ബോളിവുഡിന്റെ സ്വന്തം ഭായി ജാനെന്നും സല്ലുഭായ് എന്നുമൊക്കെ അറിയപ്പെടുന്ന താരമാണ് സൽമാൻ ഖാൻ. ഫിറ്റ്നസ്സ് ഫ്രീക്കായ താരത്തിനെ മസിൽ ഖാൻ എന്നാണ് ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത്. സൽമാൻ ഖാന്റെ കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്.

1988-ൽ പുറത്തിറങ്ങിയ ‘ബിവി ഹൊ തൊ ഐസി’ എന്ന ചിത്രത്തിലൂടെയാണ് സൽമാൻ ഖാൻ അരങ്ങേറ്റം കുറിച്ചത്. എന്നാൽ 1989-ൽ പുറത്തിറങ്ങിയ മൈനേ പ്യാർ കിയ എന്ന ചിത്രത്തിലൂടെയായിരുന്നു ആദ്യമായി നായകനായത്. ഏക് ലഡ്ക ഏക് ലഡ്കി, ചന്ദ്ര മുഖി, കുച്ച് കുച്ച് ഹോത്ത ഹയ്, ദബാങ്, ഏക് താ ടൈഗർ, ഹം ദിൽ ദെ ചുകെ സനം, തേരെ നാം, ടൈഗർ സിന്ദാ ഹേ, ബജ്രംഗി ബായ്ജാന്, സുൽത്താൻ, കിക്ക്, പ്രേം രത്തന് ധന് പായോ, ബോഡി ഗാർഡ്, തുടങ്ങി നിരവധി ചിത്രങ്ങൾ സൽമാൻ ഖാൻ ബോളിവുഡ് പ്രേക്ഷകർക്ക് സമ്മാനിച്ചു.
ബോളിവുഡിലെ പ്രശസ്ത എഴുത്തുകാരനായ സലിം ഖാന്റെയും സുശീല ചരകിന്റേയും മൂത്ത മകനായാണ് സൽമാൻ ജനിച്ചത്. അർബാസ് ഖാൻ മാത്രമല്ല, സൽമാന്റെ ഇളയസഹോദരനായ സൊഹൈൽ ഖാനും നടനാണ്. അൽവിറ, അർപ്പിത എന്നിങ്ങനെ രണ്ടു സഹോദരിമാരും സൽമാനുണ്ട്.

മലയാളി പ്രേക്ഷകർക്കും സുപരിചിതനാണ് അർബാസ് ഖാൻ. അടുത്തിടെ സംവിധായകൻ സിദ്ദിഖിന്റെ ‘ബിഗ് ബ്രദർ’ എന്ന മലയാള ചിത്രത്തിൽ പ്രതിനായകവേഷം ചെയ്തത് അർബാസ് ഖാനായിരുന്നു. വേദാന്തം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് അർബാസ് അവതരിപ്പിച്ചത്. അർബാസ് ഖാന് ശബ്ദം നൽകിയത് നടൻ വിനീത് ആയിരുന്നു.
അഭിനേതാവെന്ന രീതിയിൽ മാത്രമല്ല, നിർമ്മാണരംഗത്തും സജീവമാണ് സൽമാൻ ഖാൻ. ഏറ്റവും ജനപ്രീതിയാർന്ന റിയാലിറ്റിഷോയായ ഹിന്ദി ബിഗ് ബോസിന്റെ അവതാരകനും സൽമാൻ ഖാനാണ്.