മൂന്നര പതിറ്റാണ്ടുകാലം മലയാള സിനിമ, നാടക, സാഹിത്യരംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന മുരളിയുടെ ജന്മദിനമാണ് ഇന്ന്. ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് ഇന്ന് 64 വയസ് തികയുമായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200ലേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നാണ് അദ്ദേഹം അരങ്ങൊഴിഞ്ഞത്.

1979ല്‍ ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടി എന്ന ചിത്രത്തിലൂടെയാണ് മുരളി സിനിമയിലേക്കെത്തുന്നത്. പക്ഷേ ആ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് അരവിന്ദന്റെ ചിദംബരം എന്ന ചിത്രത്തിലും, തുടര്‍ന്ന് മീനമാസത്തിലെ സൂര്യന്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. ഹരിഹരന്റെ പഞ്ചാഗ്‌നിയാണ് ആദ്യം റിലീസായ ചിത്രം.

മുരളി ഒരു താരമോ നായകനോ ആയിരുന്നില്ല, പക്ഷെ മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച നടനായിരുന്നു. വാണിജ്യ സിനിമകളേയും കാലമൂല്യമുള്ള സിനിമകളേയും ഒരു പോലെ കണ്ട വ്യക്തിത്വം. മലയാളസിനിമയുടെ കരുത്തുറ്റ മുഖം.

1954ല്‍ കൊല്ലം ജില്ലയിലെ കുടവട്ടൂരിലാണ് മുരളിയുടെ ജനനം. ചെറുപ്പത്തിലേ നാടകത്തില്‍ തല്പരനായിരുന്നു അദ്ദേഹം. കുടവട്ടൂര്‍ എല്‍പി സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് അദ്ധ്യാപകന്‍ സ്‌കൂളില്‍ അവതരിപ്പിച്ച നാടകത്തിലെ ബാലതാരമായാണ് മുരളി ആദ്യം സ്റ്റേജിലെത്തുന്നത്.

ആധാരത്തിലെ ബാപ്പുട്ടി, അമരത്തിലെ കൊച്ചുരാമന്‍, വെങ്കലത്തിലെ ഗോപാലന്‍ മൂശാരി, ആകാശദൂതിലെ ജോണി, വളയത്തിലെ ശ്രീധരന്‍ അങ്ങനെ നിരവധി കഥാപാത്രങ്ങളാണ് വെള്ളിത്തിരയില്‍ മുരളി അനശ്വരമാക്കിയത്. അഞ്ജലി മേനോന്റെ മഞ്ചാടിക്കുരുവായിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം.

മുരളിക്ക് ആദ്യമായി ദേശീയ പുരസ്കാരം നേടിക്കൊടുത്തത് പ്രിയനന്ദൻ ഒരുക്കിയ നെയ്ത്തുകാരൻ എന്ന ചിത്രമായിരുന്നു. പിന്നീട് പ്രിയനന്ദന്റെ തന്നെ പുലിജന്മത്തിലും നായകനായി എത്തിയത് മുരളി തന്നെയായിരുന്നു. ഈ ചിത്രത്തിലെ പ്രകാശൻ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രകാശനായും കാരി ഗുരുക്കളായും വ്യത്യസ്തമായ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് മുരളി അവതരിപ്പിച്ചത്.

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഒരു തവണയും, സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നാലു തവണയും നേടിയിട്ടുണ്ട് ഈ കലാകാരന്‍. 2009 ഓഗസറ്റ് ആറിനാണ് ആ വലിയ കലാകാരന്‍ അരങ്ങൊഴിഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ