‘മണിയൻപിള്ള രാജുവിന്റെ മകൻ പൊലീസ് കസ്റ്റഡിയിൽ’ എന്ന രീതിയിൽ തന്നെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് മണിയൻ പിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ്. നാലു വർഷം മുൻപ് പൊലീസിൽ നിന്നും പെറ്റിയടിച്ചിട്ടുണ്ട് എന്ന ഒരു അഭിമുഖത്തിൽ താൻ പറഞ്ഞ വാക്കുകളാണ് ഇത്തരത്തിൽ വളച്ചൊടിക്കപ്പെട്ടതെന്ന് നിരഞ്ജ് വ്യക്തമാക്കുന്നു.
“ഞാൻ പൊലീസ് കസ്റ്റഡിയിൽ എന്നു പറഞ്ഞു കുറേ പേജുകളിൽ വാർത്ത വരുന്നുണ്ട്. 2018ൽ ഒരു പെറ്റി അടിച്ചതിനെ പറ്റി ഒരു അഭിമുഖത്തിൽ പറഞ്ഞതിനാണ് ഇങ്ങനെ. ഇനി ഭാവിയിൽ ഞാൻ കുട്ടിക്കാലത്ത് മരത്തിലേക്ക് കല്ലെറിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാൽ, മണിയൻപിള്ള രാജുവിന്റെ മകൻ ബഹിരാകാശത്തേക്ക് റോക്കറ്റ് വിട്ടെന്ന് ഇവരൊക്കെ എഴുതുമോ എന്തോ?,” നിരഞ്ജ് ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.
‘ബ്ലാക്ക് ബട്ടര്‍ഫ്ളൈ’ (2013) എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് നിരഞ്ജ്. ബോബി, ഡ്രാമ, സകല കലാശാല, സൂത്രക്കാരൻ തുടങ്ങിയ ഒരുപിടി ചിത്രങ്ങളിൽ നിരഞ്ജ് ഇതിനകം അഭിനയിച്ചു കഴിഞ്ഞു. അടുത്തിടെ റിലീസിനെത്തിയ ‘ഒരു താത്വിക അവലോകനം’ എന്ന ചിത്രത്തിലും നിരഞ്ജ് ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു.