുട്ടികൾക്കായി രസകരമായി കഥ പറയുകയാണ് താരം. തൂലിക പബ്ലിഷേഴ്സ്​ ആണ് കുട്ടികൾക്കായി രേവതി കഥ വായിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ രസകരമായാണ് താരം കഥ അവതരിപ്പിക്കുന്നത്.

Read more: എത്രയോ തവണ നമ്മൾ കെട്ടിപ്പിടിച്ചു കരഞ്ഞിരിക്കുന്നു, എന്നും കരുത്താവുന്ന സൗഹൃദത്തെ കുറിച്ച് രേവതിയും സുഹാസിനിയും

തെന്നിന്ത്യൻ സിനിമയിലെ കരുത്തയായ നായികമാരിൽ ഒരാളാണ് രേവതി. 150 ലേറെ സിനിമകളിലായി സിനിമാപ്രേമികൾക്ക് മറക്കാനാവാത്ത നിരവധിയേറെ കഥാപാത്രങ്ങളെ സമ്മാനിച്ച പ്രതിഭ. ജ്യോതികയ്ക്ക് ഒപ്പം അഭിനയിച്ച ‘ജാക്ക്പോട്ട്’ ആണ് ഒടുവിലായി തിയേറ്ററുകളിൽ എത്തിയ രേവതി ചിത്രങ്ങളിൽ ഒന്ന്.

ഭാരതിരാജയുടെ ‘മൺവാസനൈ’ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച രേവതിയെ മലയാളികൾക്ക് പരിചയപ്പെടുത്തുന്നത് സംവിധായകൻ ഭരതൻ ആണ്, ‘കാറ്റത്തെ കിളിക്കൂട്’ എന്ന ചിത്രത്തിലൂടെ. ‘കാറ്റത്തെക്കിളിക്കൂട്’ മുതല്‍ കഴിഞ്ഞ വർഷം തിയേറ്ററുകളിലെത്തിയ ‘വൈറസ്’ വരെയുള്ള നിരവധി മലയാളചിത്രങ്ങളിലൂടെ മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടാൻ രേവതിയ്ക്ക് ആയിട്ടുണ്ട്. ‘കിലുക്ക’ത്തിലെ നന്ദിനിയും, ‘ദേവാസുര’ത്തിലെ ഭാനുമതിയും ‘പാഥേയ’ത്തിലെ രാധയും കാക്കോത്തിക്കാവിലെ കാക്കോത്തിയും എല്ലാം അവരിലെ മികച്ച അഭിനേത്രിയുടെ വിവിധ ഭാവങ്ങള്‍ കാട്ടിത്തന്നവയാണ്.

Read more: ‘കാറ്റത്തെ കിളിക്കൂട്’ മുതൽ ‘വൈറസ്’ വരെ: രേവതി മിന്നിച്ച വേഷങ്ങള്‍

കരിയറിന്റെ തുടക്കക്കാലത്ത് അതികായന്മാരായ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതാണ് ഇന്നു കാണുന്ന രേവതിയെ രൂപപ്പെടുത്തിയതെന്ന് പല അഭിമുഖങ്ങളിലും രേവതി ആവർത്തിക്കാറുണ്ട്. ” എന്റെ കരിയറിന്റെ തുടക്കക്കാലത്ത് സിനിമയിലെ അതികായന്മാരായ ഭാരതിരാജ, ഭരതൻ, മഹേന്ദ്രൻ, ബാലു മഹേന്ദ്ര, പ്രിയദർശൻ, മണിരത്‌നം എന്നിവരോടൊപ്പമെല്ലാം പ്രവർത്തിക്കാനായത് എന്റെ ഭാഗ്യമാണ്, അതാണ് എന്നെ ഇന്നു കാണുന്ന രേവതിയാക്കിയത്. കോമഡിയിൽ ചന്ദ്രബാബു, നാഗേഷ്, മനോരമ എന്നിവരുടെയെല്ലാം പ്രകടനങ്ങൾ ഞാൻ ആസ്വദിച്ചിട്ടുണ്ട്. ഒരു വ്യക്തിയെ സംബന്ധിച്ച് വളരെയധികം വിലമതിക്കപ്പെടുന്ന ഒന്നാണ് അയാളുടെ നർമ്മബോധം. ആരോഗ്യകരമായ നർമ്മവും തമാശയുള്ള കഥാപാത്രങ്ങളും ഞാനിഷ്ടപ്പെടുന്നു.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook