ബി ആർ ചോപ്രയുടെ മഹാഭാരതത്തിൽ കൃഷ്ണനായും നിരവധി പുരാണ സീരിയലുകളിൽ വിഷ്ണുവായും രാമനായുമൊക്കെ വേഷമിട്ട നിതീഷ് ഭരദ്വാജിനെ മലയാളികൾക്കിടയിൽ ഏറെ പരിചിതനാക്കുന്നത് പത്മരാജൻ ചിത്രമായ ‘ഞാൻ ഗന്ധർവ്വനി’ലെ ഗന്ധർവ്വൻ എന്ന കഥാപാത്രമാണ്. 12 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ താനും ഭാര്യ സ്മിത ഗേറ്റും വേർപിരിഞ്ഞുവെന്ന് വെളിപ്പെടുത്തുകയണ് താരമിപ്പോൾ.
മക്കളായ ദേവയാനിയും ശിവരഞ്ജനിയും ഇപ്പോൾ സ്മിതയ്ക്കൊപ്പം ഇൻഡോറിലാണെന്നും നിതീഷ് വ്യക്തമാക്കി. “2019 സെപ്റ്റംബറിൽ ഞാൻ മുംബൈയിലെ കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകി. ഞങ്ങൾ വേർപിരിഞ്ഞതിന്റെ കാരണങ്ങളിലേക്ക് കടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വിഷയം ഇപ്പോൾ കോടതിയിലാണ്. ചിലപ്പോൾ വിവാഹമോചനം മരണത്തേക്കാൾ വേദനാജനകമാണെന്ന് എനിക്ക് പറയാൻ കഴിയും,” ബോംബെ ടൈസിനോട് നിതീഷ് പറഞ്ഞതിങ്ങനെ.
നിതീഷിന്റെ രണ്ടാം ഭാര്യയാണ് സ്മിത ഗേറ്റ്. താരത്തിന്റെ ആദ്യവിവാഹവും പരാജയപ്പെട്ടിരുന്നു. ദാമ്പത്യമെന്ന വ്യവസ്ഥയിൽ വിശ്വസിക്കുന്ന ആളായിട്ടുപോലും തനിക്ക് അതിൽ തുടരാൻ ഭാഗ്യമില്ലായിരുന്നുവെന്നും നിതീഷ് പറഞ്ഞു.
ദാമ്പത്യം തകരുന്നതിന് പിന്നിൽ അനന്തമായ കാരണങ്ങളുണ്ടെന്നും ഓരോ ദാമ്പത്യവും പരാജയപ്പെടുമ്പോൾ ആത്യന്തികമായി അതുമൂലം ഏറെ കഷ്ടപ്പെടുന്നത് കുട്ടികളാണെന്നും നിതീഷ് കൂട്ടിച്ചേർത്തു. വിട്ടുവീഴ്ചയില്ലാത്ത മനോഭാവവും അനുകമ്പയുടെ അഭാവവും വ്യക്തിഗതമായ അഹങ്കാരവും സ്വയം കേന്ദ്രീകൃതമായി ചിന്തിക്കുന്നതുമൊക്കെ ദാമ്പത്യം തകരാനുള്ള കാരണങ്ങളായി മാറുന്നുവെന്നും നിതീഷ് പറയുന്നു.