മിമിക്രി വേദികളിലൂടെ ഉയർന്നു വന്ന താരമാണ് നിർമൽ പാലാഴി. ‘ഇങ്ങള് ഇത് എന്ത് തള്ളാണ് ബാബ്വേട്ടാ’ എന്ന കോഴിക്കോടൻ ഭാഷയിലുള്ള നിർമൽ പാലാഴിയുടെ ഡയലോഗ് ഇന്ന് മലയാളികൾക്ക് സുപരിചിതമാണ്. കരിയറിലെ കഷ്ടപ്പാടുകൾ നിറഞ്ഞ, വരുമാനമൊന്നും കാര്യമായി ഇല്ലാതിരുന്ന തുടക്കക്കാലത്താണ് പ്രണയിച്ച പെൺകുട്ടിയെ നിർമൽ ജീവിതസഖിയായി കൂടെ കൂട്ടുന്നത്.

നിർമലിന്റെയും ഭാര്യ അഞ്ജുവിന്റെയും വിവാഹജീവിതം വിജയകരമായി പത്താം വർഷത്തിൽ എത്തി നിൽക്കുന്പോൾ അന്ന് തന്നെ പുച്ഛിച്ചു തള്ളിയവരെയും രക്ഷപ്പെടില്ലെന്നു വിധിയെഴുതിയവരെയും ഓർക്കുകയാണ് നടൻ.

“ആ ചെക്കന്റെ കൂടെ ആ കുട്ടി എങ്ങനെ ജീവിക്കാൻ? ഒരു പ്രോഗ്രാം ചെയ്താൽ 500 രൂപ വൈകുന്നേരം ആയാൽ ഓനും സിൽബന്ധികളും ഗായത്രി ബാറിൽ (പൂട്ടി പോയി) ആണ്. അങ്ങനെ ഒരു ലക്ഷ്യവും ഇല്ലാതെ നടക്കുന്ന ഒരുത്തനെ എന്ത് കണ്ടിട്ട് ആണ് ഈ പെണ്ണ് സ്നേഹിച്ചത്. പ്രോഗ്രാം കഴിഞ്ഞു വരുമ്പോൾ ഹരീഷിനോട് പറഞ്ഞു: ‘ടാ എനിക്ക് തരൂല ന്നാ പറയുന്നത്’. ടാ സമാധാനപ്പെടു വഴിയുണ്ടാക്കാം എന്ന് അവൻ. ടീമിൽ അവനോടായിരുന്നു കാര്യങ്ങൾ മൊത്തം പറയാറ്.” ഇൻസ്റ്റഗ്രാമിൽ നിർമൽ കുറിക്കുന്നു. വിവാഹാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും നിർമൽ പങ്കുവച്ചിട്ടുണ്ട്.

“അവന്റെ കൂടെ എങ്ങനെ ജീവിക്കും ? ജീവിതം കഴിഞ്ഞു, തകർന്നു, തീർന്നു എന്നൊക്കെ പറഞ്ഞവരോട് ഇന്നേക്ക് 10 വർഷമായിട്ടൊ. നിങ്ങൾ പറഞ്ഞ തകർച്ച 10 കഴിഞ്ഞിട്ടു ആണോ? അതോ അതിന് മുന്നേ ആയിരുന്നോ? ജീവിതത്തിൽ 500 രൂപയിൽ നിന്ന് എന്തെങ്കിലും ഒരു കയറ്റം കിട്ടി മുന്നോട്ടു പോയിട്ടുണ്ടെൽ ഇതാ ഇവൾ ഇങ്ങനെ കട്ടക്ക് കൂടെ ഉള്ളത് കൊണ്ടാണ്. നിങ്ങൾ പറഞ്ഞപോലെ അവളുടെ ജീവിതം പോയിട്ടുണ്ടാവും എന്നാലും ‘ഈ പാവത്തിന്ന് ഒരു ജീവിതം കിട്ടി,” നിർമൽ കുറിക്കുന്നു.

Read more: ‘ആൽ’ക്കഹോളിക് പിഷാരടി ഏറെക്കുറേ ഇങ്ങനെയാണ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook