പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഡ്രൈവിങ് ലൈസന്‍സ്’ തിയറ്ററുകളില്‍ മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. ഒരു സിനിമാ താരമായാണ് പൃഥ്വിരാജ് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

ഒരു താരമാകുന്നതിനു മുന്‍പ് മറ്റ് പല താരങ്ങളുടെയും കടുത്ത ആരാധകനായിരുന്നു താന്‍ എന്ന് പൃഥ്വിരാജ് പറയുന്നു. സിനിമയിലെത്തിയ ശേഷം തമിഴ് സൂപ്പര്‍സ്റ്റാറുകളുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ചും പൃഥ്വിരാജ് സംസാരിക്കുന്നു. മനോരമ ഓൺലൈനും ജെയ്ൻ യൂണിവേഴ്‌സിറ്റിയും ചേർന്നു സംഘടിപ്പിച്ച ‘സൂപ്പർ ഫാൻസ്’ പരിപാടിയിൽ താരങ്ങളുടെ ആരാധകരോട് സംവദിക്കുമ്പോഴാണ് പൃഥ്വിരാജ് മനസ് തുറന്നത്.

Read Also: ‘ഡ്രൈവിംഗ് ലൈസന്‍സി’ല്‍ നിന്ന് മമ്മൂട്ടി പിന്മാറിയത് ഇക്കാരണത്താലോ?

സിനിമാ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട മാറ്റം കൊണ്ടുവരാന്‍ തന്നെ സഹായിച്ചത് തമിഴ് താരം അജിത്താണെന്ന് പൃഥ്വിരാജ് പറയുന്നു. സൂര്യ-ജ്യോതിക താരദമ്പതികളുടെ ഗൃഹപ്രവേശത്തിന് തന്നെയും ക്ഷണിച്ചിരുന്നു. അവിടെവച്ചാണ് അജിത്തുമായി കൂടുതല്‍ സംസാരിച്ചത്. രണ്ടുമണിക്കൂറോളം അജിത്തുമായി സംസാരിക്കാന്‍ സാധിച്ചെന്ന് പൃഥ്വിരാജ് പറയുന്നു.

അജിത്തിൽനിന്ന് മനസിലാക്കിയ പല കാര്യങ്ങളും താന്‍ ജീവിതത്തില്‍ ഇന്നും അതേപടി തുടര്‍ന്നുകൊണ്ടുപോകുന്നുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. ജീവിതത്തിലെയോ സിനിമയിലെയോ ജയപരാജയങ്ങള്‍ അജിത്തിനെ ബാധിക്കാറില്ല. സിനിമ ഗംഭീര വിജയം നേടിയാലോ പരാജയപ്പെട്ടാലോ കൂടുതല്‍ വൈകാരികമായി അദ്ദേഹം പ്രതികരിക്കാറില്ല. ഇതേ ശൈലിയാണ് താനും ഇപ്പോള്‍ തുടരുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു പൃഥ്വി.

Read Also: താരവും ആരാധകനും ഏറ്റുമുട്ടുമ്പോള്‍:’ഡ്രൈവിങ് ലൈസന്‍സ് റിവ്യൂ

‘ലൂസിഫര്‍’ ഇറങ്ങിയ സമയത്ത് രജനീകാന്ത് തന്നെ വിളിച്ചിരുന്നതായി പൃഥ്വിരാജ് പറയുന്നു. അദ്ദേഹത്തെ നായകനാക്കി സിനിമയൊരുക്കുന്നതിനെക്കുറിച്ചും സംസാരിച്ചിരുന്നു. തന്നെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാമോ എന്നാണ് രജനി സാർ ചോദിച്ചത്. എന്നാൽ, ആടുജീവിതത്തിന്റെ തിരക്കിലായതിനാൽ എനിക്കത് ചെയ്യാൻ സാധിച്ചില്ല. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി ഞാൻ കാണുന്നത് ഇക്കാര്യമാണ്. ജീവിതത്തിൽ ഇത്ര വലിയ ക്ഷമാപണം ചോദിച്ച് വേറെ ആർക്കും മെസേജ് അയക്കേണ്ടി വന്നിട്ടില്ല. രജനി സാർ വച്ചുനീട്ടിയ അവസരം നിഷേധിച്ചത് വലിയ നഷ്ടമാണെന്നും പൃഥ്വിരാജ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook