തന്റെ പേരക്കുട്ടിയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് നടിയും രാഷ്ട്രീയപ്രവർത്തകയുമായ നഫീസ അലി. മൂന്നാംഘട്ടത്തിലെത്തിയ അർബുദരോഗം ശരീരത്തിന് അസ്വസ്ഥകൾ സമ്മാനിക്കുമ്പോഴും, ഒരു മുത്തശ്ശിയുടെ ഉത്തരവാദിത്വത്തോടെയും ആഗ്രഹത്തോടെയും മകളുടെ കുഞ്ഞിനെയും പ്രതീക്ഷിച്ചിരിക്കുകയാണ് ബോളിവുഡിന്റെ അഭിമാനമായ ഈ മുതിർന്ന താരം.

അടുത്തിടെയാണ് തനിക്ക് ക്യാൻസർ ആണെന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ നഫീസ അലി വെളിപ്പെടുത്തിയത്. ഒവേറിയൻ ക്യാൻസറിന്റെ മൂന്നാമത്തെ സ്റ്റേജിലാണ് രോഗം നിർണയിക്കപ്പെടുന്നത്. എന്റെ കുട്ടികളാണ് ക്യാൻസറിനെ അതിജീവിക്കാൻ എനിക്കു പ്രേരണയാവുന്നത്. എന്റെ മകൾ മൂന്നുമാസം ഗർഭിണിയാണ്. ജൂൺ ആദ്യവാരത്തോടെ പേരക്കുട്ടി വരും. എന്റെ മൂന്നാമത്തെ പേരക്കുട്ടിയ സ്വീകരിക്കാനായി ആരോഗ്യത്തോടെ ഞാനിരിക്കേണ്ടതുണ്ട്,” ഒരു മുത്തശ്ശിയുടെ ആകാംക്ഷയോടെയും വാത്സല്യത്തോടെയും നഫീസ അലി പറയുന്നു.

തനിക്ക് ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോൾ 75 കാരനായ​ ഭർത്താവ് കേണൽ ആർ എസ് സോധി തകർന്നു പോയെന്നും, കുടുംബം ഇപ്പോൾ തനിക്കു ചുറ്റുമാണ് ചലിക്കുന്നതെന്നും മുംബൈ മിററിന് നൽകിയ അഭിമുഖത്തിൽ അവർ പറയുന്നു. “അദ്ദേഹം എനിക്കായി ഇപ്പോൾ മരുന്നു എടുത്തു തരുന്നു, ഞാനത് കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നു. എന്റെ അസുഖവിവരം അറിഞ്ഞപ്പോൾ അദ്ദേഹം തകർന്നുപോയി. കുടുംബം ഇന്നെനിക്കു ചുറ്റുമാണ് ചലിക്കുന്നത്.”

സമൂഹമാധ്യമങ്ങളിൽ അസുഖവിവരം പങ്കുവെച്ച നഫീസ അലിയ്ക്ക് നിരവധിപേർ സ്നേഹവും പ്രാർത്ഥനകളും അറിയിച്ചിരുന്നു. ” ആളുകൾ എന്നെ ഇത്ര സ്നേഹിക്കുന്നു, അവരുടെ മനസ്സിൽ എന്നോട് ഇത്ര കരുതൽ ഉണ്ടായിരുന്നു എന്നൊന്നും എനിക്കറിയില്ലായിരുന്നു. അസുഖവിവരത്തെ കുറിച്ച് തുറന്നു പറഞ്ഞതുവഴി കൂടുതൽ പേർക്ക് അസുഖത്തെ കുറിച്ച് അറിയാൻ സാധിച്ചു എന്നറയുന്നതിലും സന്തോഷമുണ്ട്,” അവർ കൂട്ടിച്ചേർക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook