scorecardresearch
Latest News

ഇന്ത്യ സ്വാതന്ത്ര്യം നേടിയ വാർത്ത ലോകത്തെ ആദ്യമായി അറിയിച്ചയാൾ; മലയാളികൾ നെഞ്ചിലേറ്റിയ നടൻ

ഇന്ത്യയിൽ മറ്റാർക്കും ലഭിക്കാത്തൊരു ഭാഗ്യം ലഭിച്ച കഥ കൂടി പറയാനുണ്ട് ചിത്രത്തിലെ സ്നേഹനിധിയായ അമ്മാവൻ കഥാപാത്രത്തെ അവതരിപ്പിച്ച പൂർണം വിശ്വനാഥന്

ഇന്ത്യ സ്വാതന്ത്ര്യം നേടിയ വാർത്ത ലോകത്തെ ആദ്യമായി അറിയിച്ചയാൾ; മലയാളികൾ നെഞ്ചിലേറ്റിയ നടൻ

മലയാളത്തിലെ ജനപ്രീതിനേടിയ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ഹിറ്റ് ചിത്രത്തിൽ മോഹൻലാൽ, രഞ്ജിനി, നെടുമുടി വേണു, ശ്രീനിവാസൻ, സുകുമാരി എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിൽ രഞ്ജിനി അവതരിപ്പിച്ച കല്യാണി എന്ന കഥാപാത്രത്തിന്റെ അച്ഛനായി എത്തിയത് നാടക- ചലച്ചിത്ര നടനായ പൂർണം വിശ്വനാഥൻ ആയിരുന്നു. സ്നേഹസമ്പന്നനായ ചിത്രത്തിലെ ആ അമ്മാവൻ കഥാപാത്രത്തെ മറക്കാൻ മലയാളികൾക്ക് അത്ര വേഗത്തിൽ കഴിയില്ല.

പൂർണം വിശ്വനാഥനെ കുറിച്ചുള്ള കൗതുകകരമായ മറ്റൊരു കാര്യം കൂടിയുണ്ട്. ഇന്ത്യയിൽ മറ്റാർക്കും ലഭിക്കാത്തൊരു ഭാഗ്യം ലഭിച്ച മനുഷ്യൻ എന്ന് പൂർണം വിശ്വനാഥനെ വിശേഷിപ്പിക്കാം. കാരണം ഇന്ത്യ സ്വാതന്ത്ര്യം നേടിയ വാർത്ത ലോകത്തെ ആദ്യമായി അറിയിച്ചത് പൂർണം വിശ്വനാഥനായിരുന്നു. ഓൾ ഇന്ത്യ റേഡിയോയിൽ ന്യൂസ് റീഡറായി ഏറെ നാൾ ജോലി ചെയ്തിട്ടുണ്ട് അദ്ദേഹം. 1947ൽ ആഗസ്റ്റ് 15ന് ഇന്ത്യയ്ക്ക് സ്വാതന്ത്യം കിട്ടിയതിനു ശേഷമുള്ള ആദ്യത്തെ ന്യൂസ് ബുള്ളറ്റിൻ വായിച്ചത് പൂർണം വിശ്വനാഥനായിരുന്നു.

“1945 മുതൽ ഞാൻ ആകാശവാണിയിൽ വാർത്താ വായനക്കാരനായിരുന്നു. നിങ്ങൾക്ക് ഇതിനെ വിചിത്രമായ യാദൃശ്ചികതയെന്നോ ദൈവികമായ യാദൃശ്ചികതയെന്നോ വിളിക്കാം. ഓഗസ്റ്റ് 14-ന് രാത്രി ഡ്യൂട്ടി ലിസ്റ്റ് പ്രഖ്യാപിച്ചപ്പോൾ എന്റെ പേര് ഷെഡ്യൂൾ ചെയ്തു. കിഴക്കൻ ഏഷ്യൻ ശ്രോതാക്കൾക്കായി രാവിലെ 5.30 നാണ് ന്യൂസ് ബുള്ളറ്റിൻ സംപ്രേക്ഷണം ആരംഭിച്ചത്, ഞാനായിരുന്നു ആദ്യ ബുള്ളറ്റിൻ വായിച്ചത്. അതെന്റെ വലിയ ഭാഗ്യമായിരുന്നു. India is a free country (ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണ്) എന്നതായിരുന്നു എന്റെ ആദ്യ വാചകം. വാർത്താ ബുള്ളറ്റിൻ പൂർത്തിയാക്കുന്നത് വരെ ഞാൻ എന്റെ വികാരങ്ങൾ നിയന്ത്രിച്ചു. പിന്നീട് ഞാൻ സന്തോഷം കൊണ്ട് കരഞ്ഞു. ഞാൻ കരഞ്ഞത് രണ്ട് കാരണങ്ങളാലാണ്. ഒന്ന്, എന്റെ ഇന്ത്യ സ്വതന്ത്രമായിരുന്നു; രണ്ടാമത്, ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന വാർത്താ ബുള്ളറ്റിൻ വായിക്കാൻ എന്നെ തിരഞ്ഞെടുത്തിരിക്കുന്നു!” ആ അനുഭവത്തെ കുറിച്ച് പിൽക്കാലത്ത് പൂർണം വിശ്വനാഥൻ പറഞ്ഞതിങ്ങനെ.

1921 നവംബർ 15ന് ചെന്നൈയിലാണ് പൂർണം വിശ്വനാഥൻ ജനിച്ചത്. പതിനെട്ടാം വയസ്സു മുതൽ നാടകവേദികളിൽ സജീവമായി പ്രവർത്തിച്ചു തുടങ്ങി. അതിനിടയിൽ ഓൾ ഇന്ത്യ റേഡിയോയിൽ ന്യൂസ് റീഡറായും പ്രവർത്തിച്ചു. ചിത്രം, വരുഷം 16, തില്ലു മുള്ളു, കേളടി കൺമണി, മൂൺട്രാം പിറൈ, ആശൈ, മഹാനദി തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചു.

നാടകത്തോടുള്ള പ്രണയമാണ് പൂർണം ന്യൂസ് തിയേറ്റേഴ്സ് എന്ന ട്രൂപ്പു തുടങ്ങാൻ അദ്ദേഹത്തിന് പ്രചോദനമായത്. ഏറെ ചെറുകഥകളും നാടകങ്ങളും എഴുതിയിട്ടുണ്ട്. പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഏക് തുജെ കെ ലിയേ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അഭിനയിച്ചു, കമൽഹാസന്റെ അച്ഛന്റെ വേഷമായിരുന്നു ചിത്രത്തിൽ. പ്രത്യേക തരത്തിലുള്ള വോയ്സ് മോഡുലേഷനും മാനറിസവുമാണ് പൂർണം വിശ്വനാഥനെ പ്രേക്ഷകർക്കിടയിൽ സ്വീകാര്യനാക്കിയത്. 2008 ഒക്ടോബർ ഒന്നിന് തന്റെ 87-ാം വയസ്സിൽ പൂർണം വിശ്വനാഥൻ ലോകത്തോട് വിട പറഞ്ഞു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor poornam viswanathan all india radio news reader who announced india attaining freedom news bulletin first