അഴിമതിക്കെതിരെ പോരാടുന്ന ‘ഇന്ത്യൻ’ എന്ന കഥാപാത്രമായി കമൽഹാസൻ വിസ്മയം തീർത്ത ‘ഇന്ത്യൻ’ എന്ന സിനിമയുടെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത സിനിമാപ്രേമികൾ ആകാംക്ഷയോടെയാണ് കേട്ടത്. നയൻതാരയാണ് ചിത്രത്തിലെ നായികയെന്നും വാർത്തകളുണ്ടായിരുന്നു. ഹൈദരാബാദിൽ ‘ഇന്ത്യൻ 2’ വിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.
മലയാളികളുടെ പ്രിയനടൻ നെടുമുടി വേണുവും ഇന്ത്യൻ 2 വിൽ അഭിനയിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളാണ് തമിഴകത്തു നിന്നും ഇപ്പോൾ വരുന്നത്. ഇന്ത്യനിൽ സിബിഐ ഓഫീസറായ കൃഷ്ണസ്വാമി എന്ന കഥാപാത്രത്തെയാണ് നെടുമുടി വേണു കൈകാര്യം ചെയ്തത്. ഇന്ത്യൻ 2 വിലും അതേ കഥാപാത്രമായി നെടുമുടി വേണുവിനെ കാണാം എന്നാണ് തമിഴകത്തു നിന്നുള്ള റിപ്പോർട്ടുകൾ.
Actor Nedumudi Venu will return for #KamalHaasan's #Indian2, to reprise the character of the investigation officer who tries to track down #Indian.. Super!
— Kaushik LM (@LMKMovieManiac) September 7, 2018
1996 ലാണ് ശങ്കറിന്റെ സംവിധാനത്തിൽ കമൽഹാസൻ നായകനായി ഒരുങ്ങിയ ‘ഇന്ത്യനി’ൽ നെടുമുടി വേണു അഭിനയിക്കുന്നത്. “ഇനി നിങ്ങൾക്ക് മലയാളത്തിൽ തെളിയിക്കാൻ ഒന്നുമില്ല, തമിഴിലോട്ട് വരൂ, അവിടെയുള്ളവർക്ക് നിങ്ങൾ ഒരു അത്ഭുതമായിരിക്കും ഉറപ്പ്’ എന്നു പറഞ്ഞ് ‘ഇന്ത്യനി’ലേക്ക് നെടുമുടിയെ ക്ഷണിക്കുന്നത് കമൽഹാസനാണ്.
ഒടുവിൽ, കമൽഹാസന്റെ സ്നേഹപൂർവ്വമുള്ള നിർബന്ധത്തിനു വഴങ്ങി ‘ഇന്ത്യനി’ലെ സിബിഐ ഓഫീസറായ കൃഷ്ണസ്വാമിയുടെ വേഷം നെടുമുടി വേണു ഏറ്റെടുക്കുകയായിരുന്നു. കമൽഹാസന്റെ പ്രവചനം പോലെ തന്നെ തമിഴരെ ഒന്നടക്കം വിസ്മയിപ്പിക്കാനും തമിഴകത്തിന്റെ മുഴുവൻ സ്നേഹവും ആദരവും നേടിയെടുക്കാനും ആ ചിത്രത്തിലൂടെ നെടുമുടിക്ക് സാധിച്ചു. ഇന്ത്യനിലെ അഭിനയത്തിന് കമൽഹാസന് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.
200 കോടി ബജറ്റിലാണ് ‘ഇന്ത്യൻ 2’ ഒരുങ്ങുന്നത്. പ്രശസ്ത നിർമ്മാതാവ് ദിൽരാജുവാണ് ചിത്രത്തിന് പണം മുടക്കുന്നത്. എ.ആർ.റഹ്മാനാണ് സംഗീതം.