ഡയാന മറിയം കുര്യൻ എന്ന തിരുവല്ലക്കാരി, നയൻതാര എന്ന ദക്ഷിണേന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാറായത് ഒറ്റരാത്രികൊണ്ടല്ല. അതിന് പിന്നിൽ ഏറെ കഠിനാധ്വാനവും കാത്തിരിപ്പുമുണ്ട്. വിവാദങ്ങൾക്കും വിമർശനങ്ങൾക്കും കാതുകൊടുക്കാതെ തന്റെ ജോലിയിൽ നൂറ് ശതമാനം ആത്മാർഥത കാണിച്ച അഭിനേത്രിയാണ് നയൻതാര. തുടക്കം മുതലേ ഗ്ലാമർ വേഷങ്ങളുടെ പേരിലും, പ്രണയങ്ങളുടെ പേരിലുമെല്ലാം ഗോസിപ്പ് കോളങ്ങളിലും നയൻതാര എന്ന പേര് സജീവമായിരുന്നു. എന്നാൽ ഇതൊന്നും താരത്തേ ബാധിച്ചതേയില്ല.

Read More: വിഘ്നേഷുമായുള്ള പ്രണയത്തെക്കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞ് നയൻതാര, വീഡിയോ

ഒരു പഴയ അഭിമുഖത്തിൽ തന്റെ വിവാഹ സ്വപ്നങ്ങളെ കുറിച്ചും ജോലിയെ കുറിച്ചും വിവാദങ്ങളേയും വിമർശനങ്ങളേയും കുറിച്ചുമെല്ലാം നയൻതാര പറഞ്ഞത് ഇങ്ങനെയായിരുന്നു.

“എന്റെ വീട്ടുകാർക്കു കൂടി ഇഷ്ടപ്പെടുന്ന ഒരാളെയേ ഞാൻ വിവാഹം കഴിക്കൂ. എനിക്കൊരാളോട് സ്നേഹം തോന്നിയാൽ ഞാനെന്റെ അച്ഛനോടും അമ്മയോടും പറയും. അവർ സമ്മതിച്ചില്ലെങ്കിൽ ഒളിച്ചോടിപ്പോയി വിവാഹം കഴിക്കില്ല. എന്റെ വീട്ടുകാർ എന്നെ അങ്ങനെയല്ല വളർത്തിയിരിക്കുന്നത്. ”

ആരെയും അറിയിയ്ക്കാതെ താൻ കല്യാണം കഴിക്കില്ലെന്നും തന്റെ വിവാഹത്തെ കുറിച്ച് വരുന്ന വാർത്തകളിൽ യാതൊരു കഴമ്പുമില്ലെന്നും നയൻതാര പറയുന്നു.

“വിവാഹം കഴിക്കുന്നത് നിങ്ങളെ ഭാര്യാ-ഭർത്താക്കന്മാരായി സമൂഹം കൂടി അംഗീകരിക്കാനാണ്. അപ്പോൾ പിന്നെ ആരേയും അറിയിക്കാതെ പോയി കല്യാണം കഴിക്കുന്നത് എന്തിനാണ്. അത് ഞാൻ ചെയ്യില്ല.”

മാധ്യമങ്ങൾ അനാവശ്യമായ വാർത്ത കൊടുക്കുമ്പോളാണ് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാകുന്നതെന്നും, ഇതുകൊണ്ടാണ് താൻ അഭിമുഖങ്ങൾ കൊടുക്കാത്തതെന്നും നയൻതാര പറയുന്നു.

“ഞാൻ അഭിമുഖം കൊടുക്കാതിരിക്കുമ്പോൾ മാധ്യമങ്ങൾ എന്നെ കുറിച്ച് അവർക്ക് തോന്നുന്നത് എഴുതും. അത് കണ്ട് ഞാൻ പ്രകോപിതയാകുമെന്നും പ്രതികരിക്കുമെന്നും കരുതിയിട്ടാകണം. പക്ഷെ എനിക്ക് സംസാരിക്കണം എന്ന് തോന്നുമ്പോഴല്ലാതെ ഞാൻ മിണ്ടില്ല. എന്നെ പ്രകോപിതയാക്കാനും കഴിയില്ല. ടാക്സിയിലൊക്കെ കയറുമ്പോൾ ഭർത്താവിനെ കുറിച്ച് പലരും ചോദിക്കും. വിവാഹിതയല്ലെന്നും പറയുമ്പോൾ, വാർത്തയിൽ കണ്ടല്ലോ എന്നാണ് മറുപടി. അപ്പോൾ ശരിയായ വാർത്തകൾ കൊടുത്ത് അവരുടെ വിശ്വസ്തത നിലനിർത്താൻ ശ്രമിക്കേണ്ടത് മാധ്യമങ്ങളാണ്, ഞാനല്ല.”

തെന്നിന്ത്യൻ സിനിമാലോകം കാത്തിരിക്കുന്ന താരവിവാഹമാണ് നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും. ഇരുവരുടെയും വിവാഹത്തെ കുറിച്ച് നിരവധി വാർത്തകൾ പുറത്തുവരുന്നുണ്ട്. പക്ഷേ ഇവർ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

‘നാനും റൗഡി താൻ’ എന്ന ചിത്രം വിഘ്നേഷ് ശിവന്റെ ജീവിതത്തിലെ ഒരു നിർണായകമായ ചിത്രമായിരുന്നു. കരിയറിൽ ഏറെ ബ്രേക്ക് നൽകിയ ചിത്രം, വിഘ്നേഷിന്റെയും നയൻതാരയുടെയും പ്രണയത്തിന്റെ തുടക്കവും ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook