നടി മുക്തയുടെ മകൾ കണ്മണിയെന്ന കിയാരയുടെ നാലാം പിറന്നാൾ ആണിന്ന്. മകൾക്ക് പിറന്നാൾ സമ്മാനമായി അതിമനോഹരമായൊരു നൃത്ത വീഡിയോ തന്നെ സമ്മാനിക്കുകയാണ് നടി. ‘പെരുമഴക്കാലം’ എന്ന ചിത്രത്തിലെ ‘ചെന്താർമിഴി… പൂന്തേൻ മൊഴി, കണ്ണിനു കണ്ണാം എൻ കൺമണി….’ എന്ന പാട്ടിന് അനുസരിച്ച് ചുവടുവെയ്ക്കുകയാണ് മുക്ത. അമ്മയ്ക്കൊപ്പം നൃത്തചുവടുകളുമായി കൺമണിയേയും കാണാം വീഡിയോയിൽ.
മകൾക്കായി ഒരുക്കിയ പിറന്നാൾ കേക്കിന്റെ ചിത്രവും മുക്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
കൺമണിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് അമ്മായി കൂടിയായ റിമിയും ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ ഭർത്താവ്. കൺമണിയ്ക്കായി സ്വന്തം കൈകൊണ്ട് ഒരു കേക്ക് ബേക്ക് ചെയ്യാൻ പറ്റിയ സന്തോഷം പങ്കുവയ്ക്കുകയാണ് റിമി.
Read more: ഓണാഘോഷത്തിനിടെ മുക്തയ്ക്ക് ഒപ്പം ചുവടു വെച്ച് റിമി ടോമി
കോലഞ്ചേരിയിൽ ജോർജ്ജിന്റെയും സാലിയുടെയും രണ്ടു മക്കളിൽ ഇളയവളാണ് മുക്ത ജോർജ്. യഥാർഥ പേര് എൽസ ജോർജ്. ലാൽ ജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മുക്ത ജോർജ്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ‘ഗോൾ’, ‘നസ്രാണി’, ‘ഹെയ്ലസാ’, ‘കാഞ്ചീപുരത്തെ കല്യാണം’ തുടങ്ങി നിരവധി ചിത്രങ്ങളിൽ മുക്ത അഭിനയിച്ചു. കുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലും മുഖ്യ വേഷങ്ങളിലെത്തിയ സ്പൂഫ് ചിത്രം ചിറകൊടിഞ്ഞ കിനാക്കൾ ആണ് മുക്തയുടേയാതി അവസാനം തിയേറ്ററിൽ എത്തിയ സിനിമ.
2015ലായിരുന്നു മുക്തയുടെയും റിങ്കുവിന്റെയും വിവാഹം. അടുത്തിടെ, അഞ്ച് വർഷങ്ങൾക്ക് മുൻപുള്ള തങ്ങളുടെ പെണ്ണുകാണൽ ചടങ്ങിന്റെ ചിത്രങ്ങളും ഓർമകളും മുക്ത പങ്കുവച്ചിരുന്നു.
വിവാഹശേഷം അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്ത മുക്ത അടുത്തിടെ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു. സീരിയലിലൂടെയായിരുന്നു മുക്ത തിരിച്ചെത്തിയത്. കേരളം അടുത്തകാലത്ത് ഏറെ ചർച്ച ചെയ്ത കൂടത്തായി കൊലപാതക പരമ്പരയുടെ പിന്നാമ്പുറകഥകൾ പറയുന്ന ‘കൂടത്തായി’ എന്ന സീരിയലിൽ ജോളി എന്ന കഥാപാത്രത്തെയാണ് മുക്ത അവതരിപ്പിച്ചത്.
Read more: എന്റെ പെണ്ണുകാണൽ ഓർമകൾ; ചിത്രങ്ങൾ പങ്കു വച്ച് മുക്ത