ചിത്രകാരനും സിനിമാ നടനുമായ പങ്കൻ താമരശ്ശേരി എന്നറിയപ്പെട്ടിരുന്ന പങ്കജാക്ഷന്‍ കാരാടി കഴിഞ്ഞ ദിവസം കോഴിക്കോട് അന്തരിച്ചു. 58 വയസ്സായിരുന്നു പ്രായം. കോഴിക്കോട് സ്വദേശിയായ പങ്കൻ നവയുഗ ആര്‍ട്‌സിന്റെ നാടക മല്‍സരങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്.

ചിത്രകാരൻ കൂടിയായ പങ്കൻ ആദ്യകാലത്ത് ബോർഡ് എഴുത്തുകാരനായും പോർട്രെയ്റ്റ് ചിത്രക്കാരനായും ജോലി ചെയ്തിരുന്നു. നവയുഗ ആര്‍ട്‌സിന്റെ നാടകനടനായും അനൗണ്‍സറായുമെല്ലാം ദീര്‍ഘകാലം പ്രവര്‍ത്തിച്ചതിനു ശേഷമാണ് സിനിമയിൽ എത്തുന്നത്.

രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’, ‘സ്പിരിറ്റ്’ എന്നീ ചിത്രങ്ങളിലും ‘കാറ്റ്’ എന്ന ചിത്രത്തിലുമൊക്കെ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ‘പാലേരി മാണിക്യത്തിൽ ഭ്രാന്തൻ കഥാപാത്രമായാണ് അഭിനയിച്ചത്. ‘പൈക്കുട്ടി’ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഒപ്പം ‘കായംകുളം കൊച്ചുണ്ണി’യടക്കം നിരവധി ടി.വി.സീരിയലുകളിലും പങ്കൻ അഭിനയിക്കുകയുണ്ടായി. മുഴക്കമുള്ള നല്ല ശബ്ദത്തിന് ഉടമയായ പങ്കൻ നിരവധി പരസ്യങ്ങൾക്കും ശബ്ദം നൽകിയിട്ടുണ്ട്.

താമരശ്ശേരി വടക്കേകാരാടിയിൽ പരേതനായ ഭാസ്‌ക്കരന്‍ നായരുടെയും നാരായണിയമ്മയുടെയും മകനാണ്. ഭാര്യ ലേഖ. വിഷ്ണുവും വിശാഖുമാണ് മക്കൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook