റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച് പിന്നീട് അഭിനയരംഗത്ത് എത്തിപ്പെട്ട നടനാണ് ശ്രീനാഥ് ഭാസി. വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടനടനായി മാറിയ ശ്രീനാഥ് ഭാസിയുടെ കുട്ടിക്കാലചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

റെഡ് എഫ്എം 93.5ൽ ഒരു റേഡിയോ ജോക്കിയായാണ് ശ്രീനാഥിന്റെ തുടക്കം. പിന്നീട് സൂര്യ ടിവിയിൽ വിജെയായും പ്രവർത്തിച്ചു. 2012ൽ പുറത്തിറങ്ങിയ പ്രണയമാണ് ശ്രീനാഥിന്റെ അരങ്ങേറ്റ ചലച്ചിത്രം. പിന്നീട് ഉസ്താദ് ഹോട്ടൽ, ടാ തടിയാ, ഹണീ ബീ, നോർത്ത് 24 കാതം, കെഎൽ 10 പത്ത്, അനുരാഗ കരിക്കിൻ വെള്ളം, ജേക്കബിന്റെ സ്വർഗരാജ്യം, പറവ, ബിടെക് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി.
കുമ്പളങ്ങി നൈറ്റ്സിലെ ബോണി എന്ന കഥാപാത്രം ശ്രീനാഥിന് വലിയൊരു ബ്രേക്ക് സമ്മാനിച്ച ചിത്രമാണ്. അഞ്ചാം പാതിര, ട്രാൻസ്, കപ്പേള എന്നിവയാണ് മറ്റു ചിത്രങ്ങൾ. ഹോം, സുമേഷ് & രമേഷ് എന്നീ ചിത്രങ്ങളിൽ നായകനായും ശ്രീനാഥ് എത്തിയിരുന്നു. അമൽ നീരദ് ചിത്രം ഭീഷ്മപർവ്വത്തിലാണ് ഏറ്റവുമൊടുവിൽ പ്രേക്ഷകർ ശ്രീനാഥിനെ കണ്ടത്.
ഒരു ഗായകൻ കൂടിയായ ശ്രീനാഥ് ക്രിംസൺ വുഡ് എന്ന ബാൻഡിലും അംഗമായിരുന്നു. ഡിജെയായും ശ്രീനാഥ് പ്രവർത്തിച്ചിട്ടുണ്ട്.
തന്റെ കൂട്ടുകാരിയായ റീതു സക്കറിയയെ ആണ് ശ്രീനാഥ് വിവാഹം ചെയ്തിരിക്കുന്നത്. ഒരു മകളും ഈ ദമ്പതികൾക്ക് ഉണ്ട്.