ബോളിവുഡ് താരവും മുന്‍ മിസ് ഇന്ത്യയുമായ പൂജ ബത്ര വിവാഹിതയായി. നടന്‍ നവാബ് ഷായെയാണ് പൂജ വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരും ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഇവര്‍ വിവാഹിതരായെന്ന് സൂചിപ്പിക്കുന്നു. പൂജയുടെ രണ്ടാം വിവാഹമാണ് ഇത്.

സൈക്കോളജിക്കല്‍ ത്രില്ലറായ ‘മിറര്‍ ഗെയിം'(2017) എന്ന ചിത്രത്തിലാണ് പൂജ ബത്ര അവസാനമായി അഭിനയിച്ചത്. നവാബുമായി ഏറെ നാളായി പൂജ പ്രണയത്തിലായിരുന്നു. തങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങളും ഇരുവരും പങ്കുവയ്ക്കാറുണ്ട്.

View this post on Instagram

A story you can make a movie on

A post shared by Nawab Shah (@nawwabshah) on

പരമ്പരാഗത ചടങ്ങുകളോടെ ഇരുവരും വിവാഹിതരാകുന്ന വാര്‍ത്ത അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ‘അവര്‍ ഇതുവരെ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നാല്‍ ഉടന്‍ ഉണ്ടാകും. സുഹൃത്തുക്കളും കുടുംബവുമൊക്കെ ഏറെ സന്തോഷത്തിലാണ്. നവാബിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി അവര്‍ ശ്രീനഗറിലായിരുന്നു അടുത്തിടെ,’ വൃത്തങ്ങള്‍ പറഞ്ഞതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2003 ഫെബ്രുവരി 9-ന് ഡോക്ടർ ആയ സോനു അലുവാലിയയെ വിവാഹം ചെയ്ത പൂജ ഭർത്താവിനൊപ്പം അമേരിക്കയിലെ ലൊസാഞ്ചൽസിൽ താമസമാക്കിയിരുന്നു. എന്നാൽ പൊരുത്തപ്പെടാനാവാത്ത അസ്വാരസ്യങ്ങൾ എന്ന കാരണം ചൂണ്ടിക്കാണിച്ച് പിന്നീട് വിവാഹ മോചനം നേടി.

1997-ൽ പുറത്തിറങ്ങിയ വിരാസത് എന്ന ചിത്രത്തിലൂടെ ആണ് പൂജ അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. അനിൽ കപൂർ, തബു എന്നിവർക്കൊപ്പം സഹനടിയുടെ റോളിലെത്തിയ പൂജയുടെ അഭിനയം ശ്രദ്ധ നേടുകയുണ്ടായി. പിന്നീട് നായികാ വേഷങ്ങളും പൂജയെ തേടിയെത്തി. സുനിൽ ഷെട്ടിയോടൊപ്പം അഭിനയിച്ച ഭായ്, സഞ്ജയ് ദത്തിനൊപ്പം അഭിനയിച്ച ഹസീന മാൻ ജായേഗി തുടങ്ങിയവ വിജയ ചിത്രങ്ങളായിരുന്നു.

ബോളിവുഡ് ചിത്രങ്ങൾക്ക് പുറമേ മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലെ ചിത്രങ്ങളിലും പൂജ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മോഹൻ‌ലാലിനൊപ്പം ചന്ദ്രലേഖ എന്ന ചിത്രത്തിലും മമ്മൂട്ടിക്കൊപ്പം മേഘം എന്ന ചിത്രത്തിലും ജയറാമിനൊപ്പം ദൈവത്തിന്റെ മകൻ എന്ന ചിത്രത്തിലും പൂജ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook