/indian-express-malayalam/media/media_files/uploads/2019/04/prakash-raj.jpg)
"ഒരു ദിവസമല്ല, 15 വർഷമാണ് എനിക്ക് മുന്നിൽ ബാക്കിയുള്ളത്," ഇലക്ഷൻ ക്യാംപെയിനിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാര്‍ഥിയും നടനുമായ പ്രകാശ് രാജ് പറയുന്നു. ഇന്ത്യൻ എക്സ്‌പ്രസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഒരു ദിവസമല്ല എനിക്കു മുന്നിൽ ബാക്കിയുള്ളത്, 15 വർഷമാണ്. ഇതാണ് എന്റെ ജീവിതരീതി. ഇതൊരു തുടക്കം കൂടിയാണ്. ഒരു ദിവസമാണ് ഇലക്ഷൻ ക്യാംപെയിനിന് ബാക്കിയുള്ളത്. ഞാനെന്റെ പരിശ്രമം തുടരും, ജനങ്ങളുമായുള്ള സംവാദം തുടരും. എനിക്കറിയണം, നമുക്കറിയണം, എത്ര പേർ ബദൽ രാഷ്ട്രീയത്തിന് അനുകൂലിക്കുന്നുവെന്ന്. എത്രപേരുണ്ടെന്നതിന് അനുസരിച്ചു വേണം അടുത്ത ചുവടുവെപ്പ് തീരുമാനിക്കാൻ," പ്രകാശ് രാജ് പറഞ്ഞു.
Read more: ബിജെപിയെ തകര്‍ക്കണമെന്നുണ്ടെങ്കില്‍ കോണ്‍ഗ്രസിന് എന്നെ പിന്തുണക്കാം: പ്രകാശ് രാജ്
"നിങ്ങളെന്നെ ഒരു സിനിമാതാരമായി കാണുന്നതെന്താണ്? സിനിമാതാരത്തിൽ നിന്നും രാഷ്ട്രീയക്കാരനിലേക്ക് എന്ന ഈ പരിവർത്തനമെന്നത് എന്റെ സ്വാതന്ത്ര്യമാണ്. ഞാനഭിനയിച്ച കഥാപാത്രങ്ങളുടെ പേരിലാണ് നടനായി അറിയപ്പെടുന്നത്. പക്ഷേ ഞാൻ എടുത്ത നിലപാടുകളുടെ പുറത്തും ഈ രാജ്യത്തിന് എന്നെയറിയാം. ഞാൻ ദത്തെടുത്ത ഗ്രാമങ്ങൾ, സാമൂഹിക പ്രവർത്തനങ്ങൾ, പിറകിൽ ഉപേക്ഷിക്കുന്ന എന്റെ കംഫർട്ട് സോൺ- അതും ജനങ്ങൾക്കറിയാം. ഞാൻ സംസാരിക്കുന്നത് എങ്ങനെ അഭിനയിക്കണം, എങ്ങനെ സംഗീതം ഉണ്ടാക്കാം എന്ന കാര്യങ്ങളെ കുറിച്ചല്ല. പകരം ജലപ്രതിസന്ധി എങ്ങനെ പരിഹരിക്കാം എന്നതിനെ കുറിച്ചാണ്. തൊഴിൽ പ്രതിസന്ധികൾ എങ്ങനെ പരിഹരിക്കാം എന്നാണ്. അത് അഭിനയമല്ല, ഇതൊരു ചിന്താപ്രക്രിയയാണ്," ഒരു സിനിമാ താരത്തിൽ നിന്നും രാഷ്ട്രീയക്കാരനിലേക്കുള്ള യാത്രയെ പ്രകാശ് രാജ് വിലയിരുത്തിയത് ഇങ്ങനെ.
Read more: അച്ഛന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍: പ്രകാശ് രാജിന്റെ മകള്‍ പൂജ സംസാരിക്കുന്നു
കമലഹാസൻ, രജനീകാന്ത് ഇപ്പോൾ ഇതാ താങ്കളും, സിനിമാ താരങ്ങൾ രാഷ്ട്രീയത്തിലേക്കു വരേണ്ട ആവശ്യകതയുണ്ടോ? എങ്ങനെ നോക്കി കാണുന്നു?
"വക്കീലന്മാർ രാഷ്ട്രീയത്തിലേക്ക് വരേണ്ടതുണ്ടോ? ഡോക്ടർമാർ മത്സരിക്കണമെന്നത് നിർബന്ധമുണ്ടോ? നിങ്ങൾ ഈ ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടോ? നമ്മളെല്ലാവരും ഈ രാജ്യത്തെ പൗരന്മാരാണ്. എല്ലാവർക്കും അവരുടേതായ പ്രകടനപത്രികയുണ്ട്. അത് ഓരോരുത്തരും ജനങ്ങളിലെത്തിക്കട്ടെ, ജനങ്ങൾ തീരുമാനിക്കട്ടെ. ജനാധിപത്യത്തിൽ, നിങ്ങളൊരു തെറ്റായ വ്യക്തിയെ തിരഞ്ഞെടുത്താൽ നിങ്ങൾ തോൽക്കും, ശരിയായ മത്സരാർത്ഥിയെ തിരഞ്ഞെടുത്താൽ നിങ്ങൾ ജയിക്കും, അല്ലാതെ ഒരു രാഷ്ട്രീയ പാർട്ടിയും മത്സരാർത്ഥിയും ജയിക്കുകയോ തോൽക്കുകയോ ചെയ്യുന്നില്ല," പ്രകാശ് രാജ് കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.