scorecardresearch

Pratap Pothen Passes Away: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു

Prathap Pothen Dead: ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Prathap Pothen Dead: ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

author-image
Entertainment Desk
New Update
Prathap Pothen, Prathap Pothen dead, Prathap Pothen news, Prathap Pothen latest, prathap pothen dead, prathap pothen films

Actor Director Prathap Pothen Dead: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈയിലെ കീഴ്പ്പാക്കത്തുള്ള വസതിയിലായിരുന്നു അന്ത്യം. ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Advertisment

മലയാളം, തമിഴ്,കന്നട, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളിലുള്ള 95 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മുപ്പതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്. മലയാളത്തിൽ 'ഋതുഭേദം,' 'ഡെയ്സി,' 'ഒരു യാത്രാമൊഴി' എന്നീ ചിത്രങ്ങളും തെലുഗിൽ 'ചൈതന്യ' എന്ന ചിത്രവും തമിഴിൽ 'ജീവ,' 'വെറ്റ്രിവിഴ,' 'ലക്കിമാൻ' തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധ നേടിയവയാണ്.

സിബിഐ 5 ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം. കലണ്ടര്‍, അയാളും ഞാനും തമ്മില്‍, 3 ഡോട്‌സ്, ആറു സുന്ദരിമാരുടെ കഥ, അരികില്‍ ഒരാള്‍, ഇടുക്കി ഗോള്‍ഡ്, ലണ്ടന്‍ ബ്രിഡ്ജ്, ബാംഗ്ലൂര്‍ ഡെയ്‌സ്, മുന്നറിയിപ്പ്, വേഗം, മറിയം മുക്ക്, അപ്പവും വീഞ്ഞും, കനല്‍, എസ്ര, ഉയരെ, പച്ചമാങ്ങ, ഫോറന്‍സിക് തുടങ്ങിയവയാണ് പോത്തൻ അഭിനയിച്ച മറ്റു മലയാള ചിത്രങ്ങൾ.

Pratap Pothen Biography

വ്യവസായിയായി ആയിരുന്ന കുളത്തുങ്കല്‍ പോത്തന്റെയും പൊന്നമ്മ പോത്തന്റെയും മകനായി 1952 ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് ആയിരുന്നു പോത്തന്റെ ജനനം. ഊട്ടിയിലെ ലോറൻസ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി.

Advertisment

കോളേജ് കാലഘട്ടം മുതൽ പ്രതാപ് പോത്തൻ നാടകങ്ങളിൽ സജീവമായിരുന്നു. മദ്രാസ് പ്ലയേഴ്സ് എന്ന തിയേറ്റർ സംഘത്തിൽ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതൻ‌ തന്റെ 'ആരവം' എന്ന ചിത്രത്തിലേക്ക് പോത്തനെ ക്ഷണിക്കുകയായിരുന്നു. പിന്നീട് 'തകര,' 'ചാമരം,' 'ലോറി' എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. തകരയിലെയും ചാമരത്തിലെയും അഭിനയം ഏറെ നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടി. ഈ ചിത്രങ്ങളിലെ അഭിനയത്തിന് 79-80 വര്‍ഷങ്ങളിലെ മികച്ച മലയാള നടനുള്ള ഫിലിം ഫെയര്‍ പുരസ്‌ക്കാരവും ലഭിച്ചു.

'നെഞ്ചെത്തെ കിള്ളാതെ,' 'പന്നീർ പുഷ്പങ്ങൾ,' 'വരുമയിൻ നിറം ശിവപ്പു' എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും അദ്ദേഹത്തെ പ്രശസ്തനാക്കി. കെ. ബാലചന്ദർ സം‌വിധാനം ചെയ്ത 'വരുമയിൻ നിറം ശിവപ്പു' എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ്‌ ഇവയിൽ ഏറെ ശ്രദ്ധ നേടിയത്.

സംവിധായകനായി തുടക്കം തമിഴിലായിരുന്നു. 1985ല്‍ സംവിധാനം ചെയ്ത 'മീണ്ടും ഒരു കാതല്‍ കതൈ'യായിരുന്നു ആദ്യ സംവിധാന സംരഭം. ചിത്രത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചു.  നവാഗത സംവിധായകന്റെ മികച്ച സിനിമയ്ക്കുള്ള ഇന്ദിരാ ഗാന്ധി അവാര്‍ഡ് ആണ് 'മീണ്ടും ഒരു കാതല്‍ കതൈ'ക്ക് ലഭിച്ചത്. ആദ്യ സംവിധാന സംരഭത്തിന്റെ രചനയും പ്രതാപ് പോത്തന്റേതായിരുന്നു. മലയാളത്തിൽ 'ഋതുഭേദം' ആയിരുന്നു ആദ്യ ചിത്രം.

മികച്ച വില്ലനുള്ള സൗത്ത്ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ് ഉൾപ്പെടെ അനേകം പുരസ്കാരങ്ങൾ ക്കും അർഹനായിട്ടുണ്ട്. നിർമാതാവ് ഹരി പോത്തൻ സഹോദരനാണ്.

തെന്നിന്ത്യന്‍ ചലച്ചിത്ര താരം രാധികയെ 1985ല്‍ വിവാഹം ചെയ്തെങ്കിലും അടുത്ത വർ‌ഷം തന്നെ വിവാഹമോചിതനായി. പിന്നീട് 1990 ൽ അമല സത്യനാഥിനെ വിവാഹം കഴിച്ചു. ഈ വിവാഹവും പിരിഞ്ഞു. ഇതില്‍ കേയ എന്ന മകളുണ്ട്.

Read Here: അങ്കിള്‍, നിങ്ങളെ മിസ്സ്‌ ചെയ്യും; പ്രതാപ്‌ പോത്തന്‍റെ നിര്യാണത്തില്‍ പൃഥ്വിരാജ്

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: