ബോളിവുഡ് നടി രാഖി സാവന്ത് തന്റെ ആരാധകനെ വിവാഹം കഴിച്ചു. യുകെ ആസ്ഥാനമായുള്ള വ്യവസായി റിതേഷിനെയാണ് രാഖി വിവാഹം കഴിച്ചത്. ഇക്കാര്യം രാഖി സാവന്ത് തന്നെ സ്ഥിരീകരിച്ചു.
“ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നു. ഞാൻ എന്റെ ആരാധകനെ വിവാഹം കഴിച്ചു. എന്നെ യഥാർത്ഥമായി സ്നേഹിച്ച ഒരു ആരാധകനെ,” രാഖി സാവന്ത് പറഞ്ഞു.
യുകെ ആസ്ഥാനമായുള്ള ബിസിനസുകാരനാണ് റിതേഷ് 36കാരനാണ് എന്ന് രാഖി സാവന്ത് വെളിപ്പെടുത്തി. “എനിക്ക് ആരാധകരിൽ നിന്ന് ഓരോ ദിവസവും നൂറുകണക്കിന് സന്ദേശങ്ങൾ ലഭിക്കുന്നു. എന്നാൽ ഈ ഒരു ദിവസം, എനിക്ക് വളരെ വിഷമം തോന്നി, ഒരു ആരാധകൻ എന്നോട് ചോദിച്ചു, ‘എന്തുകൊണ്ടാണ് ഇത്ര വിഷമത്തോടെ കാണപ്പെടുന്നത്?’ എന്ന്. ഞാൻ സ്തബ്ധയായി! ഞാൻ അദ്ദേഹത്തോട് ചോദിച്ചു, ഞാൻ വിഷമിച്ചിരിക്കുകയാണ് എന്ന് എങ്ങനെ മനസിലായി എന്ന്. അതിനോട് അദ്ദേഹം പറഞ്ഞു, ‘നിങ്ങൾക്ക് എന്തുതോന്നുന്നുവെന്ന് മനസിലാക്കാൻ എനിക്ക് സാധിക്കും. കാരണം ഞാൻ വളരെക്കാലമായി നിങ്ങളുടെ ആരാധകനാണ്.’ അപ്പോൾ എനിക്ക് അദ്ദേഹത്തോട് സ്നേഹം തോന്നി. ഒരു ദിവസം ഞാൻ അദ്ദേഹത്തെ വിവാഹം കഴിക്കുമെന്ന് ആ ദിവസം എനിക്കറിയാമായിരുന്നു,”രാഖി സാവന്ത് പറഞ്ഞു.
എന്തുകൊണ്ടാണ് വിവാഹം വളരെ രഹസ്യമായി സൂക്ഷിച്ചതെന്ന് ചോദിച്ചപ്പോൾ രാഖി സാവന്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, “വിവാഹിതരാണെന്ന് ആളുകൾ അറിഞ്ഞാൽ, മുമ്പ് സ്ത്രീകൾ അനുഭവിച്ചിരുന്നത് പോലെ എനിക്കും ഈ മേഖലയിൽ അവസരങ്ങൾ ലഭിക്കാതെയാകു എന്ന് ഞാൻ ഭയപ്പെട്ടു. ദീപിക, പ്രിയങ്ക തുടങ്ങിയ വലിയ നടിമാരെ പോലെയല്ല. അവർക്ക് വിവാഹക്കാര്യം പ്രഖ്യാപിച്ചാലും എപ്പോഴത്തേയും പോലെ അവസരങ്ങൾ ലഭിക്കും. പക്ഷെ ഞാൻ ഐറ്റം നമ്പറുകൾ ചെയ്യുന്ന ആളാണ്. ഞാൻ ഇപ്പോൾ വിവാഹിതയായ സ്ത്രീയാണെന്ന് ആളുകൾ അറിഞ്ഞാൽ എനിക്ക് ജോലി ലഭിക്കുമോ എന്ന് എനിക്കറിയില്ല. എന്നാൽ ഇന്ന് ഞാൻ വളരെ സന്തുഷ്ടയായ സ്ത്രീയായതിനാൽ അത് പിന്നീടുള്ള കാര്യമാണെന്ന് ഞാൻ കരുതുന്നു. ഞാൻ സ്വപ്നം കണ്ടിരുന്ന ഒരു പുരുഷനുമായി ഞാൻ വിവാഹിതയായി,” രാഖി സാവന്ത് പറഞ്ഞു.
റിതേഷുമായുള്ള ഒരു വർഷത്തെ പ്രണയത്തിനു ശേഷം രാഖി സാവന്ത് ജൂലൈ 28 ന് മുംബൈയിലെ അന്ധേരിയിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് വിവാഹിതയായി. വിവാഹത്തെക്കുറിച്ച് സാവന്ത് പറയുന്നതിങ്ങനെ, “ഞങ്ങൾ ക്രിസ്ത്യൻ ആചാര പ്രകാരവും ഹിന്ദു ആചാര പ്രകാരവും വിവാഹിതരായി. മനോഹരമായ ഒരു വിവാഹദിനം ഞാൻ എപ്പോഴും സ്വപ്നം കണ്ടിരുന്നു, ഒടുവിൽ അത് സംഭവിച്ചു. റിതേഷ് മാന്യനായ ഒരു ബിസിനസുകാരനാണ്, ഇപ്പോൾ മാധ്യമങ്ങളിൽ കാണാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾക്ക് കുഞ്ഞുങ്ങളുണ്ടാകുമ്പോൾ ഒരു ബേബി ഫോട്ടോഷൂട്ട് ഉണ്ടാകുമെന്ന് അദ്ദേഹം എനിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. അപ്പോഴേക്കും മാധ്യമങ്ങളെ നേരിടാൻ അദ്ദേഹം തയ്യാറാകും. ”