പെരുന്നാള്‍ ദിനത്തില്‍ പകർത്തിയ പേരക്കുട്ടി അയാനൊപ്പമുള്ള ചിത്രങ്ങൾ ഷെയർ ചെയ്യുകയാണ് മലയാളികളുടെ പ്രിയ താരം റഹ്മാൻ. മകൾ റുഷ്ദയുടെ മകനാണ് അയാന്‍ റഹ്‌മാന്‍ നവാബ്.
“ചില സമയത്ത് ഏറ്റവും ചെറിയ കാര്യങ്ങള്‍ നിങ്ങളുടെ ഹൃദയത്തില്‍ കൂടുതല്‍ ഇടം കണ്ടെത്തുന്നു, എന്റെ ജൂനിയറിനെ പരിചയപ്പെടൂ,” എന്നാണ് റഹ്മാൻ കുറിച്ചത്. നിങ്ങളെ മുത്തച്ഛനായൊന്നും കാണാനേ പറ്റുന്നില്ലെന്നാണ് ആരാധകരുടെ കമന്റ്. ഞങ്ങളുടെ റൊമാന്റിക് ഹീറോയ്ക്ക് എന്നും ചെറുപ്പമാണെന്നും ആരാധകർ കമന്റ് ചെയ്യുന്നു.
2021 ഡിസംബറിലായിരുന്നു റുഷ്ദയുടേയും കൊല്ലം സ്വദേശിയായ അല്‍ത്താഫ് നവാബിന്റേയും വിവാഹം. എയ്റ്റീസ് താരങ്ങളുടെ സംഗമത്തിനു കൂടി സാക്ഷിയാവുകയായിരുന്നു ആ വിവാഹവേദി. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് റുഷ്ദ അയാന് ജന്മം നല്‍കിയത്.
മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക് സിനിമയിലും ഒരുപോലെ തിളങ്ങിയ നടനാണ് റഹ്മാൻ. 1983 ൽ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന മലയാള സിനിമയിലൂടെയാണ് റഹ്മൻ അഭിനയത്തിലേക്ക് എത്തിയത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചു. എ.ആർ.റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരിയായ മെഹറുന്നീസയാണ് റഹ്മാന്റെ ഭാര്യ.
മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പൊന്നിയിൻ സെൽവനാണ് റഹ്മാന്റെ അവസാനം തിയേറ്ററിലെത്തിയ ചിത്രം. ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രിൽ 28ന് റിലീസിനെത്തും.