scorecardresearch

കമൽ സാറിന് നാഷണൽ അവാർഡ് നഷ്ടമായപ്പോൾ റോഡിലിരുന്ന് കരഞ്ഞയാളാണ് ഞാൻ: നരേൻ

"എങ്ങനെയാണ് കമൽ ഫാൻ ആകാതിരിക്കുക. സിനിമയുടെ നിഘണ്ടു അല്ലേ അദ്ദേഹം?"

"എങ്ങനെയാണ് കമൽ ഫാൻ ആകാതിരിക്കുക. സിനിമയുടെ നിഘണ്ടു അല്ലേ അദ്ദേഹം?"

author-image
Entertainment Desk
New Update
Kamal Haasan | Narain

വിക്രം ഓർമകളിൽ നരേൻ

ഉലകനായകൻ കമലഹാസന്റെ കടുത്ത ആരാധകനാണ് നടൻ നരേൻ. വിക്രം എന്ന ചിത്രത്തിൽ കമൽഹാസനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത്  ഒരു അഭിനേതാവ് എന്ന നിലയിലുള്ള തന്റെ സ്വപ്നസാക്ഷാത്കാര നിമിഷമാണെന്ന് നരേൻ പറഞ്ഞിരുന്നു. കമൽഹാസനോടുള്ള തന്റെ ആരാധന പന്ത്രണ്ടാം വയസ്സിൽ തുടങ്ങിയതാണെന്നും അദ്ദേഹത്തിനൊരിക്കൽ നാഷണൽ അവാർഡ് കയ്യെത്തും ദൂരെ നിന്ന് നഷ്ടമായപ്പോൾ താനേറെ സങ്കടപ്പെട്ടിരുന്നുവെന്നും തുറന്നു പറയുകയാണ് നരേൻ.

Advertisment

"പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ് ആ സംഭവം നടക്കുന്നത്. അന്നേ കടുത്ത കമൽഫാനാണ് ഞാൻ. ആ വർഷം കമൽ സാറിനാണ് നാഷണൽ അവാർഡ് എന്ന ശ്രുതി പരന്നു. ഞാനും സുഹൃത്തും കൂടി ഇതൊക്കെ പറഞ്ഞ് തൃശ്ശൂർ സെന്റ് തോമസ് കോളേജിന്റെ മുന്നിലൂടെ നടന്നു വരുമ്പോഴാണ് ആ വാർത്ത അറിഞ്ഞത്. അദ്ദേഹത്തിന് നാഷണൽ അവാർഡ് ഇല്ല. ഫുട്പാത്തിൽ ഇരുന്ന് ഞാൻ കരയാൻ തുടങ്ങി. കൂട്ടുകാരൻ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ കരച്ചിൽ തുള്ളി പോലും കുറഞ്ഞില്ല. ഇന്നും ആ ആരാധന കൂടിയിട്ടേയുള്ളൂ," വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ നരേൻ പറഞ്ഞു.

"ചെന്നൈയിൽ എത്തിയ കാലത്തെടുത്ത ഒരു തീരുമാനമുണ്ട്. കമൽ സാറിന്റെ ഓഫീസിന്റെ പരിസരത്തേ താമസിക്കൂ. തിരികെ പോരും വരെ അങ്ങനെ തന്നെയായിരുന്നു. എങ്ങനെയാണ് ഫാൻ ആകാതിരിക്കുക. സിനിമയുടെ നിഘണ്ടു അല്ലേ അദ്ദേഹം. ലൈറ്റിനെ കുറിച്ചു മുതൽ സ്റ്റണ്ടിനു വേണ്ടിയുള്ള പുതിയ ഉപകരണത്തെ കുറിച്ചുവരെ ധാരണയുണ്ട്. കമൽ സാറുമൊത്തുള്ള കോമ്പിനേഷൻ സീനുകളിൽ കിട്ടിയ സമയം കൊണ്ട് അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ചും ലോക സിനിമകളെ കുറിച്ചും ചോദിച്ചറിഞ്ഞു. ഏഴാം ക്ലാസ് മുതൽ കമൽ സാറിനെ മനസ്സിൽ കൊണ്ടു നടക്കുന്ന എനിക്ക് ആ നിമിഷങ്ങൾ ഏറെ വിലപ്പെട്ടതും ഹൃദയത്തോട് ചേർന്നു നിൽക്കുന്നതുമാണ്," നരേൻ കൂട്ടിച്ചേർത്തു.

2002ല്‍ നിഴല്‍ക്കൂത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു നരേന്റെ സിനിമ അരങ്ങേറ്റം. ഫോര്‍ ദ പീപ്പിള്‍, അച്ചുവിന്റെ അമ്മ, ക്ലാസ്‌മേറ്റ്‌സ്, പന്തയക്കോഴി, മിന്നാമിന്നിക്കൂട്ടം, ഭാഗ്യദേവത, റോബിന്‍ഹുഡ്, അയാളും ഞാനും തമ്മില്‍, ത്രീ ഡോട്ട്‌സ്, കവി ഉദ്ദേശിച്ചത്, ഒടിയന്‍ എന്നിവയൊക്കെ നരേന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. മലയാളത്തിനു പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സജീവമാണ് നരേൻ. കമൽഹാസൻ ചിത്രം വിക്രം, ജൂഡ് ആന്റണി ചിത്രം 2018 എന്നിവയാണ് ഏറ്റവും ഒടുവിൽ റിലീസിനെത്തിയ നരേൻ ചിത്രങ്ങൾ.

Advertisment

മീര ജാസ്മിനും നരേനും നായികാനായകന്മാർ ആവുന്ന ക്വീൻ എലിസബത്ത് ആണ് റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.

Kamal Haasan Fan Boy Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: