തിരക്കഥാകൃത്തും സംവിധായകനുമായ പി.പത്മരാജൻ മൺമറഞ്ഞിട്ട് 32 വർഷം പിന്നിട്ടിരിക്കുന്നു.മനുഷ്യമനസിൻ്റെ സൂക്ഷ്മതകളിലേക്കിറങ്ങിച്ചെന്നാണ് പലപ്പോഴും പത്മരാജൻ തന്റെ കഥാപാത്രങ്ങളെ കണ്ടെത്തിയത്. അതുകൊണ്ടൊക്കെയാണ്, ഇന്നും പത്മരാജൻ ബാക്കിവച്ചുപോയ ചിത്രങ്ങളും കഥാപാത്രങ്ങളും കാലാതിവർത്തിയായി പ്രേക്ഷകരോട് സംസാരിച്ചുകൊണ്ടേയിരിക്കുന്നത്.
പത്മരാജന്റെ ഓർമദിനത്തിൽ നടൻ റഹ്മാൻ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “വർഷങ്ങൾ ഒരുപാട് കഴിഞ്ഞു. മൂന്നു പതിറ്റാണ്ടിനും അപ്പുറം. എന്നിട്ടും, പപ്പേട്ടനുമായുള്ള അവസാന കൂടിക്കാഴ്ച ഇപ്പോഴും മനസ്സിൽ മായാതെയുണ്ട്. ‘മൂന്നാംപക്കം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തീർന്ന ദിവസം എന്നെ ചേർത്തുനിർത്തി പറഞ്ഞ വാക്കുകൾ ഇപ്പോഴും ഉള്ളിൽ മുഴങ്ങുന്നു. ആ ചിത്രത്തിൽ ജയറാമായിരുന്നു നായകൻ. നായകന്റെ കൂട്ടുകാരന്റെ വേഷമായിരുന്നു എനിക്ക്. എന്റെ കഥാപാത്രത്തിന് പ്രാധാന്യം കുറവായതിന്റെ ചെറിയൊരു സങ്കടം എനിക്ക് ഉണ്ടായിരുന്നു.
‘കൂടെവിടെ’യിലൂടെ എന്ന സിനിമയിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന, ‘പറന്നു പറന്ന് പറന്ന്’ എന്ന ചിത്രത്തിലൂടെ ആദ്യ നായകവേഷം തന്ന, ‘കാണാമറയത്തി’ലും ‘കരിയിലക്കാറ്റുപോലെ’യിലും മികച്ച വേഷങ്ങൾ തന്ന പപ്പേട്ടന്റെ, മറ്റൊരു മികച്ച കഥാപാത്രത്തെ സ്വപ്നം കണ്ടാണ് ഞാൻ ആ സെറ്റിലെത്തിയത്. തമിഴിൽ മികച്ച നായകവേഷങ്ങൾ ഞാൻ ചെയ്തുകൊണ്ടിരുന്ന സമയമായിരുന്നു അത്. ഒരു വിഷമവും പുറത്തുകാണിക്കാതെ, പപ്പേട്ടനുമൊത്തുള്ള ഷൂട്ടിങ് ദിവസങ്ങൾ ആസ്വദിച്ചുതന്നെ പൂർത്തിയാക്കി.
Republic Day Special Price | This limited offer gives you an annual subscription at Rs 999 along with added benefits. Click to see offer
ഷൂട്ടിങ് തീർന്ന് മടങ്ങുംമുൻപ് പപ്പേട്ടൻ എന്നെ ചേർത്തുനിർത്തി. എന്റെ മനസ്സു വായിച്ചിട്ട് എന്ന പോലെ പറഞ്ഞു. “നിന്റെ വേഷം ചെറുതാണെന്ന് ഓർത്ത് വിഷമിക്കണ്ട. ഇനിയും അവസരങ്ങളില്ലേ. ഞാൻ വിളിക്കും.” ഒരു സീനില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന എത്ര ചെറിയ കഥാപാത്രമാണെങ്കിലും പപ്പേട്ടന് പറഞ്ഞാല്‍ ഞാന്‍ അഭിനയിക്കും, അത് അദ്ദേഹത്തിനുമറിയാം. എന്നിട്ടും അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു.
ആദ്യമായി പപ്പേട്ടന്റെ മുന്നിലെത്തിയതു മുതൽ, മകനോടുള്ള വാത്സല്യമായിരുന്നു അദ്ദേഹത്തിന് എന്നോട്. ഷൂട്ടിങ്ങില്ലാത്ത സമയങ്ങളില്‍ പോലും എന്നെ അടുത്തുവിളിച്ചിരുത്തി വരാനിരിക്കുന്ന സീനുകള്‍ പറഞ്ഞു മനസിലാക്കി തരുമായിരുന്നു.ഹോട്ടലിൽ അദ്ദേഹത്തിന്റെ മുറിക്ക് അടുത്താണ് എന്റെ മുറിയെന്ന് ഉറപ്പാക്കും. അതുപോലുള്ള കെയറിങ്.
പപ്പേട്ടന് മരിക്കുമ്പോള്‍ മദ്രാസില്‍ ഏതോ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു ഞാന്‍. ആ വാർത്ത കേട്ട് ഞാന്‍ തരിച്ചുനിന്നു പോയി. എന്റെ അപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഓർക്കാൻ പോലും പറ്റുന്നില്ല. മമ്മൂക്കയും സൈനുദ്ദീനും അന്ന് മദ്രാസിലുണ്ടായിരുന്നു. പപ്പേട്ടനെ അവസാനമായി കാണാന്‍ നാട്ടിലേക്ക് വരുമ്പോള്‍ മമ്മൂക്കയ്ക്ക് ഒപ്പം ട്രെയിനിലാണ് വന്നത്. ചലനമറ്റ് കിടക്കുന്ന പപ്പേട്ടനെ കാണുമ്പോൾ എന്റെ ഉള്ള് പിടഞ്ഞു. അധികം സമയം അദ്ദേഹത്തെ നോക്കിനിൽക്കാൻ എനിക്ക് സാധിച്ചില്ല.
എനിക്കു തന്ന വാക്ക് പാലിക്കാന്‍ നില്‍ക്കാതെ, രവി പുത്തൂരാനെ പോലെ ഒരു നല്ല കഥാപാത്രത്തെക്കൂടി എനിക്കു തരാതെ, അദ്ദേഹം യാത്രയായി. പ്രിയ ഗുരുനാഥന്റെ ഓർമകൾക്കു മുന്നിൽ, ഒരായിരം പൂക്കൾ,” റഹ്മാൻ കുറിച്ചു.