തിരുപ്പതി ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നതിനിടെ തനിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ തട്ടിയെടുത്ത് നടൻ റാണ ദഗ്ഗുബതി. സിനിമതിരക്കുകൾക്കിടയിൽ നിന്നും ബ്രേക്ക് എടുത്ത് ഭാര്യ മിഹീക ബജാജിനോടും അച്ഛൻ ഡി സുരേഷ് ബാബുവിനോടുമൊപ്പം തിരുപ്പതി ക്ഷേത്രത്തിൽ സന്ദർശനത്തിന് എത്തിയതായിരുന്നു റാണ.
റാണയും സംഘവും ക്ഷേത്ര പരിസരത്തു കൂടെ നടക്കുമ്പോഴാണ് ആരാധകൻ ഓടിയെത്തി റാണയ്ക്ക് ഒപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചത്. ഇത് സെൽഫിയെടുക്കാനുള്ള സ്ഥലമല്ലെന്നു പറഞ്ഞ് റാണ ആരാധകന്റെ ഫോൺ തട്ടിയെടുത്തു. തുടർന്ന് ചിരിയോടെ ഫോൺ ആരാധകനു തന്നെ തിരിച്ചു നൽകുകയും ചെയ്തു.
സായ് പല്ലവിയ്ക്ക് ഒപ്പം അഭിനയിച്ച വിരാട പർവ്വം ആണ് റാണയുടെ ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം. ഷാരൂഖ് ഖാൻ, നയൻതാര എന്നിവർ ഒന്നിക്കുന്ന ജവാൻ ആണ് റാണയുടെ പുതിയ ചിത്രം.
2020ൽ ആയിരുന്നു റാണയും ഹൈദരാബാദ് സ്വദേശിയും ബിസിനസുകാരിയുമായ മിഹീഖ ബജാജും തമ്മിലുള്ള വിവാഹം. ഡ്യൂ ഡ്രോപ്പ് ഡിസൈൻ സ്റ്റുഡിയോ എന്ന പേരിൽ ഇന്റീരിയർ ഡെക്കർ ഷോറൂം നടത്തുകയാണ് മിഹീഖ. ഒപ്പം വെഡ്ഡിംഗ് പ്ലാനിംഗും ഇവന്റുകളുമെല്ലാം മിഹീഖ ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. ഇന്റീരിയർ ഡിസൈനിൽ ബിരുദാനന്തര ബിരുദധാരിയാണ് മിഹീഖ.